കൊയിലാണ്ടി തട്ടിക്കൊണ്ടുപോകൽ; അഷ്റഫിന്റെ കാൽ ഒടിഞ്ഞ നിലയിൽ, ദേഹത്ത് ബ്ലേഡ് കൊണ്ട് മുറിച്ച പാടുകൾ

By Web TeamFirst Published Jul 14, 2021, 9:10 AM IST
Highlights

തട്ടിക്കൊണ്ടുപോയ സംഘം ഇയാളെ ക്രൂരമായി മർദ്ദിച്ചെന്ന് വ്യക്തമായി. പൊലീസ് ഇയാളുടെ മൊഴി രേഖപ്പെടുത്തുന്നുണ്ട്. ഇതിന് ശേഷം ഇയാളെ കൊയിലാണ്ടിയിലേക്ക് കൊണ്ടുപോകും

കോഴിക്കോട്: കൊയിലാണ്ടിയിൽ നിന്ന് തോക്ക് ചൂണ്ടി അക്രമി സംഘം തട്ടിക്കൊണ്ടുപോയ പ്രവാസി അഷ്റഫിന്റെ ശരീരത്തിൽ നിരവധി പരിക്കുകൾ. ഇന്ന് പുലർച്ചെ കുന്ദമംഗലത്ത് ഇറക്കിവിട്ട അഷ്റഫിന്റെ ഒരു കാൽ ഒടിഞ്ഞ നിലയിലാണ്. ശരീരത്തിലാകമാനം ബ്ലേഡ് കൊണ്ട് മുറിവേറ്റ പാടുകളുണ്ട്. ഇയാളെ മാവൂരിലെ തടി മില്ലിലാണ് പാർപ്പിച്ചിരുന്നത്. തട്ടിക്കൊണ്ടുപോയ സംഘം ഇയാളെ ക്രൂരമായി മർദ്ദിച്ചെന്ന് വ്യക്തമായി. പൊലീസ് ഇയാളുടെ മൊഴി രേഖപ്പെടുത്തുന്നുണ്ട്. ഇതിന് ശേഷം ഇയാളെ കൊയിലാണ്ടിയിലേക്ക് കൊണ്ടുപോകും.

കോഴിക്കോട് മെഡിക്കൽ കോളേജിലാണ് അഷ്റഫ് ഉള്ളത്. ഇന്നലെയാണ് ഊരള്ളൂരിൽ വെച്ച് ഒരു സംഘം അഷ്റഫിനെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയത്. കൊടുവള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വർണക്കടത്ത് സംഘമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പൊലീസിന് കിട്ടിയ സൂചന. കോഴിക്കോട് റൂറല്‍ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച്  അന്വേഷണം നടത്തി വരികയായിരുന്നു. ഇന്നലെ രാവിലെ ആറരയോടെയാണ് കൊയിലാണ്ടി ഊരള്ളൂരിലെ വീട്ടില്‍ കാറിലെത്തിയ സംഘം അഷ്റഫിനെ തട്ടിക്കൊണ്ട് പോയത്. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിക്കൊണ്ട് പോകല്‍.

അതിരാവിലെയായതിനാൽ അയൽക്കാരൊന്നും വിവരം അറിഞ്ഞില്ല. പിന്നീട് അഷ്റഫിന്‍റെ വീട്ടില്‍ നിന്ന് നിലവിളി കേട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. അഷ്റഫിനെതിരെ കൊച്ചി വഴി സ്വര്‍ണ്ണം കടത്തിയതിന് നേരത്തെ കേസുണ്ട്. റിയാദില്‍ നിന്ന് മെയ് അവസാനമാണ് ഇയാള്‍ നാട്ടിലെത്തിയത്. സ്വർണക്കടത്തിലെ ക്യാരിയറായ അഷ്റഫ് റിയാദില്‍ നിന്ന്  രണ്ട് കിലോയോളം സ്വര്‍ണ്ണം കൊണ്ടുവന്നതായാണ് പൊലീസിന് കിട്ടിയ വിവരം. ഈ സ്വര്‍ണ്ണവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് സംശയം.

കൊടുവള്ളി സ്വദേശിയായ നൗഷാദ് എന്നയാള്‍ സ്വര്‍ണ്ണം  വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നതായി സഹോദരന്‍ സിദ്ദീഖും പറയുന്നു. സംഘം നേരത്തേയും അഷ്റഫിനെ തേടി എത്തിയിരുന്നു. കള്ളക്കടത്ത് സ്വര്‍ണ്ണം തന്‍റെ പക്കല്‍ നിന്നും ക്വട്ടേഷന്‍ സംഘം തട്ടിയെടുത്തെന്നാണ് അഷ്റഫ് ഇവരോട് പറഞ്ഞിരുന്നത്. സുഹൃത്തുക്കളോടും ഇക്കാര്യം തന്നെയാണ് ആവര്‍ത്തിച്ചിരുന്നത്. കോഴിക്കോട് റൂറല്‍ എസ് പിയുടെ നിര്‍ദ്ദേശ പ്രകാരം വടകര ഡിവെഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തിവന്നത്. 

തട്ടിക്കൊണ്ട് പോകാനായി സംഘം എത്തിയ വാഹനത്തിന്‍റെ നമ്പര്‍ പ്ലേറ്റ് വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരു ലോറിയുടെ നമ്പറാണിത്. രാമനാട്ടുകര സംഭവത്തിന് ശേഷവും കോഴിക്കോട് മേഖലയില്‍ സ്വര്‍ണ്ണക്കടത്ത് സംഘം സജ്ജീവമാണെന്ന സൂചനയാണ് കൊയിലാണ്ടിയിലെ തട്ടികൊണ്ടുപോകല്‍ വ്യക്തമാക്കുന്നത്.
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 
 

click me!