മുന്‍ യുഎഇ കോൺസല്‍ ജനറലിന്‍റെ ബാഗ് പരിശോധിച്ച് കസ്റ്റംസ് ; 11 മൊബൈല്‍ ഫോണുകളും രണ്ട് പെന്‍ഡ്രൈവും കണ്ടെടുത്തു

By Web TeamFirst Published Feb 8, 2021, 2:20 PM IST
Highlights

തിരുവനന്തപുരം എയര്‍ കാര്‍ഗോയിലെ പരിശോധനയിലാണ് മൊബൈല്‍ ഫോണുകളും പെന്‍ഡ്രൈവും പിടിച്ചെടുത്തത്. 

തിരുവനന്തപുരം: യുഎഇ കോൺസുലേറ്റിലെ മുൻ ജനറൽ ജമാൽ അൽസാബിയുടെ ബാഗിൽ നിന്നും 11 മൊബൈൽ ഫോണുകളും രണ്ട് പെൻഡ്രൈവും കസ്റ്റംസ് പിടിച്ചെടുത്തു. നയതന്ത്ര ചാനൽ വഴി യുഎഇയിലേക്ക് അയക്കാൻ കൊണ്ടുവന്ന ബാഗുകളാണ് സ്വർണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സംഘം തിരുവനന്തപുരം എയർ കാർഗോ കോംപ്ലക്സിൽ വച്ച് തുറന്ന് പരിശോധിച്ചത്. 

ഡോളർ, സ്വർണ്ണക്കടത്തുകളിൽ ജമാൽ അൽസാബിക്ക് ബന്ധമുണ്ടെന്ന് കസ്റ്റംസ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു. സ്വർണ്ണം പിടികൂടുന്നതിന് മുമ്പ് വിദേശത്തേക്ക് കടന്ന കോൺസൽ ജനറലിനെ ചോദ്യം ചെയ്യാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. അൽസാബി ഉപയോഗിച്ചിരുന്ന സാധനങ്ങളാണ് നയതന്ത്രബാഗ് വഴി വിദേശത്തേക്ക് കൊണ്ടുപോകാനായി എയർ കാർഗോ കോംപ്ലക്സിൽ കൊണ്ടുവന്നത്.

ഈ വിവരമറിഞ്ഞ കസ്റ്റംസ് ബാഗുകൾ തുറന്ന് പരിശോധിക്കാൻ കേന്ദ്രസർക്കാരിന്‍റെ അനുമതി തേടിയിരുന്നു. കോൺസൽ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് കസ്റ്റംസ് ബാഗ് തുറന്ന് പരിശോധിച്ചത്. പിടിച്ചെടുത്ത മൊബൈൽ ഫോണും പെൻഡ്രൈവും ശാസ്ത്രീയ പരിശോധനയ്ക്കായി അയക്കും.

click me!