തെളിവുണ്ടോ എന്ന് സ്വപ്ന; ഒരു മണിക്ക് ഫ്ലാറ്റിൽ ഒത്തുകൂടിയത് പ്രാര്‍ത്ഥിക്കാനല്ലെന്ന് കസ്റ്റംസ്

By Web TeamFirst Published Aug 7, 2020, 12:26 PM IST
Highlights

ഉന്നതനായ ഒരു ഓഫീസറും രാത്രി ഫ്ലാറ്റിൽ എത്തിയിട്ടുണ്ട്. കുറ്റവാളിയല്ലെങ്കിൽ സ്വപ്ന സന്ദീപിനൊപ്പം കേരളം വിട്ടതെന്തിനെന്ന് കസ്റ്റംസ് 

കൊച്ചി: സ്വര്‍ണക്കടത്ത് കേസിൽ തെളിവു ശേഖരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന സ്വപ്ന സുരേഷിന്റെ വാദത്തിന് ശക്തമായ എതിര്‍വാദങ്ങളുമായി കസ്റ്റംസ് കോടതിയിൽ.  സര്‍ക്കാരിൽ സ്വാധീനം ഉണ്ടെന്നാണ് കസ്റ്റംസ് പറയുന്നത്. കോൺസുലേറ്റ് ഉദ്യോസ്ഥ എന്ന നിലയിൽ ഭരണത്തിൽ സ്വാധീനം ഉണ്ടാകുന്നത് സ്വാഭാവികമാണെന്നായിരുന്നു ജാമ്യാപേക്ഷയിൽ സ്വപ്നയുടെ വാദം.

അത്തരം സ്വാധീനത്തിൽ എന്ത് തെറ്റാണുള്ളത്? സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്തെന്ന കുറ്റത്തിന് കഴിഞ്ഞ ഒരു മാസമായിട്ടും തെളിവ് കണ്ടെത്താൻ കസ്റ്റംസിന് കഴിഞ്ഞിട്ടില്ലെന്ന് സ്വപ്ന സുരേഷ് കോടതിയിൽ വാദിച്ചു. പൊലീസിൽ സ്വാധീനം ഉണ്ടെന്നാണ് കസ്റ്റംസ് പറയുന്നത്. കസ്റ്റംസ് അന്വേഷിക്കുന്ന കേസിൽ പൊലീസിലെ സ്വാധീനം കൊണ്ട് എന്ത് ഗുണമാണ് ഉള്ളതെന്നും സ്വപ്ന വാദിച്ചു. 

അതേ സമയം കേസിൽ സ്വപ്ന സുരേഷിനെതിരെ ശക്തമായ തെളിവുണ്ടെന്നാണ് കസ്റ്റംസ് പറയുന്നത്. കുറ്റസമ്മത മൊഴിക്കപ്പുറം തെളിവുകൾ ഏറെ ഉണ്ട്. സന്ദീപിന്‍റെ ഭാര്യ സ്വപ്നക്കെതിരെ മൊഴി നൽകിയിട്ടുണ്ട്. ബാഗിൽ സ്വർണം ഉണ്ടെന്ന് ഉറപ്പുള്ളത് കൊണ്ടാണ് തിരിച്ചയക്കാൻ സ്വപ്ന ശ്രമിച്ചത്. ഉന്നത ബന്ധം ഉപയോഗിച്ചാണ് കേരളത്തിൽ നിന്ന് കടന്നത്.

കൊവിഡ് കാലത്തെ കര്‍ശന പരിശോധനകൾക്ക് ഇടയിലും ചെക്പോസ്റ്റിലൂടെ പ്രശ്നമില്ലാതെ കടന്ന് പോകാമെന്ന് സ്വപ്നക്ക് ഉറപ്പുണ്ടായിരുന്നു. രാത്രി ഒരുമണിക്ക് പ്രതികളെല്ലാം ഫ്ലാറ്റിൽ ഒത്തു ചേർന്നത് സ്വർണ്ണ കടത്തിന്‍റെ ഗൂഢാലോചനയ്ക്കാണ്. അതല്ലാതെ കൊവിഡ് ചർച്ചക്കോ  പ്രാർത്ഥിക്കാനോ അല്ലെന്നും കസ്റ്റംസ് കോടതിയിൽ നിലപാടെടുത്തു. 

ഉന്നത ഓഫീസറും രാത്രിയിൽ ഈ ഫ്ലാറ്റിൽ വന്നിടുണ്ട്. ഇത്തരത്തിൽ സ്വാധീനമുള്ളവരെ ജാമ്യത്തിൽ വിട്ടാൽ പിന്നെ കേസിന്‍റെ അവസ്ഥ എന്താകുമെന്നും കസ്റ്റംസ് ചോദിച്ചു. വാദങ്ങളെല്ലാം കേട്ട കോടതി സ്വപ്നയുടെ ജാമ്യാപേക്ഷ വിധി പറയാൻ 12 ലേക്ക്  മാറ്റി

click me!