
ആലുവ: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ എഞ്ചിനിയറിങ് വിദ്യാർത്ഥികളുടെ ടെക് ഫെസ്റ്റിനിടെ വലിയ അപകടം. ഗാനമേള കാണാനെത്തിയ വിദ്യാർത്ഥികളുടെ തിക്കും തിരക്കിലും പെട്ട് മൂന്ന് വിദ്യാർത്ഥികളടക്കം നാല് പേർ മരിച്ചു. ഇന്ന് വൈകിട്ട് ഏഴ് മണിയോടെ ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ ഗാനമേള കാണാനെത്തിയ വിദ്യാർത്ഥികളാണ് അപകടത്തിൽ പെട്ടത്.
കുസാറ്റിലെ എഞ്ചിനീയറിങ് രണ്ടാം വർഷ വിദ്യാർത്ഥികളായ അതുൽ തമ്പി, സാറാ തോമസ്, ആൻ റുഫ്തോ എന്നിവരും പാലക്കാട് മുണ്ടൂർ സ്വദേശി ആൽബിൻ ജോസഫുമാണ് മരിച്ചത്. ആൽബിൻ ഇവിടുത്തെ പൂർവ വിദ്യാർത്ഥിയാണെന്നും സുഹൃത്തിനൊപ്പം ഇവിടെ എത്തിയതാണെന്നും പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ സ്ഥിരീകരണം വന്നിട്ടില്ല. ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. നാളെ രാവിലെ ഏഴ് മണിയോടെ പോസ്റ്റ്‌മോർട്ടം നടക്കും. രണ്ട് മൃതദേഹങ്ങൾ കളമശേരി മെഡിക്കൽ കോളേജിലും രണ്ട് മൃതദേഹങ്ങൾ എറണാകുളം ജനറൽ ആശുപത്രിയിലും പോസ്റ്റ്‌മോർട്ടം നടത്തും.
അപകടത്തിൽ 64 പേർക്ക് പരിക്കേറ്റുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് കോഴിക്കോട് പ്രതികരിച്ചു. ഇവരിൽ രണ്ട് പേരുടെ നില അതീവ ഗുരുതരമായതിനാൽ മെഡിക്കൽ കോളേജിൽ നിന്നും ആസ്റ്റർ മെഡിസിറ്റിയിലേക്ക് മാറ്റി. മറ്റുള്ളവർ മെഡിക്കൽ കോളേജിനും കിന്റർ, സൺറൈസ് തുടങ്ങിയ സ്വകാര്യ ആശുപത്രികളിലുമായി ചികിത്സയിലാണ്. അപകടത്തിൽ പെട്ടവരെ കുറിച്ച് അറിയാൻ ഹെൽപ്‌ലൈൻ നമ്പറുകൾ തുടങ്ങിയിട്ടുണ്ട്. അപകടത്തിന്റെ പശ്ചാത്തലത്തിൽ നവ കേരള സദസിൽ പങ്കെടുക്കുന്ന മന്ത്രിമാർ പി രാജീവും ആർ ബിന്ദുവും കുസാറ്റിലേക്ക് തിരിച്ചു. നവ കേരള സദസ്സിന്റെ നാളത്തെ ആഘോഷ പരിപാടികളും രാവിലത്തെ മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനവും റദ്ദാക്കി.
അപകട സ്ഥലം പ്രതിപക്ഷ നേതാവ് വിഡി സതീശൻ, ഹൈബി ഈഡൻ എംപി, എഡിജിപി എംആർ അജിത് കുമാർ, തുടങ്ങിയ പ്രമുഖർ സന്ദർശിച്ചു. ഗാനമേള നടക്കുന്ന ആംഫിതിയേറ്ററിലേക്ക് പ്രവേശനം നിയന്ത്രിച്ചിരുന്നു. വിദ്യാർത്ഥികൾ സംഘടിപ്പിച്ച പരിപാടി നിയന്ത്രിച്ചതും വിദ്യാർത്ഥികളായിരുന്നു. വിദ്യാർത്ഥികൾ തന്നെയായിരുന്നു വളണ്ടിയർമാർ. സ്കൂൾ ഓഫ് എഞ്ചിനീയറിങിലെയും ടെക് ഫെസ്റ്റിൽ പങ്കെടുക്കാനെത്തിയ വിദ്യാർത്ഥികൾക്കും മാത്രമായിരുന്നു ഗാനമേളയ്ക്ക് പ്രവേശനം. ഇവർക്ക് പ്രത്യേകം ടീ ഷർട്ട് നൽകിയിരുന്നു. ഇത് ധരിച്ചവർക്ക് മാത്രമായിരുന്നു. പ്രവേശനം.
വൈകിട്ട് ഏഴ് മണിയോടെ വിദ്യാർത്ഥികളെ പരിപാടി നടക്കുന്ന ഓഡിറ്റോറിയത്തിലേക്ക് പ്രവേശിപ്പിക്കുന്നതിനിടയിൽ പുറത്ത് മഴ പെയ്തു. ഈ സമയത്ത് വിദ്യാർത്ഥികൾ തള്ളിക്കയറാൻ ശ്രമിച്ചു. ആംഫിതിയേറ്ററിലേക്ക് ഇറങ്ങി പോകുന്ന പടികളിലുണ്ടായിരുന്ന വിദ്യാർത്ഥികൾ പുറകിൽ നിന്നുള്ള തള്ളലിൽ നിലത്ത് വീണു. ഇവർക്ക് മുകളിലേക്ക് പിന്നെയും വിദ്യാർത്ഥികൾ വീണു. വീണുകിടന്ന വിദ്യാർത്ഥികളെ പിന്നാലെയെത്തിയവർ ചവിട്ടിയതും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി. അപകട സ്ഥലത്ത് നിന്നും ഉടൻ തന്നെ പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. ഇവരിൽ ആൽബിനടക്കം മരിച്ച നാല് പേരും ആശുപത്രിയിലെത്തും മുൻപ് അന്ത്യശ്വാസം വെടിഞ്ഞിരുന്നു. മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കുസാറ്റ് അപകടം | ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam