ഒമിക്രോൺ നിയന്ത്രണത്തിലും തലസ്ഥാനത്ത് സിപിഎമ്മിന്‍റെ മെഗാ തിരുവാതിര; എംഎ ബേബിയടക്കം കാഴ്ചക്കാര്‍

Published : Jan 12, 2022, 08:15 AM ISTUpdated : Jan 12, 2022, 08:28 AM IST
ഒമിക്രോൺ നിയന്ത്രണത്തിലും തലസ്ഥാനത്ത് സിപിഎമ്മിന്‍റെ മെഗാ തിരുവാതിര; എംഎ ബേബിയടക്കം കാഴ്ചക്കാര്‍

Synopsis

സംസ്ഥാനം അടച്ചിടൽ ആശങ്കയുടെ വക്കിൽ നിൽക്കെ സമൂഹതിരുവാതിര സംഘടിപ്പിച്ചാണ് തിരുവനന്തപുരത്ത് സിപിഎം ജില്ലാ സമ്മേളനത്തിന് തയ്യാറെടുത്തത്.

തിരുവനന്തപുരം: ഒമിക്രോൺ (Omicron) ജാഗ്രതയിൽ ആൾക്കൂട്ട നിയന്ത്രണം നിലനിൽക്കെ തിരുവനന്തപുരത്ത് അഞ്ഞൂറിലേറെ പേർ പങ്കെടുത്ത സമൂഹ തിരുവാതിര (Thiruvathira) സംഘടിപ്പിച്ച് സിപിഎം (CPM). ജില്ലാ സമ്മേളനത്തിന് മുന്നോടിയായി പാറശ്ശാലയിലാണ് മെഗാ തിരുവാതിര അരങ്ങേറിയത്. കൊവിഡ് കേസുകള്‍ കുത്തനെ കൂടിയതിന് പിന്നാലെ സംസ്ഥാനത്ത് ആള്‍കൂട്ടങ്ങള്‍ നിയന്ത്രിക്കാനായി സര്‍ക്കാര്‍ ശക്തമായ നടപടികളെടുക്കുമ്പോഴാണ് സിപിഎം പോളിറ്റ് ബ്യൂറോ അംഗമടക്കം നിയന്ത്രണങ്ങള്‍ ലംഘിച്ചത്.

കുത്തനെ കൊവിഡ് കേസുകൾ ഉയരുന്നത് കണക്കിലെടുത്ത് സംസ്ഥാനത്ത് കഴിഞ്ഞ ദിവസം  ആൾക്കൂട്ടങ്ങൾക്ക് കർശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. വിവാഹ-മരണ ചടങ്ങുകളിൽ പങ്കെടുക്കാവുന്നത് പരാമവധി 50 പേരായി ചുരുക്കി. പൊതുപരിപാടികൾ ഓൺലൈനാക്കണം, പൊതുയോഗങ്ങൾ കഴിവതും ഒഴിവാക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. പക്ഷെ അടച്ചിടൽ ആശങ്കയുടെ വക്കിൽ നിൽക്കെ സമൂഹതിരുവാതിര സംഘടിപ്പിച്ചാണ് തിരുവനന്തപുരത്ത് സിപിഎം ജില്ലാ സമ്മേളനത്തിന് തയ്യാറെടുത്തത്.

പാറശ്ശാല ഏര്യാ കമ്മിറ്റിയിലെ 501 സ്ത്രീകൾ ആണ് സമൂഹതിരുവാതിരയില്‍ പങ്കെടുത്തത്. കാഴ്ചക്കാരായി നിരവധി പേർ എത്തിയിരുന്നു. സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയും ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും കാഴ്ചക്കാരായി എത്തിയിരുന്നു. നിയന്ത്രണങ്ങള്‍ ലംഘിച്ച് ആളുകള്‍ കൂടിയിട്ടും പൊലീസ് ഇതൊന്നും കാണാതെ സുരക്ഷയൊരുക്കി.

കോഴിക്കോട് ജില്ലാ പ്രതിനിധി സമ്മേളനത്തിലും 250ലേറെ പേരാണ് പങ്കെടുക്കുന്നത്. കോഴിക്കോട് ബീച്ച് സമുദ്ര ഓഡിറ്റോറിയത്തിൽ ആണ് ജില്ലാ സമ്മേളനം നടക്കുന്നത്. പൊതുസമ്മേളനത്തിലേക്ക് പൊതുജനം വരേണ്ടെന്നാണ് നിലവിലെ നിർദ്ദേശം. മുഖ്യമന്ത്രി പിണറായി വിഡജയനും സമ്മേളനത്തിൽ  ഉടനീളം  പങ്കെടുക്കുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങൾ രാത്രികാല, വാരാന്ത്യ നിയന്ത്രണങങ്ങളിലേക്ക് ഒക്കെ കടന്നപ്പോഴും, സിപിഎം സമ്മേളനങ്ങൾ കാരണമാണ് കേരളം കടുത്ത നടപടികളെടുക്കാത്തത് എന്ന് അഭിപ്രായമുയരുന്നുണ്ട്. 

നിയന്ത്രണങ്ങൾ പാർട്ടി സമ്മേളനങ്ങൾക്കും ബാധകമെന്നാണ് ആരോഗ്യമന്ത്രി പറയുന്നത്. പക്ഷെ ഇടപെടലുണ്ടാകുമോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടിയുമില്ല. പകുതി ജില്ലാ സമ്മേളനങ്ങൾ മാത്രമാണ് ഇതുവരെ പൂർത്തിയായത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സമ്മേളനങ്ങൾ നടത്തുമെന്ന് പാർട്ടി പറയുമ്പോഴാണ് ഇങ്ങനെ മെഗാ തിരുവാതിരയും സർക്കാർ നിയന്ത്രണങ്ങൾ ലംഘിച്ചുള്ള ആൾക്കൂട്ടങ്ങളും. ഇനിയുള്ള സമ്മേളനങ്ങളിലും ജാഗ്രതക്കുറവുണ്ടാകുമോ എന്നാണ് അറിയേണ്ടത്.

PREV
click me!

Recommended Stories

കൊല്ലത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു
'മുഖ്യമന്ത്രി പരാജയം സമ്മതിച്ചു, സ്വർണക്കൊള്ളയിൽ എസ്ഐടി പ്രതികളെ സംരക്ഷിക്കുന്നു': സണ്ണി ജോസഫ്