
കൊച്ചി: കസ്റ്റംസ് കമ്മീഷണർ സുനിൽകുമാറിനെ ആക്രമിച്ചെന്ന പരാതിയിൽ കഴമ്പില്ലെന്ന് പൊലീസ് പറഞ്ഞു. വാഹനത്തിലുണ്ടായിരുന്നവരെ വിശദമായി ചോദ്യം ചെയ്തു. മനപ്പൂർവ്വം പ്രശ്നമുണ്ടാക്കിയതായി കണ്ടെത്താനായിട്ടില്ല . വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെത്തുടർന്നുണ്ടായ പ്രശ്നം മാത്രമാണുണ്ടായത്. വാഹനത്തിലുള്ളവർക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്നും പൊലീസ് പറഞ്ഞു.
എടവണ്ണപ്പാറയ്ക്കും കൊണ്ടോട്ടിക്കും ഇടയിൽ വച്ച് ഒരു വണ്ടി ഇവരെ ഫോളോ ചെയ്യുന്നതായി തോന്നി. ആ വണ്ടി സൈഡ് ചോദിച്ചിട്ട് കൊടുത്തില്ല എന്നാണ് പറയുന്നത്. ആ വണ്ടിയിലുണ്ടായിരുന്നത് രണ്ട് പേരാണ്. ഒരാൾ ജെസിം എന്ന് പേരായ, ഉന്നതവിദ്യാഭ്യാസമൊക്കെയുള്ള ആളാണ്. അയാളുടെ കസിനായ തസീമാണ് ഒപ്പമുണ്ടായിരുന്നത്. ആ വ്യക്തി അപകടത്തിൽ പെട്ട് കയ്യും കാലും നഷ്ടപ്പെട്ടയാളാണ്. ഹോണടിച്ചത് കേൾക്കാത്തതുകൊണ്ട് സൈഡ് കൊടുത്തില്ല എന്നാണ് അവര് പറയുന്നത്. പ്രാഥമിക അന്വേഷണത്തിൽ അങ്ങനെയാണ് വ്യക്തമായത്. കമ്മീഷണറുടെ വണ്ടി വരുന്നതൊന്നും ഇവർ ശ്രദ്ധിച്ചിട്ടില്ല.
സ്വർണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് കമ്മീഷണറെ ആക്രമിക്കാൻ ശ്രമിച്ചതായി ഇന്നലെയാണ് പരാതി ഉയർന്നത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടേമുക്കാലോടെ മലപ്പുറം എടവണ്ണയ്ക്കടുത്താണ് സംഭവം നടന്നത്. തന്നെ അപായപ്പെടുത്താനുള്ള ആസൂത്രിത ശ്രമമാണ് നടന്നതെന്ന് സുമിത് കുമാര്‍ ഫേസ്‍ബുക്കിൽ കുറിച്ചു. കരിപ്പൂരിലേക്ക് പോവുന്നതിനിടെ ആയിരുന്നു ആക്രമണ ശ്രമമെന്നാണ് അദ്ദേഹം പരാതിപ്പെട്ടത്. തുടർന്ന്,
എറണാകുളം രജിസ്ട്രേഷനുള്ള കാർ നമ്പറടക്കം നൽകിയ പരാതിയിൽ കൊണ്ടോട്ടി പൊലീസ് കേസെടുക്കുകയായിരുന്നു. വഴി തടസ്സപ്പെടുത്തൽ വാഹനാപകടത്തിന് ശ്രമിക്കുക തുടങ്ങിയ വകുപ്പുകളാണ് പൊലീസ് ചുമത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam