
കോട്ടയം: നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്കൊപ്പം നിൽക്കുന്നവരെ അപകീർത്തിപ്പെടുത്താൻ വ്യാജ വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്ന കേസിൽ പി സി ജോര്‍ജിന്‍റെ മകന്‍ ഷോൺ ജോർജിനെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്. നാളെ കോട്ടയം ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാൻ നോട്ടീസ് നൽകി. കേസിൽ കഴിഞ്ഞ ദിവസം ഷോണിന്‍റെ വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു. മാധ്യമ പ്രവർത്തകരും അന്വേഷണ ഉദ്യോഗസ്ഥരും ചേർന്ന് ദിലീപിനെതിരെ ഗൂഢാലോചന നടത്തിയെന്ന വ്യാജ ആപ്പ് ഗ്രൂപ്പിന്‍റെ സ്ക്രീൻ ഷോട്ട് ദിലീപിന്‍റെ സഹോദരൻ അനൂപിന് ഷോൺ അയച്ചതാണ് കേസിന് ആധാരം. എന്നാൽ ക്രൈാംബ്രാഞ്ച് ഹാജരാക്കാൻ ആവശ്യപ്പെട്ട ഫോൺ 2019ൽ കാണാതായെന്നാണ് ഷോൺ ജോർജ് പറയുന്നത്.
ദിലീപിന്‍റെ സഹോദരൻ അനൂപിന്‍റെ ഫോണിൽ നിന്ന് കണ്ടെത്തിയ വ്യാജ വാട്സ് ആപ്പ് ഗ്രൂപ്പിനെക്കുറിച്ചുള്ള അന്വേഷണത്തിനാണ് ഷോൺ ജോർജീന്‍റെ ഈരാറ്റുപേട്ടയിലെ വീട്ടിൽ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയത്. അനൂപിന് സ്ക്രീൻ ഷോട്ട് അയച്ചത് ഷോൺ ജോർജിന്‍റെ ഐ ഫോണിൽ നിന്നാണെന്നാണ് കണ്ടെത്തിൽ. ഈ ഫോൺ കണ്ടെത്താനായിട്ടായിരുന്നു പരിശോധന. ഈരാട്ടുപേട്ടയിലെ വീട്ടിലും പി സി ജോർജിന്‍റെ ഓഫീസിലും പരിശോധന നടന്നു. റെയ്ഡിൽ ചില ഫോണുകളും, ഐപാഡും സംഘം കസ്റ്റഡിയിലെടുത്തു. എന്നാൽ കുട്ടികൾക്ക് പഠിക്കാനുള്ള ഐപാട് കൊണ്ടുപോകാനാകില്ലെന്ന് പി സി ജോർജ് അന്വേഷണ സംഘത്തെ അറിയിച്ചു. ക്രൈംബ്രാഞ്ച് ആവശ്യപ്പെടുന്ന ഐ ഫോൺ 2019 ൽ തന്നെ നഷ്ടമായെന്നും അത് കണ്ടെത്താൻ കോട്ടയം എസ്പിയ്ക്ക് പരാതി നൽകിയിരുന്നതായും പി സി ജോർജ് വ്യക്തമാക്കി.
ദിലീപിനെ പൂട്ടണം എന്ന പേരിൽ നിർമ്മിച്ചിട്ടുള്ള വാട്സ് ആപ്പ് ഗ്രൂപ്പിൽ ബി സന്ധ്യ ഐപിഎസ്, അതിജീവിതയുടെ അഭിഭാഷക, ബൈജു കൊട്ടാരക്കര, ആലപ്പി അഷ്റഫ് എന്നിവരും ഏതാനും മാധ്യമ പ്രവർത്തകരും ഉണ്ടായിരുന്നു. എന്നാൽ ഇത്തരം ഒരു ഗ്രൂപ്പിലും തങ്ങൾ ചേർന്നിട്ടില്ലെന്ന് സാക്ഷികൾ മൊഴി നൽകിയിട്ടുണ്ട്. അതിജീവിതയ്ക്ക് ഒപ്പം നിൽക്കുന്നവരെ അപകീർത്തിപെടുത്തി കേസ് അട്ടിമറിക്കാനും ദിലീപിനെതിരെ ഗൂഡാലോചന നടന്നെന്ന് വരുത്താനും വ്യാജമായി നിർമ്മിച്ചാതണ് ഈ ഗ്രൂപ്പ് എന്നാണ് ക്രൈാംബ്രാഞ്ച് പറയുന്നത്. ബൈജു കൊട്ടാരക്കരയുടെ പരാതയിൽ വ്യാജരേഖ നിർമ്മിക്കൽ, അപകീർത്തിപ്പെടുത്തൽ അടക്കമുള്ള വകുപ്പ് ചേർത്താണ് അന്വേഷണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam