
തിരുവനന്തപുരം: എംഎൽഎമാരുടെ ശമ്പളം വർധിപ്പിക്കുന്നതിൽ അതിവേഗ നീക്കവുമായി സർക്കാർ. പ്രതിപക്ഷവും ഇക്കാര്യത്തില്‍ സര്‍ക്കാരിനൊപ്പമാണ്. ശമ്പളം എന്ന പേരിൽ നിലവിൽ ഒരു ജനപ്രതിനിധിയ്ക്ക് ലഭിക്കുന്ന ഫിക്സഡ് അലവൻസ് 2000 രൂപയാണ്. ഇതിനോടൊപ്പം മണ്ഡല അലവൻസായി 25,000 രൂപ ഫോൺ വാടക 11,000 രൂപ, ഇൻഫർമേഷൻ അലവൻസ് 4,000 രൂപ, സത്കാരത്തിനുളള അലവൻസ് 8,000 രൂപ, യാത്രാബത്ത 25,000 രൂപ എന്നിങ്ങനെ ലഭിക്കും.
അങ്ങനെ ആകെ അലവൻസുകൾ കൂട്ടി വരുമ്പോൾ പ്രതിമാസം എംഎൽയ്ക്ക് കിട്ടുന്ന അലവൻസ് 70,000 രൂപയാണ്. ഇത് കൂടാതെ എംഎൽഎമാർക്ക് ടിഎയും ഡിഎയും ലഭിക്കും. റോഡ് യാത്രയ്ക്ക് കിലോമീറ്ററിന് 10 രൂപയാണ് കിട്ടുക. ഇന്ധനം നിറയ്ക്കാനും ട്രെയിൻ യാത്രക്കും പ്രതിവർഷം നാല് ലക്ഷം രൂപയുണ്ട്. വിമാനയാത്രാക്കൂലിയായി 50,000 രൂപയുമാണ് കിട്ടുക. പുസ്തകം വാങ്ങാനും അലവൻസ് ലഭിക്കും. പ്രതിവർഷം ഇതിനായി 15,000 രൂപ ഒരു എംഎൽഎമാർക്ക് നൽകുന്നുണ്ട്.
കൂടാതെ അണ്ടർ സെക്രട്ടറി റാങ്ക് വരെയുള്ള ഒരു ഉദ്യോഗസ്ഥന്‍റെ സേവനം എംഎൽഎയ്ക്ക് ലഭ്യമാകും. 20000 രൂപ സ്റ്റാഫ് അലവൻസാണ് ഇതിന് അനുവദിക്കുന്നത്. ദൂരപരിധിയില്ലാതെ റോഡ്, റെയിൽ യാത്രകൾ, ട്രെയിനിൽ ഫസ്റ്റ് ക്ലാസ് എസി ടിക്കറ്റ് എന്നിങ്ങനെ മറ്റ് ആനുകൂല്യങ്ങളുമുണ്ട്. ഇന്ധനം നിറയ്ക്കാനും ട്രെയിൻ യാത്രാ കൂപ്പൺ ഇനത്തിലുമായി പ്രതിവർഷം നാല് ലക്ഷം രൂപ വരെയാണ് അനുവദിക്കുക. ചികിത്സാച്ചെലവും മുഴുവനായി അനുവദിക്കും.
പലിശരഹിത വായ്പയും പുസ്തക അലവൻസുമെല്ലാം വേറെയാണ്. സഭാ സമ്മേളനത്തിനെത്തിയാൽ ആയിരം രൂപ പ്രതിദിന അലവൻസുണ്ട്. നിയമസഭാ സാമാജികർക്ക് പെൻഷനുമുണ്ട്. അഞ്ച് വർഷം കാലാവധി തികച്ച ഒരംഗത്തിന് പ്രതിമാസം 20,000 രൂപയാണ് പെൻഷൻ. ഇപ്പോഴുള്ള ആനുകൂല്യങ്ങൾ 35 ശതമാനം വരെ വർധിപ്പിക്കാൻ സാധ്യത ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam