
തിരുവനന്തപുരം: ഏക സിവില്‍ കോഡിനെതിരെ സംവാദ പരിപാടികളോടെ കെപിസിസി പ്രതിഷേധപരിപാടികളിലേക്ക് നീങ്ങുന്നു. ആദ്യഘട്ടം ഈമാസം കോഴിക്കോട് നിന്ന് തുടങ്ങും. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള രാഷ്ട്രീയ ധ്രുവീകരണത്തിന് ബിജെപി ശ്രമിക്കുമ്പോള്‍ വിഷയം ആളിക്കത്തിച്ച് മുതലെടുക്കാനാണ് സിപിഎം ശ്രമമെന്ന് കെപിസിസി രാഷ്ട്രീയ പ്രമേയത്തില്‍ കുറ്റപ്പെടുത്തി. പാര്‍ട്ടിയില്‍ ചര്‍ച്ചകളോ കൂടിയാലാചനകളോ നടക്കുന്നില്ലെന്ന വിമര്‍ശനവുമായി എ ഗ്രൂപ്പ് നേതാക്കള്‍ കെപിസിസി നേതൃത്വത്തിനെതിരെ തിരിഞ്ഞു. ഹൈബി ഈഡനെതിരെയും കെപിസിസി നേതൃയോഗത്തിൽ വിമർശനം ഉന്നയിച്ചു.
വലിയ പ്രക്ഷോഭങ്ങളിലേക്ക് കടക്കുംമുമ്പ്, ബഹുജന പങ്കാളിത്തത്തോടെ ഏക സിവില്‍ കോഡ് വിഷയം സജീവചര്‍ച്ചയാക്കാനാണ് കെപിസിസിയുടെ തീരുമാനം. മേഖലാടിസ്ഥാത്തില്‍ സംവാദ പരിപാടികള്‍. ആദ്യഘട്ടമെന്ന നിലയില്‍ കോഴിക്കോട്ട് മത സാമുദായിക സംഘടനകളെയും ഒപ്പം ചേര്‍ത്തുള്ള സംവാദം. ഏക വ്യക്തി നിയമം ഏതെങ്കിലും ഒരു വിഭാഗത്തിന്‍റെ മാത്രം പ്രശ്നമായി കാണാനാകില്ലെന്നും വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് ബിജെപി നടത്തുന്ന നീക്കങ്ങളെ സിപിഎം ആളിക്കത്തിക്കുകയാണെന്നും കെപിസിസിയുടെ രാഷട്രീയ പ്രമേയം കുറ്റപ്പെടുത്തി.
പാര്‍ട്ടിയില്‍ കൂടിയാലോചനകള്‍ ഇല്ലാത്തതിന്‍റെ പേരില്‍ കെപിസിസി നേതൃത്വത്തെ ബെന്നി ബെഹ്നാന്‍ എംപി രൂക്ഷമായി വിമര്‍ശിച്ചു. ബ്ലോക്ക് പുനഃസംഘടനാ മാതൃകയില്‍ മണ്ഡലം കമ്മിറ്റിയും പുനസംഘടിപ്പിച്ചാല്‍ പാര്‍ട്ടിയിലെ ഐക്യം ഇല്ലാതാകും. 110 ബ്ലോക്ക് പ്രസിഡന്‍റുമാരെ തീരുമാനിച്ചത് ഏകപക്ഷീയമായാണെന്ന് കെസി ജോസഫും കുറ്റപ്പെടുത്തി. ഹൈബി ഈഡന്‍ എംപി ഉയര്‍ത്തിയ തലസ്ഥാന വിവാദം അനവസരത്തിലായെന്ന് വര്‍ക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് കുറ്റപ്പെടുത്തി.
Also Read: തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന് ഹൈബി ഈഡന്‍; സ്വകാര്യ ബില്ലിനെ എതിർത്ത് കേരള സർക്കാർ
തലസ്ഥാനം കൊച്ചിക്ക് മാറ്റണമെന്ന ആവശ്യം ഉന്നയിച്ച ഹൈബി ഈഡനെ വലിയ വിമര്‍ശമാണ് പാര്‍ട്ടിയില്‍ തന്നെ ഉയര്‍ന്നത്. പാര്‍ട്ടിയോട് ആലോചക്കാതെ നടത്തിയ നീക്കത്തിനെതിരെയായിരുന്നു വിമര്‍ശനം. സ്വകാര്യ ബില്ലിൽ നിന്ന് പിൻമാറാൻ ഹൈബിയെ ഫോണിൽ വിളിച്ച് പ്രിതിപക്ഷ നേതാവ് തന്നെ നേരിട്ട് ആവശ്യപ്പെട്ടിരുന്നു. ഏകീകൃത സിവിൽ കോഡ് അടക്കം പ്രശ്നങ്ങളിൽ കേന്ദ്രവിരുദ്ധ സമീപനവുമായി കോൺഗ്രസ് മുന്നോട്ട് പോകുമ്പോൾ തലസ്ഥാനം കൊച്ചിക്ക് മാറ്റണമെന്ന ഹൈബി ഈഡന്റെ ആവശ്യം ബാലിശവും രാഷ്ട്രീയ ഗൗരവമില്ലാത്തതുമെന്ന പാര്‍ട്ടിയില്‍ ഒന്നടങ്കം ഉയര്‍ന്ന വിമര്‍ശനം.
വ്യവസായ തലസ്ഥാനമായ എറണാകുളത്തെ സംസ്ഥാന തലസ്ഥാനമാക്കേണ്ടതല്ലേയെന്ന ചർച്ചകള്‍ നേരത്തെയും ഉയർന്നിരുന്നു. ഹൈക്കോടതി ബഞ്ച് തിരുവനന്തപുരത്തേക്ക് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മാരത്തണ്‍ സമരങ്ങള്‍ വരെ തലസ്ഥാനത്തുണ്ടായിരുന്നു. ഇത്തരം ചർച്ചകള്‍ക്കിടെയാണ് കേരളത്തിന്റെ തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബിൽ അവതരണത്തിന് ഹൈബി ഈഡൻ അനുമതി തേടിയത്. കേരളത്തിന്റെ വടക്കേ അറ്റത്തും മധ്യകേരളത്തിലുള്ളവർക്കും തലസ്ഥാനത്തെ ഓഫീസുകളിലെത്താൻ ദീർഘദൂരം സഞ്ചരിക്കേണ്ടി വരുന്നുവെന്നാണ് ബില്ലിൽ ചൂണ്ടികാട്ടുന്നത്. സ്വകാര്യ ബില്ലായി അവതരിപ്പിക്കാനുള്ള ഹൈബിയുടെ ആവശ്യത്തെ സംസ്ഥാന സർക്കാർ എതിർപ്പറിയിക്കുമെന്ന് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...