Pinarayi : സിപിഎം ഏരിയ സമ്മേളനത്തിൽ മുഖ്യമന്ത്രിക്കെതിരെ വിമർശനം, 'പൊലീസ് സർക്കാരിനെ നാണം കെടുത്തുന്നു'

Published : Dec 07, 2021, 02:33 PM ISTUpdated : Dec 07, 2021, 02:36 PM IST
Pinarayi : സിപിഎം ഏരിയ സമ്മേളനത്തിൽ മുഖ്യമന്ത്രിക്കെതിരെ വിമർശനം, 'പൊലീസ് സർക്കാരിനെ നാണം കെടുത്തുന്നു'

Synopsis

ആറ്റിങ്ങലിൽ മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന പേരിൽ പിങ്ക് പോലിസ് എട്ടുവയസുകാരിയെയും അച്ഛനെയും  പരസ്യ വിചാരണ നടത്തിയ സംഭവത്തിൽ ഹൈക്കോടതി പൊലീസിനെതിരെ നടത്തിയത് രൂക്ഷ വിമർശനമാണ്

തിരുവനന്തപുരം: സിപിഎം (CPIM) തിരുവനന്തപുരം ഏരിയ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ (Pinarayi Vijayan) വിമർശനം. അഭ്യന്തരവകുപ്പിലെ വീഴ്ചകൾ മുൻനിർത്തിയാണ് സമ്മേളനത്തിനിടെ മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉയർന്നത്. മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്തിട്ടും പൊലീസ് സേന നിരന്തരം സർക്കാരിനെ നാണം കെടുത്തുന്ന നിലയാണെന്നായിരുന്നു സമ്മേളനത്തിനിടെ സംസാരിച്ച പ്രതിനിധികളിൽ നിന്നും ഉയർന്ന വിമർശനം. എന്നാൽ രണ്ടാം പിണറായി സർക്കാരിൻ്റെ പ്രവർത്തനങ്ങളെ വിലയിരുത്താൻ സമയമായിട്ടില്ലെന്ന് ജില്ലാ നേതൃത്വം വിമർശനങ്ങൾക്ക് മറുപടിയായി പറഞ്ഞു.  സംസ്ഥാന കമ്മിറ്റി പ്രതിനിധിയായി എത്തിയ സീനിയർ നേതാവ് എം.വിജയകുമാറാണ് വിമർശനങ്ങൾക്ക് മറുപടി നൽകിയത്.

തൈക്കാട് ലോക്കൽ കമ്മിറ്റിയിൽ നിന്നുള്ള പ്രതിനിധികളാണ് പിണറായിക്കെതിരെ വിമർശനം ഉയർത്തി സംസാരിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും പ്രതിനിധികൾ വിമർശനം ഉന്നയിച്ചു. മന്ത്രിമാരുടെ ഓഫീസിൽ കൊണ്ടുവന്ന മാനദണ്ഡം മുഖ്യമന്ത്രി പാലിച്ചില്ലെന്നും ആരോപണ വിധേയരെ ഇത്തവണയും നില നിർത്തിയത് എന്തിനാണെന്നും വിമർശനമുണ്ടായി.

തുടർച്ചയായി പൊലീസ് പ്രതിക്കൂട്ടിൽ ആയതോടെ മുഖം നഷ്ടപ്പെട്ട അവസ്ഥയിലാണ് സംസ്ഥാന ആഭ്യന്തര വകുപ്പ്. സർക്കാരിന്റെ ജനകീയ
പ്രതിച്ഛായതന്നെ നഷ്ടപ്പെടുത്തും വിധത്തിൽ പൊലീസ് പ്രതിക്കൂട്ടിൽ ആകുന്നത് ഘടകകഷികളിൽപ്പോലും അതൃപ്തി പരത്തുകയാണ്. ഇതിനിടെയാണ് സിപിഎം ഏരിയ സമ്മേളനത്തിൽ തന്നെ വിഷയം ചർച്ചയാവുന്നത്. 

ജനങ്ങൾ പരാതിയുമായി എത്തുമ്പോൾ പൊലീസ് മിക്കപ്പോഴും അത് അവഗണിക്കുന്നു. സ്ത്രീകൾ പരാതിയുമായി എത്തിയാൽ കാലതാമസമില്ലതെ നടപടി സ്വീകരിക്കണമെന്ന ആവർത്തിച്ചുള്ള നിർദേശങ്ങൾക്ക് പൊലീസ് സ്റ്റേഷനുകളിൽ പുല്ലുവില. അടുത്തിടെ മിക്ക  സംഭവങ്ങളിലും മുഖ്യമന്ത്രിയുടെ സ്വന്തം വകുപ്പിനെ പ്രതിക്കൂട്ടിൽ ആക്കിയത് പോലീസിന്റെ ഈ അനാസ്ഥയാണ്. 

ആറ്റിങ്ങലിൽ മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന പേരിൽ പിങ്ക് പോലിസ് എട്ടുവയസുകാരിയെയും അച്ഛനെയും  പരസ്യ വിചാരണ നടത്തിയ സംഭവത്തിൽ ഹൈക്കോടതി പൊലീസിനെതിരെ നടത്തിയത് രൂക്ഷ വിമർശനമാണ്. മലയൻകീഴ് പോക്സോ കേസിൽ പ്രതിയുടെ അടുക്കലേക്ക് പൊലീസ് ഇരയെ എത്തിച്ച സംഭവത്തിൽ പൊലീസ് പിഴവ് അംഗീകരിച്ചിട്ടു പോലുമില്ല. പീഡന കേസ് നേരിടുന്ന രണ്ടാനച്ഛനൊപ്പം ആറ് വയസുകാരിയെയും അമ്മയെയും വിട്ടുകൊടുത്ത പൊലീസിൻറെ ക്രൂരത നടുക്കുന്നതായി. 

കൊല്ലം തെൻമലയിൽ പരാതി  നൽകാനെത്തിയ ദളിത് യുവാവിനെ കരണത്തടിച്ച ശേഷം സ്റ്റേഷനിൽ കെട്ടിയിട്ട സംഭവത്തിൽ പൊലീസിന് കോടതിയിൽ കുറ്റ സമ്മതം നടത്തേണ്ടി വന്നു. ഗാർഹിക പീഡന കേസിലെ   പരാതിക്കാരി  മൊഫിയ ആത്മഹത്യ ചെയ്ത സംഭവത്തിൽ കേസ് എടുക്കുന്നതിൽ സിഐയ്ക്ക് ഗുരുത വീഴ്ചയെന്ന് പോലീസ് തെന്നെ ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തി.  ഒക്ടോബർ 29 ന് പരാതി കിട്ടിയിട്ടും 25 ദിവസം സിഐ സുധീർ കേസ് എടുക്കാത്തതാണ് ഒരു ജീവൻ പൊലിയാൻ കാരണമായത്. ഈ കേസിൽ സസ്പെൻഷനിലായതിന് പിന്നാലെ സി.ഐ സുധീറിനെതിരെ പരാതി പ്രളയമുണ്ടായി. കൈക്കൂലി ആവശ്യപ്പെട്ടെന്നും കള്ളക്കേസിൽ കുടുക്കിയെന്നുമായിരുന്നു പരാതികളിലേറെയും. 

മോൻസൻ മാവുങ്കലെന്ന തട്ടിപ്പ് കാരനെ വളർത്തിയതിൽ  പോലീസിന് സംഭവിച്ച് വീഴ്ചകളെ എണ്ണിപ്പറഞ്ഞായിരുന്നു ഹൈക്കോടതി വിമർശനം. ലൈസൻസ് ഇല്ലാതെയാണ് മോൻസൻ പുരാവസ്തുക്കളെന്ന പേരിൽ സാധനങ്ങൾ സൂക്ഷിച്ചതെന്ന് ഇൻറലിജൻസ് റിപ്പോർട്ട് ഉണ്ടായിട്ടും
സംസ്ഥാന പോലീസ് മേധാവിയും എഡിജിപിയും മോൻസൻറെ വീട്ടിലെത്തി. ആര് ക്ഷണിച്ചിട്ടാണ്ഈ ഉദ്യോഗസ്ഥർ മോൻസൻറെ വീട്ടിലെത്തിയത് എന്നായിരുന്നു കോടതിയുടെ ചോദ്യം. കുഞ്ഞിനെ അമ്മയായ അനുപമ അറിയാതെ ദത്ത് നൽകിയ സംഭവത്തിൽ മുഖ്യമന്ത്രിക്ക് കൊടുത്തതടക്കം പോലീസ് അട്ടിമറിച്ചത് മൂന്ന് പരാതികളാണ്. 

സംസ്ഥാനത്ത് സിവിൽ പൊലീസ് ഉദ്യോഗസ്ഥർ മുതൽ ഉന്നത ഉദ്യോഗസ്ഥർവരെ 744 പേർ ക്രമിനൽ കേസിൽ പ്രതികളാണ് എന്ന വിവരവും ഇതിനിടെ പുറത്തുവന്നു. തുടർച്ചയായി പൊലീസ് പ്രതിക്കൂട്ടിൽ വരുന്ന സാഹചര്യത്തിൽ സാമൂഹിക  മാധ്യമങ്ങളിലെ പ്രമുഖ സിപിഎം പ്രചാരകർ വരെ പൊലീസിനെതിരെ രംഗത്തെത്തുന്ന അവസ്ഥയാണുള്ളത്. 

PREV
Read more Articles on
click me!

Recommended Stories

രണ്ടു വയസ്സുള്ള കുഞ്ഞിൻ്റെ തിരോധാനത്തിൽ വൻ വഴിത്തിരിവ്; കുഞ്ഞിനെ അമ്മയും മൂന്നാം ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയതായി കണ്ടെത്തി
തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങൾ വിൽപനക്ക് വച്ചവരും പണം നൽകി കണ്ടവരും കുടുങ്ങും, ഐപി അഡ്രസുകൾ കിട്ടി