റമീസിന്റെ വീട്ടിൽ കസ്റ്റംസിന്റെ റെയ്‌ഡ് അവസാനിച്ചു, നിരവധി രേഖകൾ പിടിച്ചെടുത്തു

By Web TeamFirst Published Jul 12, 2020, 8:26 PM IST
Highlights

മൊബൈൽ ഫോൺ, ലാപ്ടോപ്, സ്ഥലക്കച്ചവടവുമായി ബന്ധപ്പെട്ട് ഒപ്പുവെച്ച കരാറുകൾ, മുദ്രപത്രങ്ങൾ, ബാങ്ക് പാസ്ബുക്കുകൾ, ചെക്കുകൾ തുടങ്ങിയവ കണ്ടെടുത്തു

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ പിടിയിലായ മലപ്പുറം സ്വദേശി റമീസിന്റെ വീട്ടിൽ കസ്റ്റംസ് നടത്തിയ റെയ്ഡ് അവസാനിച്ചു. മണിക്കൂറുകളോളം നീണ്ട പരിശോധനയിൽ റമീസിന്റെ വീട്ടിൽ നിന്നും നിരവധി രേഖകൾ കസ്റ്റംസ് പിടിച്ചെടുത്തു.

റമീസ് നേരത്തെ ഉപയോഗിച്ച മൊബൈൽ ഫോൺ, ലാപ്ടോപ്, സ്ഥലക്കച്ചവടവുമായി ബന്ധപ്പെട്ട് ഒപ്പുവെച്ച കരാറുകൾ, മുദ്രപത്രങ്ങൾ, ബാങ്ക് പാസ്ബുക്കുകൾ, ചെക്കുകൾ തുടങ്ങിയവ കണ്ടെടുത്തു. റമീസിന്റെ പെരിന്തൽമണ്ണയിലെ വെട്ടത്തൂരിലെ വീട്ടിലാണ് പരിശോധന നടത്തിയത്. പെരിന്തൽമണ്ണ എഎസ്‌പി എം ഹേമലതയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും കസ്റ്റംസ് ഉദ്യോഗസ്ഥർക്കൊപ്പം എത്തിയിരുന്നു.

കസ്റ്റംസ് കസ്റ്റഡിയിലുള്ള സരിത്തിന്റെ വീട്ടിലും എൻഐഎ ഉദ്യോഗസ്ഥർ പരിശോധന നടത്തി. പ്രാഥമിക വിവര ശേഖരണമാണ് നടത്തിയതെന്നാണ് വിശദീകരണം. ഉദ്യോഗസ്ഥർ അയൽവാസികളോട് സംസാരിച്ച് സരിത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഈ വീട്ടിൽ എൻഐഎ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.

click me!