
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കും സിജെപിയുടെ പ്രക്ഷോഭ വിജയത്തിനും പിന്നാലെ, കോൺഗ്രസ് പുറത്തിറക്കിയ ഗ്രാഫിക് കാർഡിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ അഡ്വ ഹരീഷ് വാസുദേവൻ. എവരി എംപയർ ഫാൾസ് ഇവൻച്വലി, ഇങ്ങനെ ഒന്ന് തുനിഞ്ഞിറങ്ങിയാൽ മുട്ടുമടക്കാതെ പിന്നെ എങ്ങനെ എന്ന പോസ്റ്ററുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. എന്നാൽ സമരത്തിന് നേതൃത്വം നൽകിയ സിജെപിയെക്കുറിച്ച് പരാമർശിക്കാതിരുന്നത് മര്യാദകേടാണെന്ന് ഹരീഷ് വാസുദേവൻ വിമർശിച്ചു.
സിജെപിയുടെ നിർണായക റോൾ ഒരു വാക്കുകൊണ്ടുപോലും അംഗീകരിക്കാത്തത് രാഹുൽ ഗാന്ധിയുടെ വില കുറയ്ക്കുകയേ ഉള്ളൂവെന്ന് അഡ്വ. ഹരീഷ് വാസുദേവൻ പറഞ്ഞു. പ്രതിപക്ഷ നിരയ്ക്ക് പോലും യുവാക്കളെ ഇളക്കാൻ കഴിയാതിരുന്ന വിഷയം രാജ്യത്തെക്കൊണ്ട് ഏറ്റെടുപ്പിക്കുകയും, ലക്ഷക്കണക്കിന് യുവാക്കളെ ഡൽഹിയിൽ അണിനിരത്തി സർക്കാരിനെ മുട്ടുമടക്കിക്കുകയും ചെയ്തത് സിജെപിയാണ്. അവഗണിക്കാൻ കഴിയാത്ത സാഹചര്യത്തിൽ മാത്രമാണ് രാഹുൽ ഗാന്ധിയും കോൺഗ്രസും സമരത്തെ പിന്തുണച്ചതെന്നും, കോൺഗ്രസിനെക്കാൾ യുവാക്കളെ സ്വാധീനിക്കാൻ അഭിജിത്ത് ദീപ്കേയ്ക്കും കൂട്ടർക്കും കഴിഞ്ഞുവെന്നത് വ്യക്തമാണെന്നും അദ്ദേഹം കുറിച്ചു.
അതേസമയം, ധർമ്മേന്ദ്ര പ്രധാന്റെ രാജിയോടെ തങ്ങളുടെ പ്രധാന ആവശ്യം അംഗീകരിക്കപ്പെട്ടെന്നും സമരം അവസാനിപ്പിച്ചെന്നും സിജെപി നേതാക്കൾ അറിയിച്ചു. കേന്ദ്ര സർക്കാറുമായി നടത്തിയ ചർച്ചയിലാണ് ഈ തീരുമാനം. സമരക്കാർക്കെതിരെ ദില്ലിയിലും പുറത്തും രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുമെന്ന് കേന്ദ്രം ഉറപ്പ് നൽകിയിട്ടുണ്ട്. ഇതിന്റെ രേഖാമൂലമുള്ള ഉറപ്പ് ചൊവ്വാഴ്ച നൽകും. ചട്ടങ്ങൾ പരിശോധിച്ച് പരമാവധി സഹായധനം നഷ്ടപരിഹാരമായി അനുവദിക്കുമെന്ന് കേന്ദ്രമന്ത്രി ജെ.പി. നദ്ദ വ്യക്തമാക്കി. നാല് ആഴ്ചകൾക്ക് ശേഷം അടുത്ത ചർച്ച നടത്താനും തീരുമാനമായിട്ടുണ്ട്. സിജെപിയും പ്രതിപക്ഷവും സമരം ശക്തമാക്കിയതിനെ തുടർന്നാണ് പ്രധാൻ രാജിവെക്കാതിരുന്ന നിലപാടിൽ നിന്ന് കേന്ദ്ര സർക്കാർ ഒടുവിൽ വഴങ്ങിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam