സിന്തൈറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപകൻ സി വി ജേക്കബ് അന്തരിച്ചു

Published : Jan 31, 2021, 05:34 PM ISTUpdated : Jan 31, 2021, 07:21 PM IST
സിന്തൈറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപകൻ സി വി ജേക്കബ് അന്തരിച്ചു

Synopsis

വാർദ്ധക്യസഹജമായ ബുദ്ധിമുട്ടുകളെ തുടർന്ന് ഇന്ന് ഉച്ചക്ക് എറണാകുളം കടയിരിപ്പിലുള്ള വീട്ടിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്.

കൊച്ചി: പ്രമുഖ വ്യവസായിയും സിന്തൈറ്റ് ഗ്രൂപ്പ് ഓഫ് കന്പനീസ് സ്ഥാപക ചെയർമാനുമായ സി വി ജേക്കബ് കൊച്ചിയിൽ അന്തരിച്ചു. വാർദ്ധക്യസഹചമായ അസുഖത്തെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു. സുഗന്ധവ്യഞ്ജന സത്തുക്കളുടെ വിപണന സാധ്യതകൾ ലോകത്തിന് പരിചയപ്പെടുത്തിയ സംരഭകനായിരുന്നു സി വി ജേക്കബ്.

പതിനേഴാം വയസ്സിൽ ഏലക്ക  വ്യാപാരത്തിലൂടെ തുടങ്ങിയ  ജീവിതം. 87 ആം വയസ്സിൽ ആ സംരഭക ജീവതത്തിന്  വിരാമമാകുമ്പോൾ സുഗന്ധവ്യഞ്ജന സത്തുക്കളുടെ വിപണിയിലെ ആഗോള ശക്തിയായതടക്കം പറയാൻ ഒട്ടേറെ നേട്ടങ്ങളുണ്ട്. തുടക്കകാലത്ത് എഞ്ചിനിയറിംഗിനോടുള്ള അഭിനിവേശം കാരണം വർക്കി സൺസ് എഞ്ചിനിയേഴ്സ് എന്ന പങ്കാളിത്ത സ്ഥാപനത്തിന്‍ രൂപം നൽകി. ജലവൈദ്യുത പദ്ധതികളുടെയും, വൻകിട പാലങ്ങളടക്കമുള്ളവയുടെയും നിർമ്മാണത്തിൽ വർക്കി സൺസ് എഞ്ചിനിയേഴ്സ് കമ്പനി പങ്കാളിയായി. 

ഇടുക്കി പദ്ധതിയുടെ മൂലമറ്റം ഭൂഗർഭ പവ്വർ ഹൗസിലേക്കുള്ള ടണൽ നിർമ്മാണമടക്കം വെല്ലുവിളികൾ നിറഞ്ഞ ഒട്ടേറെ നിർമ്മാണ പ്രവർത്തനത്തിന് സിവി ജേക്കബിന്‍റെ കമ്പനി നേതൃത്വം കൊടുത്തു. പതിയെ നിർമ്മാണ മേഖലയിൽ നിന്ന് പിൻവാങ്ങിയ അദ്ദേഹം സുഗന്ധ വ്യഞ്ജന സത്തുക്കളുടെ വിപണന സാധ്യതകളാണ് കണ്ടെത്തിയത്. 1972 ലാണ് ഇതിനായി സിന്തൈറ്റ് എന്ന കന്പനിയ്ക്ക് രൂപം നൽകുന്നത്. 

സുഗന്ധവ്യഞ്ജനങ്ങളിൽനിന്ന് വേർതിരിച്ചെടുക്കുന്ന വിവിധയിനം സത്തുക്കളായ ഒലിയോറസിൻസിന്‍റെ ലോകത്തെ നാൽപ്പത് ശതമാനവും ഇന്ന് എത്തിക്കുന്നത് സിന്തൈറ്റ് ആണ്. കോലഞ്ചേരിക്കടുത്ത് കടയിരുപ്പിൽ തുടങ്ങിയ സിന്തൈറ്റിന് ഇന്ത്യയ്ക്ക് പുറമെ ചൈന, ശ്രീലങ്ക, വിയറ്റ്നാം അടക്കമുള്ള വിദേശ രാജ്യങ്ങളിലേക്ക് വളർത്തിയതിന് പിന്നിൽ സിവി ജേക്കബിന്‍റെ ദിർഘവീക്ഷണമുണ്ട്. 

1976 മുതൽ നിരവധി കാലം രാജ്യത്തെ മികച്ച  കയറ്റുമതിക്കാരനുള്ള കേന്ദ്രസർക്കാർ ബഹുമതി സിവി ജേക്കബിനായിരുന്നു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റഎ ഡയറക്ടറായി പ്രവർത്തിക്കുകയായിരുന്ന സിവി ജേക്കബ് സ്പൈസസ് ബോർഡ് മുൻ വൈസ് ചെയർമാനുമായിരുന്നു. സി വി ജേക്കബിന്‍റെ സംസ്കാരം തിങ്കഴാഴ്ച വൈകിട്ട് മൂന്ന് മണിയ്ക്ക് കോലഞ്ചേരി സെന്‍റ് പീറ്റേഴ്സ് ആന്‍റ് സെന്‍റ് പോൾസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ നടക്കും.

PREV
click me!

Recommended Stories

ദിലീപിനെ പറ്റി 2017ൽ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് സെൻകുമാർ; ആലുവയിലെ മറ്റൊരു കേസിനെ കുറിച്ചും വെളിപ്പെടുത്തൽ
ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി