
ദില്ലി/ തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വത്തിൽ മാറ്റം നിര്‍ദ്ദേശിച്ച നേതാക്കളെ ഒതുക്കി ഹൈക്കമാന്‍റ് നീക്കം. രാജ്യസഭയിലേയും ലോക്സഭയിലേയും തീരുമാനങ്ങളെടുക്കുന്ന സമിതികളിൽ ഔദ്യോഗിക നേതൃത്വവുമായി ചേര്‍ന്ന് നിൽക്കുന്നവരെ ഉൾപ്പെടുത്തിയാണ് പുതിയ നീക്കം.
23 നേതാക്കളാണ് കോൺഗ്രസ് നേതൃത്വത്തിൽ മാറ്റം വേണമെന്നാവശ്യപ്പെട്ട് ഹൈക്കമാന്‍റിന് കത്തെഴുതിയത്. സ്ഥിരം അധ്യക്ഷ പദവി വേണമെന്നും രാഷ്ട്രീയ തീരുമാനങ്ങൾ കാര്യക്ഷമമാകണമെന്നും തോൽവികളിൽ നിന്ന് പാഠം ഉൾക്കൊണ്ട് മുന്നോട്ട് പോകണമെന്നും അടക്കമുള്ള നിര്‍ദ്ദേശങ്ങളായിരുന്നു കത്തിലുണ്ടായിരുന്നത്.
കത്ത് എഴുതിയതിനെ എതിര്‍ത്തും ന്യായികരിച്ചും ഹൈക്കമാന്റിനെഴുതിയ കത്ത് മാധ്യമങ്ങൾക്ക് ചോർന്ന് കിട്ടിയതിനെ കുറിച്ചും എല്ലാം ചൂടേറിയ വാദ പ്രതിവാദങ്ങളാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന കോൺഗ്രസ് പ്രവര്‍ത്തക സമിതിയോഗത്തിൽ ഉയര്‍ന്നു വന്നത്. കോൺഗ്രസ് നേതൃത്വത്തെ പ്രത്യേകിച്ചും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തെ വിമര്‍ശിക്കുന്ന മുതിര്‍ന്ന നേതാക്കൾ അവരുടെ നിലപാടുമായി മുന്നോട്ട് പോകുന്നതിനിടെയാണ് ഹൈക്കമാന്‍റ് നടപടികൾ.
ലോക്സഭയിൽ ഒഴിഞ്ഞു കിടന്ന പാർട്ടി ഡെപ്യൂട്ടി ലീഡർ പദവി അസമിൽ നിന്നുള്ള ഗൗരവ് ഗൊഗോയിക്ക് നല്കി. കത്തിലൊപ്പിട്ട മനീഷ് തിവാരിയെ ഒഴിവാക്കിയാണ് നീക്കം. രാജ്യസഭയിൽ തന്ത്രം രൂപീകരിക്കാനുള്ള സമിതിയിൽ കത്തെഴുതിയ നേതാക്കളെ ഒതുക്കി.
നേതാവ്, ഉപ നേതാവ് എന്ന നിലയ്ക്ക് ഗുലാംനബി ആസാദ്, ആനന്ദ് ശർമ്മ എന്നിവർ ഉണ്ടെങ്കിലും അഹമ്മദ് പട്ടേൽ, ജയറാം രമേശ്, കെ സി വേണുഗോപാൽ എന്നിവരെക്കൂടി ഉൾപ്പെടുത്തിയാണ് സമിതി രൂപീകരിച്ചത്. കപിൽ സിബലിനെയും മനു അഭിഷേക് സിംഗ്വിയേയും പരിഗണിച്ചില്ല.
സോണിയ ഗാന്ധി മുന്നോട്ടു പോകാം എന്ന് വ്യക്തമാക്കിയ സാഹചര്യത്തിൽ വിവാദങ്ങൾ അവസാനിപ്പിക്കുകയാണെന്ന് ശശി തരൂർ ഇന്നലെ അറിയിച്ചിരുന്നു. ഹൈക്കമാന്‍റിനോട് ഏറ്റുമുട്ടാനില്ല എന്ന സൂചനയാണ് തരൂർ നല്കിയതെങ്കിലും കേരളത്തിൽ നിന്നുള്ള നേതാക്കൾ തരൂരിനെ ലക്ഷ്യമിട്ട് മുന്നേറുകയാണ്.
വിശ്വ പൗരൻ ആണെന്ന് കരുതി എന്തും പറയരുതെന്നാണ് കൊടിക്കുന്നിൽ സുരേഷ് തരുരിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. സംഘടനക്ക് അകത്ത് നിന്ന് പ്രവര്‍ത്തിക്കാൻ തരൂരിന് കഴിയണമെന്നും കൊടിക്കുന്നിൽ പറഞ്ഞു. എന്നാൽ തരൂരിന്‍റെ നിലപാട് ഇനി പറഞ്ഞ് വഷളാക്കാനില്ലെന്നായിരുന്നു കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പ്രതികരണം.
തുടര്‍ന്ന് വായിക്കാം: "ശശി തരൂര്‍ ഗസ്റ്റ് ആർട്ടിസ്റ്റ്"; വിശ്വപൗരൻ ആണെന്ന് കരുതി എന്തും പറയരുതെന്ന് കൊടിക്കുന്നിൽ...
അതേ സമയം ശശി തരൂരിനെ അനുകൂലിച്ച് കെഎസ് ശബരീനാഥൻ എംഎൽഎ അടക്കമുള്ളവര്‍ ഫേസ്ബുക്ക് പോസ്റ്റിട്ടിട്ടുമുണ്ട്.
തരൂർ തിരുത്തിയത് അറിയാതെയാണ് കൊടിക്കുന്നിലിൻറെ പ്രതികരണം എന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. എഐസിസി അദ്ധ്യക്ഷനെ തെരഞ്ഞെടുപ്പിലൂടെ നിശ്ചയിക്കണം എന്ന ഗുലാംനബി ആസാദിൻറെ നിർദ്ദേശം രാഹുൽ ഗാന്ധിക്കെിരായ നീക്കമായാണ് കോൺഗ്രസ് ഹൈക്കമാൻഡ് കാണുന്നത്. പാർലമെൻറ് സമിതികളിലുൾപ്പടെ മറു നീക്കം എഐസിസി ഇപ്പോഴേ തുടങ്ങിയ സാഹചര്യത്തിൽ ഇനി കത്തെഴുതിയവർ ഏതറ്റം വരെ പോകുമെന്നാണ് അറിയേണ്ടത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam