കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ, ദുരന്ത സാധ്യത കൂടിയ പ്രദേശങ്ങളിലെ 50 സ്കൂളുകളിൽ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകൾ സ്ഥാപിക്കുന്നു. ഈ പദ്ധതിയിലൂടെ മഴ, കാറ്റ്, താപനില തുടങ്ങിയവയുടെ തത്സമയ വിവരങ്ങൾ ലഭ്യമാക്കുകയും ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കും പഠന ആവശ്യങ്ങൾക്കും ഉപയോഗിക്കുകയും ചെയ്യും.
തിരുവനന്തപുരം: കേരളത്തിലെ ദിനാവസ്ഥാ നിരീക്ഷണ സംവിധാനം മെച്ചപ്പെടുത്തുന്നതിനായി 50 സ്കൂളുകളിൽ ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ സ്ഥാപിക്കുന്നത് ആരംഭിച്ചു. കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലാണ് ചെയ്യുന്നത്. ദുരന്ത സാധ്യത കൂടിയ പ്രദേശങ്ങൾ, നിലവിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ നിരീക്ഷണ സംവിധാനങ്ങൾ കുറവുള്ള മേഖലകൾ എന്നിവിടങ്ങളിലെ സ്കൂളുകളിലാണ് വെതർ സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്. കേരള സർക്കാരിന്‍റെ നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായിട്ടാണിത്.
ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ വഴി മഴ, കാറ്റ്, താപനില, ഹ്യൂമിഡിറ്റി തുടങ്ങിയവ സംബന്ധിച്ചുള്ള തത്സമയ വിവരങ്ങൾ ലഭ്യമാക്കാൻ സാധിക്കും. പ്രസ്തുത വിവരങ്ങൾ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ദുരന്ത സാധ്യത മുന്നറിയിപ്പ് സംവിധാനത്തിൽ ചേർക്കുകയും പ്രദേശത്തെ തത്സമയ ദിനാവസ്ഥ വിവരങ്ങൾ സർക്കാരിന്റെ എല്ലാ സംവിധാനങ്ങളിലും എത്തുന്നതിനു സഹായകവുമാകും. ഈ ഉപകരണങ്ങളിൽ നിന്നുള്ള വിവരങ്ങൾ കേന്ദ്ര സർക്കാരിന്റെ വെതർ ഇൻഫർമേഷൻ നെറ്റ്‍വർക്ക് ആന്‍റ് ഡാറ്റ സിസ്റ്റം (WINDS) പോർട്ടലിൽ ലഭ്യമാകുകയും അത് വഴി കേന്ദ്ര കാലാവസ്ഥാ വകുപ്പ്, കേന്ദ്ര കൃഷി വകുപ്പ് എന്നിവർക്കും ലഭ്യമാകും.
എഡബ്ല്യുഎസ് കമ്മീഷൻ ചെയ്തു കഴിഞ്ഞാൽ ലഭ്യമാകുന്ന തത്സമയ കാലാവസ്ഥാ വിവരങ്ങൾ സ്കൂളിനും തദ്ദേശ സ്ഥാപനങ്ങൾക്കും പൊലീസ്, ഫയർ സംവിധാനങ്ങൾക്കും ലഭ്യമാക്കും. സ്കൂളിന് പഠന പ്രവർത്തനങ്ങൾക്ക് ഡാറ്റ ഉപയോഗപ്പെടുത്താം. ആദ്യ മൂന്ന് വെതർ സ്റ്റേഷൻ തിരുവനന്തപുരത്ത് സ്ഥാപിച്ചു. വരും ദിവസങ്ങളിൽ മറ്റ് ജില്ലകളിലും സ്ഥാപിക്കും.
