വയനാട് അമ്പലവയൽ പൊന്മുടികോട്ട മലമുകളിൽ കുടുങ്ങിയ യുവാക്കളെ രക്ഷപ്പെടുത്തി

വയനാട്: വയനാട് അമ്പലവയൽ പൊന്മുടികോട്ട മലമുകളിൽ കുടുങ്ങിയ യുവാക്കളെ രക്ഷപ്പെടുത്തി. കല്ലൂർ സ്വദേശികളായ മുബഷിർ, മുഹമ്മദ്‌ മുൻദീർ എന്നിവരാണ് മലമുകളിൽ കുടുങ്ങിയത്. രക്ഷാദൗത്യം നടന്നത് ഇന്നലെ രാത്രിയിലാണ്. ഇന്നലെ ഉച്ചയോടെയാണ് ഇവർ മലമുകളിൽ കയറിയത്. തുടർന്ന് യുവാക്കൾ മലയുടെ കിഴക്കേ ചരുവിലെ ഗോവിന്ദമൂല ചിറ ഭാഗത്തേക്ക് ഇറങ്ങി. എന്നാൽ അടിവാരത്തേക്ക് എത്താൻ കഴിഞ്ഞില്ല. ഇതോടെ വീണ്ടും മല മുകളിലേക്ക് തന്നെ കയറിയപ്പോഴേക്കും ഇരുട്ടായി. പുലി, കാട്ടുപോത്ത് തുടങ്ങിയ വന്യമൃഗങ്ങളുടെ സഞ്ചാര പാതയാണ് ഈ മലഞ്ചെരുവ്. വഴി തെറ്റിയത് മനസ്സിലാക്കിയ യുവാക്കൾ രാത്രി ഏഴു മണിയോടെ ഫോണിൽ വിളിച്ച് ഫയർ ഫോഴ്സിന്റ സഹായം തേടുകയായിരുന്നു. സുൽത്താൻ ബത്തേരി അഗ്നിരക്ഷാ നിലയത്തിൽ നിന്നുള്ളവരും അമ്പലവയൽ പൊലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തി ഒൻപതരയോടെ ഇരുവരെയും കണ്ടെത്തി താഴെ എത്തിച്ചു.