
തിരുവനന്തപുരം: പരിഹസിച്ച തിരുവനന്തപുരം മേയര്‍ വി വി രാജേഷിന് അതേനാണയത്തിൽ മറുപടി നൽകി കൗണ്‍സിലറും കോൺഗ്രസ് നേതാവുമായ കെ എസ് ശബരീനാഥൻ. ആന്തൂറിയം പൂവിന്‍റെയും അവലോസ് ഉണ്ടയുടെയും ഒരു ക്രിഞ്ച് കോമഡി മേയർ പങ്കുവെക്കുന്നത് കേട്ടു. പറയാതിരിക്കാൻ വയ്യ, നല്ല ബോറായിട്ടുണ്ടെന്ന് ശബരി ഫേസ്ബുക്കിൽ കുറിച്ചു. അതിനിടയിൽ ഒന്നു ചോദിച്ചോട്ടെ, നഗരസഭയിൽ ഭരണത്തിലേറിയാൽ 45 ദിവസത്തിനകം മാസ്റ്റർപ്ലാൻ കൊണ്ടുവരുമെന്ന് പറഞ്ഞത് എന്തായി? കേന്ദ്ര ബജറ്റിൽ തിരുവനന്തപുരത്തിന് വമ്പിച്ച വികസനപദ്ധതികൾ പ്രഖ്യാപിക്കുമെന്ന് പറഞ്ഞത് എന്തായി? ഫുട്ബോൾ വേൾഡ് കപ്പ് സമയമല്ലേ, അതുകൊണ്ട് ഓർത്തെടുത്തതാണ്, നിങ്ങൾ ഉറപ്പുനൽകിയ ഒളിമ്പിക്സ് വേദി എന്തായി? എന്നും ശബരി ഫേസ്ബുക്കിൽ കുറിച്ചു.
കാപ്പ കേസിൽ കൗൺസിലർ സുഗതൻ ജയിലിലായ പശ്ചാത്തലത്തിൽ യു ഡി എഫിന്‍റെ അവിശ്വാസ നീക്കത്തിന് മറുപടിയുമായാണ് തിരുവനന്തപുരം മേയർ വി വി രാജേഷ് രംഗത്ത് വന്നത്. നാളെ തിരുവനന്തപുരം കോർപ്പറേഷൻ ജനറൽ കൗൺസിൽ യോഗം ചേരുമെന്നും പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ നീക്കങ്ങളെ നേരിടുമെന്നും വി വി രാജേഷ് വ്യക്തമാക്കി. ആകെ 101 സീറ്റുകളിൽ 50 സീറ്റുകൾ നേടിയാണ് ബി ജെ പി കോർപ്പറേഷനിൽ അധികാരത്തിൽ വന്നതെന്നും ജനാധിപത്യപരമായ അവിശ്വാസ പ്രമേയം ഉൾപ്പെടെയുള്ള എല്ലാ നീക്കങ്ങളെയും പ്രതീക്ഷിച്ചും നേരിട്ടുമാണ് ഭരണം തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
സി പി എം നേതാക്കളാണ് കോർപ്പറേഷന്റെ പല സ്വത്തുക്കളും നിലവിൽ കൈകാര്യം ചെയ്യുന്നതെന്നും അതിൽ നിന്നുള്ള വരുമാനം അവർ സ്വന്തമാക്കുകയാണെന്നും രാജേഷ് കടുത്ത ആരോപണമുന്നയിച്ചു. ഈ വരുമാന ചോർച്ചയുടെ അടിവേരറുക്കാൻ ബി ജെ പി ഭരണസമിതി തീരുമാനിച്ചതോടെ സി പി എം വലിയ അങ്കലാപ്പിലാണ്. കോൺഗ്രസിന്റെ അവിശ്വാസ നീക്കത്തെ പരിഹസിച്ച മേയർ, കേരളത്തിലും 'ഇന്ത്യ' മുന്നണി യാഥാർത്ഥ്യമാകുന്നതിന്റെ സൂചനകളാണ് കാണുന്നതെന്നും അഭിപ്രായപ്പെട്ടു. കോൺഗ്രസ് നേതാവ് ശബരിനാഥ് ആന്തൂറിയം പൂവുമായി മഴയത്ത് നിൽക്കുകയാണ്. സി പി എം നേതാവായ എസ് പി ദീപക്ക് അവലോസുണ്ട നൽകുന്നില്ല. ജില്ലാ സെക്രട്ടറി വി ജോയി പിന്നിൽ നിന്ന് പിടിക്കുകയാണ്. എത്രയും വേഗം അവരുടെ പ്ലാൻ പറഞ്ഞാൽ നമുക്ക് മുന്നോട്ടുപോകാമായിരുന്നുവെന്നും മേയർ പരിഹസിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam