എലപ്പുള്ളി ബ്രൂവറി പദ്ധതിയിൽ നിന്ന് ഒരിഞ്ച് പിന്നോട്ട് പോകില്ലെന്ന് എക്സൈസ് മന്ത്രി. ഹൈക്കോടതിയിലെ തിരിച്ചടിക്ക് കാരണം ജല വകുപ്പ് ക്യാബിനറ്റ് ധാരണ ലംഘിച്ചതാണെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം, തടസങ്ങൾ നീക്കി പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും പറഞ്ഞു
തിരുവനന്തപുരം: എലപ്പുള്ളി ബ്രൂവറി പദ്ധതിയിൽ നിന്ന് ഒരിഞ്ച് പിന്നോട്ടില്ലെന്ന് തദ്ദേശ എക്സൈസ് മന്ത്രി എം ബി രാജേഷ്. പദ്ധതി നടപ്പിലാക്കാൻ മന്ത്രിസഭ കൂട്ടായ തീരുമാനമാണ് എടുത്തതെന്നും സർക്കാർ ഇതുമായി മുന്നോട്ട് തന്നെ പോകുമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പദ്ധതിക്കെതിരെയുള്ള ഹൈക്കോടതി വിമർശനത്തിന് കാരണം ജലവിഭവ വകുപ്പിന്റെ നിലപാടാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. ജലലഭ്യത ഉറപ്പാക്കുമെന്ന മുൻപത്തെ തീരുമാനത്തിൽ നിന്ന് ജലവിഭവ വകുപ്പ് മലക്കം മറിഞ്ഞതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും ക്യാബിനറ്റ് ധാരണ ലംഘിക്കപ്പെട്ടതിന്റെ കാരണം അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സാങ്കേതികമായ തടസ്സങ്ങൾ പരിഹരിച്ച് ബ്രൂവറി പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുമെന്ന് മന്ത്രി ഉറപ്പിച്ചു പറഞ്ഞു. കേരളത്തിന് ഇത്തരമൊരു പദ്ധതി അനിവാര്യമാണ്. നിലവിൽ നേരിടുന്ന തടസ്സങ്ങൾ നീക്കി പദ്ധതി നടപ്പിലാക്കാനാണ് എക്സൈസ് വകുപ്പ് ലക്ഷ്യമിടുന്നത്. ജലവിഭവ വകുപ്പ് സ്വീകരിച്ച നിലപാട് പരിശോധിക്കുമെന്നും മന്ത്രിസഭയുടെ പൊതുവായ താല്പര്യം സംരക്ഷിക്കപ്പെടുമെന്നും എം ബി രാജേഷ് കൂട്ടിചേർത്തു.

ഹൈക്കോടതിയിലേറ്റത് കനത്ത തിരിച്ചടി
എലപ്പുള്ളി ബ്രൂവറിയുമായി ബന്ധപ്പെട്ട കേസിൽ ഇക്കഴിഞ്ഞ ഡിസംബറിലാണ് സംസ്ഥാന സർക്കാരിന് ഹൈക്കോടതിയിൽ കനത്ത തിരിച്ചടിയേറ്റത്. സർക്കാർ നൽകിയ പ്രാഥമിക അനുമതി അന്ന് ഹൈക്കോടതി റദ്ദാക്കിയിരുന്നു. കാര്യമായ അപഗ്രഥനം നടത്താതെയാണ് പ്രാഥമിക അനുമതി നൽകിയതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അനുമതി റദ്ദാക്കിയത്. വേണ്ടത്ര പഠനം നടത്തിയില്ലെന്നും വിശദമായ പഠനം ഇക്കാര്യത്തിൽ വേണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. വിശദമായ പഠനം നടത്തിയ ശേഷം അനുമതി നൽകണോ വേണ്ടയോ എന്ന് സംബന്ധിച്ച് സർക്കാരിന് വീണ്ടും തീരുമാനിക്കാമെന്നും ഹൈക്കോടതി ഡിവിഷൻ ബഞ്ച് വ്യക്തമാക്കിയിരുന്നു. ഒയാസിസ് കമ്പനിക്ക് നൽകിയ പ്രാഥമിക അനുമതിയാണ് റദ്ദാക്കിയത്.


