
കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ ഭരണം യുഡിഎഫ് നിലനിർത്തി. മുന്നണിക്കുള്ളിലെ ധാരണ പ്രകാരം കോൺഗ്രസ് മേയർ രാജിവച്ചതിനെ തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ മുസ്ലീംലീഗിൻ്റെ സി. സീനത്ത് ജയിക്കുകയായിരുന്നു. 28-നെതിരെ 27-വോട്ടുകൾക്കാണ് സീനത്തിൻ്റെ വീജയം. ചരിത്രത്തിൽ ഇതാദ്യമായാണ് മുസ്ലീംലീഗിന് ഒരു വനിതാ മേയർ ഉണ്ടാവുന്നത്. ഇപി ലതയായിരുന്നു എൽഡിഎഫിൻ്റെ മേയർ സ്ഥാനർത്ഥി.
അഞ്ച് വർഷത്തിനിടയിൽ കണ്ണൂർ കോർപറേഷൻ്റെ മേയറാകുന്ന മൂന്നാമത്തെ ആളാണ് സി. സീനത്ത്. മുന്നണി ധാരണ പ്രകാരം കോൺഗ്രസിൻ്റെ സുമ ബാലകൃഷ്ണൻ രാജിവച്ചതോടെയാണ് തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. രാവിലെ പത്തരക്ക് കളക്ട്രേറ്റ് ഹാളിലാണ് തെരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചത്.
കഴിഞ്ഞ മാസം നടന്ന ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്‍റെ പി.കെ. രാഗേഷ് ജയിച്ചിരുന്നു. അൻപത്തിയഞ്ച് അംഗ കൗൺസിലിൽ യുഡിഎഫിന് ഒരു സ്വതന്ത്രനടക്കം 28ഉം എൽഡിഎഫിന് ഇരുപത്തി ഏഴും അംഗങ്ങളാണ് ഉണ്ടായിരുന്നത്. സംഘർഷ സാധ്യത കണക്കിലെടുത്ത് കളക്ട്രേറ്റ് കോമ്പൗണ്ടിന് അഞ്ഞൂറ് മീറ്റർ ചുറ്റളവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാകുന്നത് വരെ കോമ്പൗണ്ടിനുള്ളിൽ പൊതുയോഗങ്ങൾക്കും, പ്രതിഷേധ പരിപാടികൾക്കും വിലക്കുണ്ട്. നിരോധനാജ്ഞ ലംഘിച്ചാൽ കർശനം നടപടിയുണ്ടാകുമെന്ന് ജില്ലാ കളക്ടർ അറിയിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam