
തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗണ്‍സിൽ യോഗത്തിൽ കാനം രാജേന്ദ്രന് വിമർശനം. ജോസ് കെ മാണിയുടെ മുന്നണി പ്രവേശനത്തിലടക്കം നേതൃത്വം പാർട്ടിയെ എകെജി സെന്‍ററില്‍ കൊണ്ടു കെട്ടിയെന്ന് വിമർശനമുയർന്നു. ജോസ് കെ മാണിയുടെ മുന്നണി പ്രവേശനത്തെ ആദ്യ എതിർത്ത കാനം പിന്നീട് മലക്കംമറിഞ്ഞ് സിപിഎം തീരുമാനത്തിനൊപ്പം നിന്നതിലാണ് വിമർശനം. സ്വർണ്ണക്കടത്ത് വിവാദത്തിലും സിപിഎമ്മിന് സഹായകമാകുന്നത് രീതിയിലാണ് സിപിഐ നേതൃത്വം നിലകൊണ്ടത്.
നയപരമായ വിഷയങ്ങളിൽ അടക്കം തിരുത്തൽ ശക്തിയായി നിന്ന സിപിഐ ഇപ്പോൾ സിപിഎമ്മിന് വിധേയപ്പെടുന്നതിലാണ് വിമർശനം. പാർട്ടിയെ കാനം എകെജി സെന്‍ററിൽ കൊണ്ടു കെട്ടുന്നുവെന്നാണ് പ്രധാന ആക്ഷേപം.കൊല്ലം ജില്ലയിലെ ആഭ്യന്തര പ്രശ്നങ്ങളും കൈവിട്ട നിലയിലാണ്.ജില്ലാ യോഗത്തിൽ നേതാക്കൾ പരസ്പരം പോർവിളിച്ച സംഭവത്തിൽ പി എസ് സുപാലിന് സസ്പെൻഷനും എം രാജേന്ദ്രന് താക്കീതുമാണ് നടപടി. ഏകപക്ഷീയമായ അച്ചടക്ക നടപടിക്കെതിരെയും കാനത്തിനെതിരെ വിമർശനമുയർന്നു.
മന്ത്രി വി എസ് സുനിൽകുമാർ ഒരാളെ മാത്രം സസ്പെന്‍റ് ചെയ്തത് ചോദ്യംചെയ്തപ്പോൾ ഭൂരിപക്ഷം ജില്ലാ ഘടകങ്ങളും പിന്തുണച്ചു. മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ പൊലീസ് നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് സിപിഐ രേഖപ്പെടുത്തിയത്. പരിഷ്കൃത സമൂഹത്തിന് അംഗീകരിക്കാൻ കഴിയാത്ത നടപടിയാണെന്നും തണ്ടർബോൾട്ടിന്‍റെ ആവശ്യം ഇപ്പോൾ സംസ്ഥാനത്തില്ലെന്നും പ്രമേയത്തിൽ സിപിഐ വ്യക്തമാക്കി. മജിസ്ട്രേറ്റ് അന്വേഷണം പൂർത്തിയാക്കി നടപടികൾ സ്വീകരിക്കണമെന്നും സർക്കാരിനോട് സിപിഐ ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam