
തിരുവനന്തപുരം: യുഎഇ കോൺസുലേറ്റ് സ്വർണ്ണക്കടത്തു കേസിൽ ആരോപണവിധേയയായ സ്വപ്ന സുരേഷിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണവും. എയർ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ വ്യാജ പരാതി തയ്യാറാക്കിയതിലാണ് അന്വേഷണം. ഇതുമായി ബന്ധപ്പെട്ട് മൂന്നു പ്രാവശ്യം ക്രൈംബ്രാഞ്ച് ഇവരെ ചോദ്യം ചെയ്തിരുന്നു. തുടർന്നാണ് പ്രതിചേർക്കാൻ തീരുമാനമായത്. ഇന്ത്യ സാറ്റ്സിലെ ജീവനക്കാരിയായിരുന്നപ്പോഴാണ് ഇവർ വ്യാജപരാതി നൽകിയതും ആൾമാറാട്ടവും നടത്തിയതും എന്നാണ് വിവരം.
അതേസമയം, സ്വപ്നയ്ക്ക് പ്രൈസ് വാട്ടർ ഹൌസ് കൂപ്പർ കമ്പനിയുമായും ബന്ധമുണ്ടെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ ഇ മൊബിലിറ്റി പദ്ധതിയിലെ കരാറേറ്റെടുത്ത ലണ്ടൻ കമ്പനിയാണ് പ്രൈസ് വാട്ടർ ഹൌസ് കൂപ്പർ. ഈ കമ്പനിയുടെ റഫറൻസ് വഴിയാണ് സ്വപ്നയുടെ നിയമനം നടന്നതെന്നും അഭ്യൂഹമുണ്ട്. സ്വപ്നയ്ക്ക് കമ്പനിയുമായുള്ള ബന്ധത്തെക്കുറിച്ച് ഇന്റലിജൻസ് വിഭാഗം മെയ് മാസത്തിൽ സൂചന നൽകിയിരുന്നതായാണ് വിവരം.
സ്വർണത്തട്ടിപ്പിന്റെ മുഖ്യ ആസൂത്രകയെന്ന് കസ്റ്റംസ് വകുപ്പ് കണ്ടെത്തിയ സ്വപ്ന സുരേഷിനെ ഐടി വകുപ്പ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. സ്വർണ്ണക്കടത്ത് ആരോപണം മൂലമാണ് നടപടി എന്ന് ഐടി വകുപ്പ് അറിയിച്ചു. കെ എസ് ഐ ടി എൽ നു കീഴിൽ സ്പേസ് പാർക്കിന്റെ മാർക്കറ്റിംഗ് ലൈസൻ ഓഫീസർ ആയിരുന്നു സ്വപ്ന. താൽക്കാലിക നിയമനം ആയിരുന്നു ഇവരുടേത് എന്നും ഐ ടി വകുപ്പ് അറിയിച്ചു.
യുഎഇ കോൺസുലേറ്റിന്റെ ഡിപ്ലോമാറ്റിക് കാർഗോ ഉപയോഗിച്ച് 15 കോടി രൂപയുടെ സ്വർണം കടത്തിയ കേസിലാണ് സ്വപ്നയ്ക്കെതിരെ അന്വേഷണം നടക്കുന്നത്. കഴിഞ്ഞ മാസം 30ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ കാർഗോയിലാണ് സ്വർണം കണ്ടെത്തിയത്. സ്വപ്ന നേരത്തെ യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥയായിരുന്നു. തട്ടിപ്പ് വിവരം പുറത്തുവന്നതിനെത്തുടർന്ന് ഒളിവിൽ പോയ സ്വപ്നയ്ക്കായി തെരച്ചിൽ തുടരുകയാണ്. രാഷ്ട്രീയ, ഉദ്യോഗസ്ഥ തലങ്ങളിലൊക്കെയുള്ള തന്റെ ഉന്നത ബന്ധങ്ങൾ സ്വപ്ന തട്ടിപ്പിന് ഉപയോഗിച്ചതായി കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. പുറത്തെത്തിക്കുന്ന സ്വർണം ആർക്കെല്ലാമാണ് നൽകിയത് എന്നതും അന്വേഷണ പരിധിയിലാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam