
കൊച്ചി: കളമശ്ശേരി കുസാറ്റ് ക്യാമ്പസില്‍ ടെക് ഫെസ്റ്റിനിടെയുണ്ടായ ദുരന്തത്തില്‍ മരിച്ച നാലുപേരില്‍ മൂന്നുപേരെ തിരിച്ചറിഞ്ഞു.. മരിച്ച മൂന്നുപേരും കുസാറ്റിലെ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികളാണ്. സിവില്‍ എന്‍ജിനീയറിങ് രണ്ടാം വര്‍ഷം വിദ്യാര്‍ത്ഥിയായ എറണാകുളം കുത്താട്ടുകുളം സ്വദേശി അതുല്‍ തമ്പി, രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനികളായ നോര്‍ത്ത് പറവര്‍ സ്വദേശിനി ആന്‍ റുഫ്ത, കോഴിക്കോട് താമരശ്ശേരി കോരങ്ങാട് സ്വദേശിനി സാറാ തോമസ് എന്നിവരാണ് മരിച്ചത്. മരിച്ച മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ച ഒരാളെ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചറിയാനായിട്ടില്ല. പുറത്തുനിന്ന് ഉള്‍പ്പെടെയുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തതിനാല്‍ തന്നെ അങ്ങനെ സ്ഥലത്തെത്തിയവരില്‍ ആരെങ്കിലുമാണോ ഇതെന്ന് ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് പരിശോധിക്കുന്നത്. അതേസമയം, പരിക്കേറ്റ് ചികിത്സയിലുള്ള രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ കളമശ്ശേരി മെഡിക്കല്‍ കോളജില്‍നിന്ന് ആസ്റ്റംര്‍ മെഡിസിറ്റിയിലേക്ക് മാറ്റി. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ഗുരുതരാവസ്ഥയില്‍ തുടരുന്ന രണ്ടുപേരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതര്‍ അറിയിച്ചു. രണ്ടുപേരും ഐസിയുവിലാണ്. ഇവര്‍ക്ക് പുറമെ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ 34പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 15 പേര്‍ കിന്‍ഡര്‍ ആശുപത്രിയിലും ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. മെഡിക്കല്‍ കോളേജില്‍ ചികിത്സ ഉറപ്പാക്കാന്‍ കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ നിയോഗിച്ചിട്ടുണ്ട്.
മറ്റു ആശുപത്രികളിലും ചെറിയ പരിക്കുകളോടെ വിദ്യാര്‍ത്ഥികള്‍ ചികിത്സ തേടിയിട്ടുണ്ട്. ഇതിനാല്‍ തന്നെ പരിക്കേറ്റവരുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുണ്ട്. 2000ത്തിലേറെ കുട്ടികൾ പഠിക്കുന്നതാണ് കുസാറ്റിലെ എഞ്ചിനീയറിങ് കോളേജ്. മൂന്ന് ദിവസമായി നടന്ന ടെക് ഫെസ്റ്റിന്റെ ഭാഗമായി ഇന്ന് അവസാന ദിനം നിഖിത ഗാന്ധിയുടെ ഗാനമേള നടന്നുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്. ഗാനമേള നടന്ന ഓഡിറ്റോറിയത്തിന് അകത്തും പുറത്തും വിദ്യാർത്ഥികളുടെ വലിയ തിരക്കുണ്ടായിരുന്നു. പെട്ടെന്ന് മഴ പെയ്തപ്പോൾ ഓഡിറ്റോറിയത്തിന് അകത്തേക്ക് പുറത്തുനിന്നവർ തിക്കി തിരക്കി കയറി. ഇതോടെയാണ് ദാരുണമായ അപകടം ഉണ്ടായത്. തിക്കിലും തിരക്കിലും പെട്ട് വീണ കുട്ടികൾക്ക് ചവിട്ടേറ്റാണ് പരിക്കേറ്റത്. ആശുപത്രിയിലെത്തിച്ചപ്പോൾ തന്നെ ഒരാൾ മരിച്ചിരുന്നു. മറ്റ് മൂന്ന് പേർ ആശുപത്രിയിലെത്തിയ ഉടനെ മരണമടഞ്ഞു. മൃതദേഹങ്ങൾ കളമശേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam