ഡോളർ കടത്ത് കേസ്; സ്പീക്കറുടെ സുഹൃത്ത് നാസ് അബ്ദുള്ളയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു

By Web TeamFirst Published Jan 21, 2021, 2:37 PM IST
Highlights

യുഎഇ കോണ്‍സുലേറ്റിന്‍റെ മുൻ ചീഫ് അക്കൗണ്ട് ഓഫീസർ ഖാലിദ് വിദേശത്തേക്ക് ഡോളർ കടത്തിയ കേസിലാണ് കസ്റ്റംസിന്‍റെ നിർണായക നടപടികൾ. സ്പീകർ ഉപയോഗിക്കുന്ന ഒരു സിം കാർഡ് നാസിന്‍റെ പേരിൽ എടുത്തതാണെന്നാണ് കസ്റ്റംസ് കണ്ടെത്തൽ. 

കൊച്ചി: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട ഡോളർ കടത്ത് കേസിൽ കസ്റ്റസ് സ്പീക്കർ ശ്രീരാമകൃഷ്ണന്‍റെ സുഹൃത്തായ നാസ് അബ്ദുള്ളയെയും ലഫീർ മുഹമ്മദിനെയും കൊച്ചിയിൽ ചോദ്യം ചെയ്യുകയാണ്. യുഎഇ കോണ്‍സുലേറ്റിന്‍റെ മുൻ ചീഫ് അക്കൗണ്ട് ഓഫീസർ ഖാലിദ് വിദേശത്തേക്ക് ഡോളർ കടത്തിയ കേസിലാണ് കസ്റ്റംസിന്‍റെ നിർണായക നടപടികൾ. സ്പീകർ ഉപയോഗിക്കുന്ന ഒരു സിം കാർഡ് നാസിന്‍റെ പേരിൽ എടുത്തതാണെന്നാണ് കസ്റ്റംസ് കണ്ടെത്തൽ. നയതന്ത്ര ബാഗേജിൽ നിന്ന് സ്വർണ്ണം കണ്ടെടുത്ത ജൂലൈ ആദ്യവാരം മുതൽ സിം കാര്‍ഡ് പ്രവർത്തിക്കുന്നില്ല. ഇത് സംബന്ധിച്ച വിവരങ്ങൾക്കായാണ് നാസിന്‍റെ മൊഴിയെടുക്കുന്നത്.

മസ്‌കത്തിലെ മിഡിൽ ഈസ്റ്റ് കോളേജിൽ ശിവശങ്കറിന്‍റെ നിർദേശ പ്രകാരം സ്വപ്നയ്ക്ക് ജോലി നൽകാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ടാണ് ലഫീർ മുഹമ്മദിന്‍റെ മൊഴി എടുക്കുന്നത്. ജോലിക്കായുള്ള അഭിമുഖത്തിൽ പങ്കെടുക്കാൻ സ്വപ്ന കോളേജിൽ എത്തിയ ദിവസം  ശിവശങ്കറും അവിടെ എത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് കോളേജിന്‍റെ പാര്‍ട്ടണര്‍മാരില്‍ ഒരാളായ ലഫീർ മുഹമ്മദിനെ ചോദ്യം ചെയ്യുന്നത്.  നിയമസഭ സമ്മേളനത്തിന് ശേഷം സ്പീക്കറെ ചോദ്യം ചെയ്യാനാണ് കസ്റ്റംസിന്‍റെ തീരുമാനം. അടുത്തയാഴ്ച തന്നെ സ്പീക്കർക്ക് നോട്ടീസ് നൽകും.

കഴിഞ്ഞ വർഷം ഓഗസ്റ്റ് ഏഴിനാണ് തിരുവനന്തപുരം വിമാനത്താവളം വഴി ഒരു ലക്ഷത്തി തൊണ്ണൂരായായിരം അമേരിക്കൻ ഡോളർ ഹാൻഡ് ബാഗിൽ ഒളിപ്പിച്ച് ദുബൈലേക്ക് കടത്തിയത്. ഡോളർ കടത്ത് എന്തിനു വേണ്ടിയായിരുന്നു എന്നും ആർക്കെല്ലാം ഇതിൽ പങ്കുണ്ടെന്നും സ്വപ്നയും സരിത്തും കസ്റ്റംസിന് മൊഴി നൽകിയിട്ടുണ്ട്. ഇക്കാര്യങ്ങൾ കോടതി വഴി രഹസ്യമൊഴിയായും കസ്റ്റംസ് രേഖപ്പെടുത്തി. 

click me!