
എം. ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അനുശോചനം രേഖപ്പെടുത്തി. മലയാളസാഹിത്യ, സാംസ്‌കാരിക മണ്ഡലത്തിൽ വെളിച്ചം പകർന്നു കത്തിക്കൊണ്ടിരുന്ന വിളക്കാണ് അണഞ്ഞതെന്ന് മന്ത്രി പറഞ്ഞു.
ഈ നഷ്ടം വാക്കുകൾക്ക് വിവരണാതീതമാണ്. എം.ടി എന്ന രണ്ടക്ഷരം മലയാളത്തിന്റെ വികാരമാണ്. കഴിഞ്ഞ ആറു പതിറ്റാണ്ടിലേറെക്കാലമായി മലയാളിയുടെ സൗന്ദര്യബോധത്തെയും ഭാവുകത്വത്തെയും ജീവിതാനുഭവങ്ങളെയും നവീകരിച്ച സാഹിത്യകാരനാണ് അദ്ദേഹം. എഴുത്തുകാരൻ എന്ന നിലയിൽ മാത്രമല്ല, നമ്മുടെ സാംസ്‌കാരികമേഖലയുടെയാകെ ബ്രാൻഡ് അംബാസിഡർ ആയിരുന്നു അദ്ദേഹം. കേരളത്തിന്റെ സാംസ്‌കാരിക മേഖലയില്‍ ശക്തിയാര്‍ജ്ജിക്കാനുള്ള ഫാഷിസ്റ്റ് ശ്രമങ്ങള്‍ക്കെതിരെയുള്ള ശക്തമായി നിലയുറപ്പിച്ച പോരാളി കൂടെയായിരുന്നു അദ്ദേഹമെന്ന് മന്ത്രി സ്മരിച്ചു.
കോഴിക്കോട്ടെ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് രാത്രിയോടെയായിരുന്നു മലയാളത്തിന്റെ അതുല്യപ്രതിഭ എം.ടി. വാസുദേവൻ നായരുടെ അന്ത്യം. ഏഴുപതിറ്റാണ്ട് എഴുത്തിന്റെ 'സുകൃത'മായി നിറഞ്ഞ അതുല്യ വ്യക്തിത്വമാണ് മലയാളത്തോട് വിടപറയുന്നത്. കൈവെച്ച മേഖലകളിൽ എല്ലാം 'ഉയരങ്ങളിൽ' എത്തിയ പ്രതിഭാശാലിയായിരുന്നു എം.ടി.
എഴുത്തിന്റെ 'പെരുന്തച്ചന്' വിട; എം.ടി വാസുദേവൻ നായർ അന്തരിച്ചു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam