ശിവശങ്കറെ ചോദ്യം ചെയ്യാൻ കസ്റ്റംസിന് അനുമതി, വിജിലൻസും ചോദ്യം ചെയ്യാൻ ഒരുങ്ങുന്നു

By Web TeamFirst Published Nov 13, 2020, 5:49 PM IST
Highlights

സ്വർണ കടത്തു കേസുമായി തിങ്കളാഴ്ച ചോദ്യം ചെയ്യാനാണ് കസ്റ്റംസിന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി അനുമതി നൽകിയത്. 

കൊച്ചി: സ്വർണകടത്തു കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ ചോദ്യം ചെയ്യാൻ കസ്റ്റംസിന് അനുമതി. സ്വർണ കടത്തു കേസിൽ ശിവശങ്കറിനനുള്ള പങ്ക് ഇഡി കണ്ടെത്തിയിട്ടുണ്ടെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു. ലൈഫ് മിഷൻ കോഴ ഇടപാട് കേസിൽ ശിവശങ്കറിനെ ചോദ്യം ചെയ്യാൻ ചൊവ്വാഴ്ച വിജിലൻസ് കോടതിയെ സമീപിക്കും.  

സ്വർണ കടത്തു കേസുമായി തിങ്കളാഴ്ച ചോദ്യം ചെയ്യാനാണ് കസ്റ്റംസിന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി അനുമതി നൽകിയത്.  രാവിലെ 10 മുതൽ 5 വരെയാണ് ചോദ്യം ചെയ്യാൻ അനുമതി. രണ്ടുമണിക്കൂർ കഴിയമ്പോൾ അരമണിക്കൂർ‍ വിശ്രമം അനുവദിക്കണമെന്നും അഭിഭാഷകനെ ബന്ധപ്പെട്ടാൻ അവസരം നൽകണമെന്നും കോടതി കസ്റ്റംസിനോട് നിർദ്ദേശിച്ചു. 

സ്വർണ കടത്തും വിദേശത്തേക്ക് കറൻസി കടത്തിയതും ഉൾപ്പെടെയുള്ള കാര്യങ്ങളിലാകും കസ്റ്റംസിൻ്റെ ചോദ്യം ചെയ്യൽ. അതേ സമയം വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ്നിർമ്മാണ കോഴക്കേസിൽ ചോദ്യം ചെയ്യാൻ വിജിലൻസ് ചൊവ്വാഴ്ച എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിക്കും. കൈക്കൂലിക്കേസിൽ വിജിലൻസ് അഞ്ചാം പ്രതിയാക്കിയെങ്കിലും ശിവശങ്കറിനെ ഇതേ വരെ വിജിലൻസ് ചോദ്യം ചെയ്തില്ല. 

മൊഴികളും സാഹചര്യ തെളിവുകളും അനുസരിച്ച് സ്വപനയുടെ ലോക്കറിൽ നിനിന്നും കണ്ടെത്തിയ പണം ശിവശങ്കറിൻറെ കൈക്കൂലി പണമാണെന്ന് നിഗമനത്തിലാണ് വിജിലൻസ്.  സ്വപ്ന സുരേഷ്, ചാർട്ടേഡ് അക്കൗണ്ടൻറ വേണുഗോപാൽ അയ്യർ, യുണിടാക്ക് ഉടമ സന്തോഷ് ഈപ്പൻ എന്നിവരുടെ മൊഴിയിൽ നിന്നാണ് കൈക്കൂലി ഇടപാടിൽ ശിവശങ്കറിന് വ്യക്തമായ പങ്കുണ്ടെന്ന് വിജിലൻസ് കണ്ടെത്തിയത്. 

സന്തോഷ് ഈപ്പൻ നൽകിയ കൈക്കൂലിയിൽ നിന്നും കോണ്‍സുലേറ്റിലെ മുൻ ഫിനാൻസ് ഓഫീസർ ഖാലിദ് സ്വപനം സുരേഷിനെ നൽകിയ ഒന്നര കോടി ശിവശങ്കറിന് വേണ്ടിയുള്ള കൈക്കൂലിയെന്ന നിഗമനത്തിലാണ് വിജിലൻസ്. കൈക്കൂലി ഇടപാട് ശിവശങ്കർ അറിഞ്ഞുകൊണ്ടാണെന്ന് സ്വപ്ന മൊഴി നൽകിയിട്ടുണ്ട്. കൈക്കൂലി പണം ലോക്കറിൽ വയ്ക്കാൻ നിർദ്ദേശിച്ചതും ഇതിനായി ചാർട്ടേണ്ട് അക്കൗണ്ടിനെ സ്വപനക്ക് പരിചയപ്പെടുത്തിയതും ശിവശങ്കറാണ്. 

കൈക്കൂലി നൽകിയ ശേഷം ശിവശങ്കറിനെ കണ്ടതായും ലൈഫ്മിഷൻ സിഇഒ യുവി ജോസിനെ മുറിയിലേക്ക് വിളിച്ചു പരിചയപ്പെടുത്തിയതായും സന്തോഷ് ഈപ്പനും സമ്മതിച്ചിട്ടുണ്ട്. ശിവശങ്കർ പറഞ്ഞ പ്രകാരമാണ് യുണിടാക്കിന് എല്ലാ സഹായവും ചെയ്തു നൽകതെന്നാണ് യു.വി.ജോസിൻറെ മൊഴി. 

ഇ.ഡി. കേസിൽ കസ്റ്റഡി കാലാവധി കഴിഞ്ഞ ശിവശങ്കർ ഇപ്പോള്‍ കാക്കനാട്ടെ ബോസ്റ്റൺ സ്കൂളിലെ ഫസ്റ്റ് ലൈൻ കൊവിഡ്  സെന്‍ററില് തുടരുകയാണ്. കോവിഡ് പരിശോധന ഫലം നെഗറ്റീവെന്ന് തെളിഞ്ഞാല്‍ ശിവശങ്കറെ ജില്ലാ ജയിലിലേക്ക് മാറ്റുമെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു. ഈ മാസം 26 വരെയാണ്  റിമാൻഡ് ചെയ്തിരിക്കുന്നത്. 

click me!