
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ കാർഷിക മേഖലയിലെ മുഖാമുഖം പരിപാടിക്ക് 33 ലക്ഷം അനുവദിച്ച് സർക്കാർ. കർഷകർക്ക് പല സബ്സിഡി ഇനങ്ങളിൽ കോടികണക്കിന് രൂപ കുടിശികയുള്ളപ്പോഴാണ് മുഖാമുഖത്തിന് തുക അനുവദിക്കുന്നത്. അടുത്ത മാസം രണ്ടിന് ആലപ്പുഴയിലാണ് പരിപാടി. സബ്സിഡി കുടിശ്ശിക നിലനിൽക്കെ പരിപാടിക്കായി ലക്ഷങ്ങൾ ചിലവഴിച്ചത് വലിയ വിമർശനങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്.
ഹോർട്ടികോർപ്പിന് പച്ചക്കറി വിറ്റ വകയിൽ നൽകാനുള്ളത് കോടികള്‍, പമ്പിംഗ്സബ്സിഡി, വിള നാശ നഷ്ടപരിഹാരം എന്നീ ഇനങ്ങളിലും ഉള്ളത് കോടികളുടെ കുടിശ്ശികയാണ്. ഇതിനിടെയാണ് കാർഷിക മേഖലയിലെ മുഖാമുഖത്തിനുള്ള 33 ലക്ഷം അനുവദിക്കൽ തീരുമാനം വരുന്നത്. നവകേരള സദസ്സിൻ്റെ തുടർച്ചയായ പരിപാടിക്കാണ് ചെലവ്. ഇതിൽ 20 ലക്ഷം കൃഷിവകുപ്പിൻ്റെ പദ്ധതി ചെലവിനായി വകയിരുത്തിയ തുകയിൽ നിന്നാണ് നൽകുന്നത്. ബാക്കി വകുപ്പിന് കീഴിൽ ലാഭത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ നിന്നും പൊതുമേഖലാ ബാങ്കുകളിൽ നിന്നും സ്പോൺസർഷിപ്പായി കണ്ടെത്താനാണ് ഉത്തരവ്. മുഖാമുഖത്തിനൊപ്പം പ്രദർശനവും സംഘടിപ്പിക്കുന്നുണ്ട്.
നേരത്തെ കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിലെ മുഖാമുഖത്തിൻ്റെ പന്തൽ നിർമ്മിക്കാൻ 18 ലക്ഷം അനുവദിച്ചിരുന്നു. ഉന്നത വിദ്യാഭ്യാസവകുപ്പിൻ്റെ ഫണ്ടിൽ നിന്നായിരുന്നു പണം നൽകിയത്. കൊട്ടിഘോഷിച്ചുള്ള മുഖാമുഖത്തിനിടെ പ്രമുഖരുടെ പല ചോദ്യങ്ങളോടും മുഖ്യമന്ത്രി കയർത്തും പരിഹസിച്ചും മറുപടി നൽകിയതും വിവാദമായിരുന്നു. നവകേരള സദസ്സും മുഖാമുഖവും ധൂർത്താണെന്ന പ്രതിപക്ഷ ആക്ഷേപത്തിനിടെയാണ് വീണ്ടും വീണ്ടും പല വകുപ്പുകളിൽ നിന്നും പണം നൽകുന്നത്.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam