
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ പൊലീസും പ്രോസിക്യൂഷനും ദിലീപിനെതിരെ ചുമത്തിയ ക്രിമിനല്‍ ഗുഢാലോചന വാദം കോടതിയില്‍ പൂര്‍ണമായും പൊളിഞ്ഞടുങ്ങി. ദിലീപിന്‍റെ ബുദ്ധിയിലുദിച്ച ക്വട്ടേഷന്‍ ബലാത്സംഗമാണ് നടിക്കുനേരെ നടന്നതെന്ന് തെളിയിക്കാന്‍ വിചാരണയുടെ ഒരു ഘട്ടത്തിലും പ്രോസിക്യൂഷന് സാധിച്ചില്ല. ഇതുപോലെ കെട്ടിച്ചമച്ചൊരു കേസ് മുന്‍പ് കണ്ടിട്ടില്ലെന്നായിരുന്നു ദിലീപിന്‍റെ അഭിഭാഷകന്‍ ബി രാമന്‍ പിള്ളയുടെ പ്രതികരണം.
നടിയോടുള്ള വ്യക്തി വൈരാഗ്യം, പകയായി. ആ പക വീട്ടാന്‍ പള്‍സര്‍ സുനിക്ക് കോടികള്‍ വാഗ്ദാനം ചെയ്ത് ദിലീപ് നടപ്പാക്കിയ ക്വട്ടേഷന്‍ ബലാത്സംഗം എന്നായിരുന്നു കേസ്. കേട്ടുകേള്‍വി പോലുമില്ലാത്ത കുറ്റകൃത്യമെന്ന് വിശേഷിപ്പിച്ചായിരുന്നു തുടക്കം മുതല്‍ കോടതിയില്‍ പ്രോസിക്യൂഷന്‍ വാദം. എന്നാല്‍ ദിലീപിനെതിരായ തെളിവുകളെന്ന പേരില്‍ കോടതിയിലെത്തിയതെല്ലാം പ്രതിഭാഗം പൊളിച്ചടുക്കി. സൗണ്ട് തോമ മുതല്‍ ജോര്‍ജേട്ടന്‍സ് പൂരം സിനിമവരെയുള്ള കാലയളവിലെ ദിലീപ്- പള്‍സര്‍ സുനി ബന്ധം ആധാരമാക്കിയാണ് ഗൂഢാലോചന തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ തുടക്കമിട്ടത്. ഇതിനായി ഇരുവര്‍ക്കുമിടയിലെ ദുരൂഹ കൂടിക്കാഴ്ചകളും, പണമിടപാടുകളുമെല്ലാം ഡിജിറ്റല്‍ രേഖകളായും ബാങ്ക് വിവരങ്ങളായുമെല്ലാം കോടതിയിലെത്തിച്ചു. ക്വട്ടേഷനെന്ന വാചകം തുടക്കം മുതല്‍ കേസില്‍ ഉയര്‍ന്നു കേട്ടു. പള്‍സര്‍ സുനി ജയിലില്‍ നിന്നെഴുതിയ കത്തടക്കം ദിലീപിനെതിരെ ആയുധമാക്കി. എന്നാല്‍ ഇതിലൊന്നും ദിലീപിനെ ശിക്ഷിക്കാന്‍ പാകത്തിലൊന്നുമില്ലെന്ന് കോടതിയെ ബോധിപ്പിക്കാന്‍ പ്രതിഭാഗത്തിനായി. ആദ്യഘട്ട കുറ്റപത്രത്തില്‍ ഉള്‍പ്പെട്ട പ്രതികള്‍ മാത്രമാണ് കുറ്റം ചെയ്തതെന്നും രണ്ടാംഘട്ടം പൂര്‍ണമായും ദിലപിനെ കുടുക്കുകയെന്ന ലഷ്യം വച്ചായിരുന്നുവെന്നും അഡ്വക്കറ്റ് ബി രാമന്‍ പിള്ള പറഞ്ഞു.
ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലായിരുന്നു രണ്ടാംഘട്ട അന്വേഷണത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. ദീലിപും സഹോദരനും നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ വീട്ടിലിരുന്ന് കണ്ടിരുന്നു എന്നും അതിന് താന്‍ സാക്ഷിയാണെന്നുമായിരുന്നു മൊഴി. എന്നാല്‍ അതേ ദിവസം ബാലചന്ദ്രകുമാര്‍ അന്വേഷണസംഘത്തിന് മുന്നിലായിരുന്നുവെന്ന് സമര്‍ത്ഥിക്കാന്‍ പ്രതിഭാഗത്തിനായി. ഡിജിറ്റല്‍ തെളിവുകള്‍ ദിലീപ് നശിപ്പിച്ചു എന്ന ബാലചന്ദ്രകുമാറിന്‍റെ മൊഴിയും കോടതിയില്‍ തെളിയിക്കാനായില്ല. 28 സാക്ഷികള്‍ കൂറുമാറിയതും സാഹചര്യ തെളിവുകള്‍ പലതും പ്രതിഭാഗത്തിന് അനുകൂലമായതുമെല്ലാം ദിലീപിന് കാര്യങ്ങള്‍ എളുപ്പമാക്കി. ചുരുക്കത്തില്‍ പള്‍സര്‍ സുനിയും ആദ്യ അഞ്ച് പ്രതികളും നടത്തിയ തട്ടിക്കൊണ്ടുപോകലും കൂട്ടബലാത്സഗവും മാത്രമായി നടിയെ ആക്രമിച്ച കേസ് വിചാരണക്കോടതിയില്‍ അവസാനിച്ചു. മറ്റ് പല കേസുകളിലുമെന്ന പോലെ ക്രിമിനല്‍ ഗുഢാലോചന തെളിയിക്കുകയെന്ന ഹിമാലയന്‍ കടമ്പയില്‍ ഇവിടെയും പ്രോസിക്യൂഷന്‍ വീണു.