
കൊല്ലം: ശബരിമല സ്വർണക്കൊള്ളയിലെ രണ്ടാമത്തെ കേസിലും ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ. പത്മകുമാറിനെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തു. ദ്വാരപാലക ശിൽപ കേസിലാണ് കൊല്ലം വിജിലൻസ് കോടതി പത്മകുമാറിനെ ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ നൽകിയത്. സ്വർണക്കൊള്ളയിൽ ഉന്നത ഇടപെടൽ സംശയിക്കപ്പെടുന്ന സാഹചര്യത്തിൽ കൂടിയായിരുന്നു കസ്റ്റഡിയിൽ വാങ്ങിയുള്ള വിശദമായ ചോദ്യം ചെയ്യൽ. കട്ടിളപ്പാളി കേസിലെ പത്മകുമാറിന്‍റെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. ഈ മാസം 12ന് വിധി പറയും. ഉണ്ണികൃഷ്ണൻ പോറ്റിക്ക് പാളികൾ കൈമാറിയതിൽ അടക്കം ബോർഡിലെ എല്ലാ അംഗങ്ങൾക്കും കൂട്ടുത്തരവാദിത്തം ഉണ്ടെന്നാണ് പത്മകുമാർ ജാമ്യാപേക്ഷയിൽ പറയുന്നത്. മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിന്‍റെ ജാമ്യാപേക്ഷയിലും വാദം പൂർത്തിയായി. ദേവസ്വം മുൻ കമ്മീഷ്ണറും പ്രസിഡന്‍റുമായ എൻ. വാസുവിന്‍റെ റിമാൻഡ് 14 ദിസത്തേക്ക് കൂടി നീട്ടി.
അതേസമയം, ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് എസ്ഐടിക്ക് പരാതി നൽകിയ കോണ്‍ഗ്രസ് നേതാവും മുൻ ആഭ്യന്തര മന്ത്രിയുമായ രമേശ് ചെന്നിത്തലയുടെ മൊഴിയെടുക്കുമെന്നാണ് വിവരം. സ്വര്‍ണകൊള്ളയിൽ പുരാവസ്ഥു കള്ളക്കടത്ത് സംഘത്തിന്‍റെ ബന്ധം അന്വേഷിക്കണമെന്നും 500 കോടിയുടെ ഇടപാട് നടന്നിട്ടുണ്ടെന്നുമാണ് ചെന്നിത്തലയുടെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് മൊഴി നൽകാൻ തയ്യാറാണെന്നും കൂടുതൽ വിവരങ്ങള്‍ നൽകാമെന്നും രമേശ് ചെന്നിത്തല കത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇതേക്കുറിച്ച് നേരിട്ട് അറിവുള്ള വ്യക്തിയെ അന്വേഷണവുമായി സഹകരിപ്പിക്കാമെന്നും സംസ്ഥാനത്തെ ചില വ്യവസായികള്‍ക്കും ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധമുണ്ടെന്നും ചെന്നിത്തല കത്തിൽ ആരോപിച്ചു. പുരാവസ്തുക്കള്‍ മോഷ്ടിച്ച് കരിച്ചന്തയിൽ കൊണ്ടുപോയി വിൽക്കുന്ന സംഘങ്ങളെ കുറിച്ച് നേരിട്ട് അറിയാവുന്ന വ്യക്തിയെ അറിയാമെന്നും ഇയാള്‍ പൊതുജനത്തിന് മുന്നിൽ വന്ന് കാര്യങ്ങള്‍ വെളിപ്പെടുത്താൻ തയ്യാറല്ലെന്നുമാണ് രമേശ് ചെന്നിത്തല അറിയിച്ചിരിക്കുന്നത്. എന്നാൽ, അന്വേഷണ സംഘത്തോട് വിവരങ്ങള്‍ കൈമാറാൻ തയ്യാറാണെന്ന് വ്യക്തി അറിയിച്ചിട്ടുണ്ടെന്നും ചെന്നിത്തല കത്തിൽ പറയുന്നു. ദേവസ്വം ബോര്‍ഡിലെ ചില ഉന്നതര്‍ക്ക് ഈ സംഘവുമായുള്ള ബന്ധം അന്വേഷിക്കണെന്നാണ് ചെന്നിത്തലയുടെ കത്തിലെ ആവശ്യം.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കട്ടവന്‍ ശിക്ഷ അനുഭവിക്കണമെന്ന് മുതിര്‍ന്ന സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രൻ പറഞ്ഞു. ഇപ്പോള്‍ ഒന്നല്ല, രണ്ട് നേതാക്കന്‍മാര്‍ അകത്താണ്. അകത്ത് കടക്കട്ടെയെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ള അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയമിക്കാന്‍ സര്‍ക്കാരാണ് ഹൈക്കോടതിയോട് ആവശ്യം ഉന്നയിച്ചത്. അതിനാല്‍ എസ്.ഐ.ടിക്ക് വിധേയത്ത്വം കോടതിയോടാണെന്നും പന്ന്യന്‍ രവീന്ദ്രന്‍ കോഴിക്കോട് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam