കുറച്ചു കാലത്തേക്കെങ്കിലും മുഖ്യമന്ത്രി സ്ഥാനം അവകാശപ്പെടണം: സിപിഐ കൊല്ലം സമ്മേളന ചർച്ചയിൽ പ്രതിനിധികൾ

Published : Aug 18, 2022, 11:56 PM IST
കുറച്ചു കാലത്തേക്കെങ്കിലും മുഖ്യമന്ത്രി സ്ഥാനം അവകാശപ്പെടണം: സിപിഐ കൊല്ലം സമ്മേളന ചർച്ചയിൽ പ്രതിനിധികൾ

Synopsis

സിപിഐ മന്ത്രിമാരെ മുഖ്യമന്ത്രി അവഗണിക്കുന്നുവെന്നും ഉദ്യോഗസ്ഥ നിയമനമടക്കം ചോദ്യം ചെയ്യുമ്പോൾ അവഗണിക്കുന്നുവെന്നും വിമർശനമുണ്ടായി. 

കൊല്ലം: സിപിഐയുടെ കൊല്ലം ജില്ലാ സമ്മേളനത്തിൽ സംസ്ഥാന സർക്കാരിനും സിപിഎമ്മിനുമെതിരെ രൂക്ഷവിമർശനം. വിവിധ ജില്ലകളിലെന്ന പോലെ സിപിഎം സിപിഐ അവഗണിക്കുന്നുവെന്ന വിമർശനം കൊല്ലത്തും ആവർത്തിച്ചു. അതേസമയം ഇടത് മന്ത്രിസഭ അധികാരത്തിൽ വരുമ്പോൾ നിശ്ചിത കാലയളവിലേക്കെങ്കിലും സിപിഐ മുഖ്യമന്ത്രിസ്ഥാനം ആവശ്യപ്പെടണമെന്ന് ജില്ലാ സമ്മേളനത്തിലെ പ്രതിനിധി ചർച്ചയിൽ ആവശ്യമുയർന്നു. ഒന്നോ രണ്ടോ വർഷത്തേക്ക് എങ്കിലും മുഖ്യമന്ത്രിപദം വാങ്ങിയെടുക്കണമെന്ന നിർദേശമാണ് പ്രതിനിധികൾ ചർച്ചയിൽ ഉയർത്തിയത്. 

അതേസമയം രണ്ടാം പിണറായി സർക്കാരിൽ സിപിഐയുടെ കൈവശമുണ്ടായിരുന്ന വകുപ്പുകൾ സിപിഎം പിടിച്ചെടുത്തുവെന്ന് ഒരു വിഭാഗം പ്രതിനിധികൾ വിമർശിച്ചു. സിപിഐയുടെ വകുപ്പുകൾ തിരിച്ചെടുത്ത് എൽഡിഎഫിലെ ചെറിയ പാർട്ടികൾക്ക് നൽകിയെന്നും പ്രധാനപ്പെട്ട പുതിയ വകുപ്പുകൾ സിപിഐക്ക് ചോദിച്ച് വാങ്ങാനായില്ലെന്നും വിമർശനമുയർന്നു. അതേസമയം പാർലമെൻ്റെ തെരഞ്ഞെടുപ്പിൽ വീഴ്ച ഉണ്ടായിട്ടും സിപിഐഎം നിയമസഭാ തെരഞ്ഞെടുപ്പിൽ മുന്നേറ്റമുണ്ടാക്കിയെന്നും നിയമസഭ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് സീറ്റ് കൂടിയപ്പോൾ സിപിഐക്ക് കുറഞ്ഞെന്നും പ്രതിനിധികൾ വിമർശനം ഉന്നയിച്ചു. ഇത് നേതൃത്വത്തിന്റെ വീഴ്ചയാണെന്നും വിമർശനമുണ്ടായി. 

ഇടതുമുന്നണിയുടെ ശബരിമലയിലെ നിലപാടിനെതിരെയും സമ്മേളന ചർച്ചയിൽ വിമർശനമുണ്ടായി. ലോക്‌സഭ തെരഞ്ഞടുപ്പിന്റെ തോൽവിക്ക് പിന്നാലെയാണ് സിപിഐഎമ്മിന് ബോധോദയം ഉണ്ടായതെന്നെന്നും സിപിഐയെ മുഖ്യമന്ത്രി അവഗണിക്കുകയാണെന്നും പരാമർശമുണ്ടായി. സിപിഐ മന്ത്രിമാരെ മുഖ്യമന്ത്രി അവഗണിക്കുന്നുവെന്നും ഉദ്യോഗസ്ഥ നിയമനമടക്കം ചോദ്യം ചെയ്യുമ്പോൾ അവഗണിക്കുന്നുണ്ടെന്നും ആദ്യമായി മന്ത്രിയായത് കൊണ്ടാണ് കാര്യങ്ങൾ അറിയാത്തത് എന്ന് പറയുന്നു ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും ചർച്ചയിൽ പങ്കെടുത്തവർ വിമർശനം ഉന്നയിച്ചു.

ആരോഗ്യ വകുപ്പിനെതിരെയും ചർച്ചയിൽ വിമർശനം ഉയർന്നു. കൊവിഡ് കാലത്ത് ആരോഗ്യ വകുപ്പിൽ സിപിഎമ്മുകാരെ തിരുകി കയറ്റിയെന്ന് ഒരു പ്രതിനിധി വിമർശനം ഉന്നയിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ ചർച്ചക്കിടെ രൂക്ഷവിമർശനമുണ്ടായി. സംസ്ഥാന സെക്രട്ടറി നാവ് പണയം വെക്കാൻ പാടില്ല, പല പ്രധാന വിഷയങ്ങളിലും സെക്രട്ടറി മൗനം പാലിക്കുന്നുണ്ടെന്ന്  കുന്നിക്കോട് മണ്ഡലം കമ്മിറ്റി പ്രതിനിധി കാനത്തെ വിമർശിച്ചു കൊണ്ടു പറഞ്ഞു. വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ ഭക്ഷ്യമന്ത്രി ജിആർ അനിൽ പരാജയപ്പെട്ടെന്ന വിമർശനവും ഇന്നുണ്ടായി. 

PREV
click me!

Recommended Stories

കൊല്ലത്ത് അരുംകൊല; മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി, യുവാവ് പൊലീസ് കസ്റ്റഡിയിൽ
കൊച്ചി മേയറുടെ ബ്രഹ്മപുരം സന്ദര്‍ശനം; പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് കോണ്‍ഗ്രസ്, തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ടിജെ വിനോദ് എംഎൽഎ