
ദില്ലി: കടുത്ത ഭരണ വിരുദ്ധ വികാരം കേരളത്തിൽ തിരിച്ചടിക്ക് കാരണമായെന്ന് സിപിഎം സിസിയിൽ വിലയിരുത്തൽ. ആഴത്തിലുള്ള പരിശോധന നടത്തി തെറ്റു തിരുത്തണം. ഇല്ലെങ്കിൽ വലിയ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ചർച്ചയിൽ നേതാക്കൾ ചൂണ്ടിക്കാട്ടി. ഭരണ വിരുദ്ധ വികാരം മനസ്സിലാക്കാൻ സംസ്ഥാന ഘടകത്തിനായില്ല. സർക്കാരിന്റെ പദ്ധതികൾ ജനങ്ങളിലെത്തിക്കാനായില്ല തുടങ്ങിയ വിമർശനവുമുയർന്നു. ഭരണവിരുദ്ധ വികാരമുണ്ടായെന്ന വാദത്തോട് ചർച്ചയിൽ കെകെ ശൈലജ യോജിച്ചു.
കോൺഗ്രസിനോട് ചേർന്നുള്ള ദേശീയ ലൈൻ തിരിച്ചടിക്കിടയാക്കിയെന്ന് പി രാജീവ് വാദിച്ചു. കോൺഗ്രസ് ഉൾപ്പെട്ട മുന്നണിയുടെ ഭാഗമായതിനാൽ ജനങ്ങൾ ഒപ്പം നിന്നില്ലെന്നും കോൺഗ്രസ് അനുകൂല നയം തിരുത്തണം എന്ന് കേരള ഘടകത്തിന്റെ വികാരവും രാജീവ് അറിയിച്ചു. കേരളത്തിന്റെ നിലപാടിനോട് വിയോജിച്ച ഉത്തരേന്ത്യൻ നേതാക്കൾ രാജസ്ഥാനിൽ പാർട്ടിക്ക് സീറ്റു നേടാനായത് ചൂണ്ടിക്കാട്ടി. പികെ ശ്രീമതിയും ചർച്ചയിൽ പങ്കെടുത്തു. കേരളത്തിലെ തിരുത്തൽ നടപടിക്ക് പ്രത്യേക രേഖ വന്നേക്കും എന്ന് നേതാക്കൾ അറിയിച്ചു. പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സമ്മേളനങ്ങൾ ഒക്ടോബറിൽ തുടങ്ങാൻ ധാരണയായി.
ജനവിശ്വാസം തിരിച്ചു പിടിക്കാനുള്ള ശക്തമായ നപടികൾ ഉണ്ടാകും എന്ന് സിപിഎം കേന്ദ്ര കമ്മറ്റി വ്യക്തമാക്കി. കേരളത്തിൽ അടക്കം അകന്നുപോയവരെ തിരികെ കൊണ്ടുവരാൻ നടപടിയുണ്ടാകും. ഇതിനായി മാർഗരേഖ തയാറാക്കും എന്നും നേതാക്കൾ പറഞ്ഞു. കേന്ദ്ര കമ്മറ്റി യോഗം നാളെ അവസാനിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam