
തിരുവനന്തപുരം: തിരുവനന്തപുരത്തെ തീരദേശ പ്രദേശമായ പൂന്തുറയിൽ സ്ഥിതിഗതികൾ അതീവ ഗുരുതരം. കൊവിഡ് രോഗിയിൽ നിന്നും നിരവധി പേർക്ക് രോഗം പകരുകയും ഇയാളുടെ നേരിട്ടും അല്ലാതെയമുള്ള സമ്പർക്കപ്പട്ടികയിൽ മുന്നൂറിലേറെ ആളുകൾ ഉൾപ്പെടുകയും ചെയ്തതോടെ പൂന്തുറയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ നടപ്പാക്കാൻ പൊലീസ് കമാൻഡോകളെ രംഗത്തിറക്കി.
പൂന്തുറയിലെ കൊവിഡ് വ്യാപനം കൈവിട്ട നിലയിലാണെന്ന് ബോധ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകിയത്. കൊവിഡ് രോഗിയായ ഒരാളുട പ്രാഥമിക സമ്പർക്കത്തിൽ 120 പേരും പുതിയ സെക്കൻഡറി കോണ്ടാക്ടായി 150ഓളം പേരും വന്നെന്നാണ് ആരോഗ്യവകുപ്പ് കണ്ടെത്തിയിരിക്കുന്നത്.
കഴിഞ്ഞ 5 ദിവസങ്ങളിൽ 600 സാമ്പിളുകൾ പരിശോധിച്ചതിൽ 119 പേർ പോസിറ്റീവായാതായാണ് വിവരം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ചീഫ് സെക്രട്ടറിയും ആരോഗ്യ സെക്രട്ടറിയും പോലീസ് മേധാവിയും തിരുവനന്തപുരം ജില്ലാ കലക്ടറും സ്ഥിതിഗതികൾ വിലയിരുത്തി.
പൂന്തുറയിലേക്ക് പുറത്തു നിന്ന് ആളുകൾ എത്തുന്നത് കർക്കശമായി തടയും. അതിർത്തികൾ അടച്ചിടും. കടൽ വഴി ആളുകൾ പൂന്തുറയിൽ എത്തുന്നത് തടയാൻ കോസ്റ്റൽ പോലീസിനും നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രദേശത്തെ ജനങ്ങൾക്ക് ആവശ്യമായ എല്ലാ സഹായവും നൽകും. കൂടുതൽ ആളുകളിൽ കൊവിഡ് പരിശോധന നടത്താനും തീരുമാനമായി. പൂന്തുറയിലെ മൂന്ന് വാർഡുകളിൽ നാളെ മുതൽ മുതൽ ഓരോ കുടുംബത്തിനും അഞ്ച് കിലോ വീതം സൗജന്യ റേഷൻ നൽകും. ഇതിന് കലക്ടർക്ക് നിർദേശം നൽകി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam