Latest Videos

സ്വപ്‍നയ്ക്ക് കേരളം വിടാന്‍ ഉന്നതരുടെ സഹായം കിട്ടിയെന്ന് കസ്റ്റംസ്; പ്രതികളുടെ കസ്റ്റഡിക്കായി എന്‍ഐഎ

By Web TeamFirst Published Jul 13, 2020, 7:19 AM IST
Highlights

സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുടെ കസ്റ്റഡി അപേക്ഷ കൊച്ചി എൻഐഎ കോടതി ഇന്ന് പരിഗണിക്കും. രണ്ടാം പ്രതി സ്വപ്‍ന സുരേഷ് , നാലാം പ്രതി സന്ദീപ് നായർ എന്നിവരെ 10 ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് എൻഐഎ ആവശ്യപ്പെട്ടിരിക്കുന്നത്. 

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‍നയ്ക്ക് കേരളം വിടാന്‍ ഉന്നതരുടെ സഹായം കിട്ടിയെന്ന് കസ്റ്റംസ്. നയതന്ത്ര ബാഗില്‍ സ്വര്‍ണ്ണം കടത്തിയ കേസില്‍ ഉന്നതരുടെ പങ്കിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് കസ്റ്റംസിന്‍റെ വെളിപ്പെടുത്തലിലൂടെ വ്യക്തമാകുന്നത്. അതേസമയം സ്വര്‍ണ്ണം എത്തിക്കാന്‍ പണം മുടക്കിയ ആളെ കസ്റ്റംസ് തിരിച്ചറിഞ്ഞു. ജൂണിൽ രണ്ട് തവണ സ്വർണ്ണം കൊണ്ടുവന്നെങ്കിലും മൂന്നാമത്തെ തവണയാണ് പിടിയിലായത്.  

അതേസമയം സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുടെ കസ്റ്റഡി അപേക്ഷ കൊച്ചി എൻഐഎ കോടതി ഇന്ന് പരിഗണിക്കും. രണ്ടാം പ്രതി സ്വപ്‍ന സുരേഷ് , നാലാം പ്രതി സന്ദീപ് നായർ എന്നിവരെ 10 ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് എൻഐഎ ആവശ്യപ്പെട്ടിരിക്കുന്നത്. ആലുവ ജനറൽ ആശുപത്രിയിലെ പരിശോധനയിൽ ഇരുവർക്കും കൊവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഇരുവരെയും ഇന്ന് കോടതിയിൽ ഹാജരാക്കും.

സ്വർണ്ണക്കടത്തിന് പിന്നിൽ വലിയ ഗൂഡാലോചന ഉണ്ടെന്നും, കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് കണ്ടെത്താൻ പ്രതികളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമാണ് എൻഐഎ കസ്റ്റഡി അപേക്ഷയിൽ പറയുന്നത്. കേസുമായി ബന്ധപ്പെട്ട് ദുബായിലുള്ള മൂന്നാംപ്രതി ഫാസിൽ ഫരീദിന്‍റെ മൊഴി സുഹൃത്ത് മുഖേന എടുത്തതായി കസ്റ്റംസിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്നലെ മലപ്പുത്ത് പിടിയിലായ റമീസിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.

സ്വപ്‍ന സുരേഷിനെതിരെ ബാബാ സാഹേബ് അംബേദ്കർ സർവകലാശാല ഇന്ന് മഹാരാഷ്ട്രാ പൊലീസിന് പരാതി നൽകും. വ്യാജബിരുദ സ‍ർട്ടിഫിക്കറ്റ് ഉണ്ടാക്കിയ സംഭവത്തിലാണ് പരാതി നൽകുന്നത്. അതിനിടെ സ്വപ്നയുടെ നിയമനത്തിൽ കെഎസ്ഐടിഎൽ, പിഡബ്ല്യുസിക്ക് ഇന്ന് വക്കീൽ നോട്ടീസ് നൽകിയേക്കും. യോഗ്യതയില്ലാത്ത ഉദ്യോഗാ‍ർത്ഥിയെ നിയമിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരിക്കും നോട്ടീസ്. മറുപടി തൃപ്തികരമല്ലെങ്കിൽ സ്പേസ് പാർക്ക് കൺസൾട്ടൻസിയിൽ നിന്ന് പിഡ്ബ്ല്യൂസിയെ നീക്കാനാണ് തീരുമാനം. 
 

click me!