
തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പിലും പ്രതിപക്ഷ അവിശ്വാസത്തിലും ഇടത് അനുകൂല നിലപാടെടുത്ത കേരളാ കോൺഗ്രസ് ജോസ് കെ മാണി പക്ഷത്തെ പ്രശംസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തിയതോടെ കേരളത്തിൽ മുന്നണി രാഷ്ട്രീയത്തിലെ മാറ്റത്തിന് കളമൊരുങ്ങുന്നതായി സൂചന.
രാജ്യസഭാ തെരഞ്ഞെടുപ്പിൽ വിട്ടു നിന്ന ജോസ് പക്ഷ നിലപാടിനെ പ്രശംസിച്ചാണ് ദേശാഭിമാനിയിൽ കോടിയേരിയുടെ ലേഖനം. അവിശ്വാസ പ്രമേയ ചര്‍ച്ചക്കിടെ ജോസ് പക്ഷ എംഎൽഎമാരുടെ നിയമസഭയിലെ അസാന്നിദ്ധ്യം എൽഡിഎഫിനോടുള്ള പരോക്ഷ പിന്തുണയായി വിലയിരുത്തപ്പെടുമ്പോൾ സിപിഎം ഒരു ചുവട് കൂടി അടുക്കുകയാണ്. മുന്നണി രാഷ്ട്രീയത്തിന്‍റെ സ്വഭാവത്തിൽ പ്രകടമായ അന്തരം തെളിയുന്നു എന്നാണ് ഇത് സംബന്ധിച്ച് കോടിയേരിയുടെ പ്രതികരണം.
രാഷ്ട്രീയത്തിൽ തൊട്ടുകൂടായ്മ ആരോടും ഇല്ലെന്നും നിലപാട് വ്യക്തമാക്കേണ്ടത് ജോസ് കെ മാണി വിഭാഗമാണെന്നുമായിരുന്നു കഴിഞ്ഞ ദിവസം ഇപി ജയരാജന്‍റെ പ്രതികരണം. കെഎം മാണിയുടെ മരണത്തോടെ എതിർപ്പുകളെല്ലാം ഇല്ലാതായെന്ന് ഇടത് മുന്നണി കൺവീനറും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ജോസ് കെ മാണി വിഭാഗം മുന്നണി മാറ്റ നിലപാട് മുന്നോട്ട് വച്ചാൽ മാത്രമെ തുടര്‍ ചർച്ചകളുണ്ടാകു എന്ന അവസ്ഥയാണ് ഇപ്പോഴുമുള്ളത്.
ഒളിഞ്ഞും തെളിഞ്ഞും കേരളാ കോൺഗ്രസും സിപിഎമ്മും മുന്നണിമാറ്റം സൂചിപ്പിക്കുമ്പോൾ ഇടത് മുന്നണിക്ക് അകത്ത് പക്ഷെ കാര്യങ്ങൾ അത്ര എളുപ്പമാകില്ല. ജോസ് കെ മാണിയുടെ വരവ് ചർച്ചയായപ്പോൾ തന്നെ കടുത്ത എതിര്‍പ്പുമായി സിപിഐ രംഗത്തെത്തിയിരുന്നു. തുടക്കം മുതൽ ഇന്നോളം സിപിഐ ഉടക്കിട്ടാണ്. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി സഖ്യ നീക്കം പുരോഗമിക്കുമ്പോൾ മുന്നണിക്കകത്തെ സമവായത്തിന് സിപിഎം എന്തു ചെയ്യും?
ജോസ് പക്ഷം നിലപാട് പരസ്യമാക്കിയ ശേഷം തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ചർച്ചകൾ തുടങ്ങാം എന്നാണ് സിപിഎം ആലോചന. തദ്ദേശ തെരഞ്ഞെടുപ്പിൽ മുന്നണിയിലെടുക്കാതെ കോട്ടയം ഇടുക്കി പത്തനംതിട്ട ജില്ലകളിൽ ഒരു കൂട്ടുകെട്ടിനും പദ്ധതിയിടുന്നുണ്ടെന്നാണ് വിവരം.
മരങ്ങാട്ടുപ്പള്ളി പഞ്ചായത്തിൽ എൽഡിഎഫിനൊപ്പം ജോസ് പക്ഷത്തിലെ അംഗങ്ങൾ യുഡിഎഫ് ഭരണസമിതിക്കെതിരെ കത്ത് നൽകിയത് ഇതിന്‍റെ ആദ്യപടിയായാണ് വിലയിരുത്തപ്പെടുന്നത്. അപ്പോഴും സിപിഐ എതിർപ്പാണ് വെല്ലുവിളി. പുതിയ സംഭവ വികാസങ്ങളിലും ജോസ് പക്ഷത്തോടുള്ള നിലപാടിൽ മാറ്റമില്ലെന്ന് സിപിഐ വ്യക്തമാക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam