ആകാശ് തില്ലങ്കേരിയുടെ വീട്ടിൽ കസ്റ്റംസ് റെയ്ഡ്; യുവാവ് നാട്ടിലില്ല, മൊബൈൽ സ്വിച്ച് ഓഫ്

By Web TeamFirst Published Jul 14, 2021, 9:23 AM IST
Highlights

സ്വർണക്കടത്ത് കേസിൽ പിടിയിലുള്ള അർജ്ജുൻ ആയങ്കിയുമായി ആകാശിന് അടുത്ത ബന്ധമുണ്ടെന്നാണ് വിവരം. സ്വർണ്ണക്കടത്ത് ക്വട്ടേഷനിൽ ആകാശും ഉണ്ടെന്ന സൂചനയിലാണ് റെയ്ഡ്

കണ്ണൂർ: കരിപ്പൂർ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആകാശ് തില്ലങ്കേരിയുടെ വീട്ടിൽ കസ്റ്റംസ് റെയ്‌ഡ് നടത്തുന്നു. കണ്ണൂർ തില്ലങ്കേരിയിലെ വീട്ടിലാണ് കസ്റ്റംസ് സംഘം പരിശോധന നടത്തുന്നത്. ടിപി ചന്ദ്രശേഖരൻ വധക്കേസ് കുറ്റവാളി മുഹമ്മദ് ഷാഫിയെ ചോദ്യം ചെയ്തതിൽ നിന്നും ആകാശിന്റെ പങ്ക് സംബന്ധിച്ച സൂചന ലഭിച്ചുവെന്നാണ് വിവരം.

എന്നാൽ ആകാശ് സ്ഥലത്തില്ല. ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച്ഡ് ഓഫാണ്. സ്വർണക്കടത്ത് കേസിൽ പിടിയിലുള്ള അർജ്ജുൻ ആയങ്കിയുമായി ആകാശിന് അടുത്ത ബന്ധമുണ്ടെന്നാണ് വിവരം. സ്വർണ്ണക്കടത്ത് ക്വട്ടേഷനിൽ ആകാശും ഉണ്ടെന്ന സൂചനയിലാണ് റെയ്ഡ്. ഏറെ വിവാദമായ ഷുഹൈബ് വധക്കേസിൽ ഒന്നാം പ്രതിയാണ് ആകാശ് തില്ലങ്കേരി. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ ഇ വികാസിന്റെ നേതൃത്വത്തിലാണ് ഇയാളുടെ വീട്ടിൽ റെയ്ഡ് നടത്തുന്നത്.

ആകാശിനെതിരെ സ്വർണക്കടത്ത് കേസിൽ എഫ്ഐആർ ഉണ്ടായിരുന്നില്ല. ഷുഹൈബ് വധക്കേസിന് ശേഷം കഴിഞ്ഞ രണ്ട് വർഷമായി ആകാശ് കൊട്ടേഷൻ പ്രവർത്തനങ്ങളിൽ സജീവമായിരുന്നുവെന്ന് കസ്റ്റംസിന് വിവരം ലഭിച്ചു. അർജുൻ ആയങ്കിയുടെ നേതാവെന്ന നിലയിലാണ് ആകാശ് തില്ലങ്കേരി ഈ മേഖലയിൽ അറിയപ്പെടുന്നത്. വിവാദം ഉണ്ടായ ഘട്ടത്തിൽ തന്നെ സിപിഎം ആകാശ് തില്ലങ്കേരിയെയും അർജുൻ ആയങ്കിയെയും തള്ളിപ്പറഞ്ഞിരുന്നു. ഇപ്പോഴത്തെ പരിശോധനയ്ക്ക് ശേഷം ആകാശ് തില്ലങ്കേരിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്നാണ് വിവരം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

click me!