അനധികൃതമായി വിദേശത്തേക്ക് കറൻസി കടത്തി; സ്വപ്ന സുരേഷിനെതിരെ കേസെടുക്കാൻ കസ്റ്റംസ്

By Web TeamFirst Published Oct 11, 2020, 6:41 AM IST
Highlights

രണ്ട് ലക്ഷം ഡോളർ നയതന്ത്ര പരിരക്ഷയോടെ വിദേശത്ത് എത്തിക്കാൻ കൂട്ടുനിന്നെന്നാണ് കണ്ടെത്തൽ. ഇക്കാര്യത്തിൽ കസ്റ്റംസ് നിയമോപദേശം തേടിയിരുന്നു. 

തിരുവനന്തപുരം: അനധികൃതമായി വിദേശത്തേക്ക് കറൻസി കടത്തിയ സംഭവത്തിലും സ്വപ്ന സുരേഷിനെതിരെ കേസെടുക്കാൻ കസ്റ്റംസ് നീക്കം. രണ്ട് ലക്ഷം ഡോളർ നയതന്ത്ര പരിരക്ഷയോടെ വിദേശത്ത് എത്തിക്കാൻ കൂട്ടുനിന്നെന്നാണ് കണ്ടെത്തൽ. ഇക്കാര്യത്തിൽ കസ്റ്റംസ് നിയമോപദേശം തേടിയിരുന്നു. 

വിദേശനാണയ വിനിമയ ചട്ട പ്രകാരമാകും സ്വപ്ന സുരേഷിനെതിരെ കസ്റ്റംസ് കേസെടുക്കുക. യു എ ഇ കോൺസുലേറ്റിനെ മറയാക്കി വിവിധ ഇടപാടുകൾക്ക് അവിടുത്തെ ഉദ്യോഗസ്ഥരടക്കം വാങ്ങിയ കമ്മീഷൻ തുക ഡോളറാക്കി സ്വപ്ന വിദേശത്തെത്തിച്ചെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ.

സ്വർണ്ണക്കള്ളക്കടത്ത് കേസ് ഉന്നത സ്വാധീന ശക്തികളിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്നും ഈ സാഹചര്യത്തിൽ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ മൊഴിപകർപ്പ് നൽകാനാകില്ലെന്നും കസ്റ്റംസ് ഇന്നലെ ഹൈക്കോടതിയിൽ പറഞ്ഞിരുന്നു. സ്വപ്‌ന സുരേഷിന് മൊഴി പകർപ്പ് നൽകുന്നത് അന്വേഷണത്തെ തടസപ്പെടുത്താനിടയാക്കുമെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. കസ്റ്റംസിന് നൽകിയ മൊഴിയുടെ പകർപ്പ് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന നൽകിയ ഹർജിയെ എതിർത്താണ് കസ്റ്റംസ് കോടതിയിൽ നിലപാട് വ്യക്തമാക്കിയത്. 

'അധികാര കേന്ദ്രങ്ങളിൽ അപാരമായ സ്വാധീനവും ബന്ധവുമുള്ള വ്യക്തിയാണ് കേസിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷ്. വിദേശത്തെയടക്കം ഒട്ടേറെ ഉന്നത വ്യക്തികളുമായുള്ള ബന്ധം അവർ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. സമൂഹത്തിൽ സ്വാധീന ശക്തിയുള്ളവരും ഉന്നത സ്ഥാനത്തിരിക്കുന്നവരുമായ വ്യക്തികളെക്കുറിച്ച് മൊഴിയിൽ പറയുന്നുണ്ട്. കേസുമായി ബന്ധമുള്ള ഉന്നതരിലേക്കും ഉയർന്ന രാഷ്ട്രീയ പൊതു വ്യക്തികളിലേക്കും  എത്തിച്ചേരാനാണ് കസ്റ്റംസ് ശ്രമിക്കുന്നത്. ഇന്ത്യക്കകത്തും പുറത്തുമുള്ളവർ ഇതിലുണ്ട്. കോൺസുലേറ്റിന്റെ തിരിച്ചറിയൽ കാർഡ് ദുരുപയോഗം ചെയ്താണ് 1.90 ലക്ഷം ഡോളർ വിദേശത്തേക്ക് കടത്താൻ സ്വപ്നക്ക് കഴിഞ്ഞത്'. സ്വപ്ന ആവശ്യപ്പെട്ടതനുസരിച്ചാണ് മൊഴി മുദ്രവെച്ച കവറിൽ കോടതിയിൽ നൽകിയതെന്നും കസ്റ്റംസ് കോടതിയിൽ വ്യക്തമാക്കി. 
 

click me!