തെരഞ്ഞെടുപ്പ് കളത്തിലിറങ്ങി യുഡിഎഫ്: ചെന്നിത്തലയുടെ ഐശ്വര്യകേരള യാത്ര കുമ്പളയിൽ ഉമ്മൻചാണ്ടി ഫ്ലാഗ് ഓഫ് ചെയ്തു

By Web TeamFirst Published Jan 31, 2021, 5:20 PM IST
Highlights

ഐശ്വര്യ കേരള യാത്രയുടെ ഉദ്ഘാടനത്തിന് മുൻപായി ​ഗസ്റ്റ് ഹൗസിൽ വച്ച് ഉമ്മൻചാണ്ടിയും ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും കൂടിക്കാഴ്ച നടത്തി.

കാസർകോട്: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര കാസ‍ർകോട്ടെ കുമ്പളയിൽ തുടങ്ങി. മുൻമുഖ്യമന്ത്രിയും കോൺ​ഗ്രസിൻ്റെ തെരഞ്ഞെടുപ്പ് മേൽനോട്ട സമിതി അധ്യക്ഷനായ ഉമ്മൻ ചാണ്ടിയാണ് യാത്ര ഉദ്ഘാടനം ചെയ്തത്. കൊവിഡ് കാലമായിട്ടും വൻജനാവലിയാണ് ഐശ്വര്യകേരള യാത്രയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ കുമ്പളയിൽ എത്തിയത്. എൽഡിഎഫിനും എൻഡിഎയ്ക്കും മുൻപേ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ പ്രചാരണ പ്രവ‍ർത്തനങ്ങളിലേക്ക് ഐശ്വര്യകേരളയാത്രയിലൂടെ യുഡിഎഫ് കാലെടുത്ത് വയ്ക്കുന്ന കാഴ്ചയാണ് ഇന്ന് കുമ്പളയിൽ കണ്ടത്. 

ഐശ്വര്യ കേരള യാത്രയുടെ ഉദ്ഘാടനത്തിന് മുൻപായി ​ഗസ്റ്റ് ഹൗസിൽ വച്ച് ഉമ്മൻചാണ്ടിയും ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും കൂടിക്കാഴ്ച നടത്തി. കേരളത്തിലെ 14 ജില്ലകളിലൂടേയും ഐശ്വര്യകേരളയാത്രയുടെ ഭാ​ഗമായി ചെന്നിത്തലയും നേതാക്കളും സഞ്ചരിക്കും. എല്ലാം ദിവസവും യാത്ര സംഘം എത്തുന്ന ജില്ലയിലെ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരുമായി കോൺ​ഗ്രസ് നേതാക്കൾ കൂടിക്കാഴ്ച നടത്തും. ഇതോടൊപ്പം യുഡിഎഫ് ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജനച‍ർച്ചയും കേരളയാത്രയ്ക്ക് സമാന്തരമായി നടക്കും. പതിവിന് വിപരീതമായി ഇക്കുറി വിവാദങ്ങൾക്കും മാധ്യമച‍ർച്ചകൾക്കും ഇടം കൊടുക്കാതെയാണ് യുഡിഎഫിലെ സീറ്റ് വിഭജന ച‍ർച്ച ആരംഭിച്ചതും പുരോ​ഗമിക്കുന്നതും.

ഐശ്വര്യ കേരളയാത്രയുടെ ഉദ്ഘാടന വേദിയിൽ വിവിധ നേതാക്കൾ പറഞ്ഞത് - 

ഉമ്മൻ ചാണ്ടി 

ജനപ്രശ്നങ്ങൾ ഒന്നൊന്നായി ഉന്നയിച്ച് സ‍ർക്കാരിനെ പ്രതിരോധത്തിലാക്കിയ വിജയിയായിട്ടാണ് ചെന്നിത്തല ഐശ്വര്യകേരള ജാഥ നയിക്കുന്നത്. യുഡിഎഫിൻ്റെ കാലം വികസനത്തിൻ്റേയും കരുതലിൻ്റേയും കാലമായിരുന്നു. മാർക്സിസ്റ്റ് പാർട്ടിയുടെ കാലം അക്രമരാഷ്ട്രീയത്തിൻ്റേയും കൊലപാതകത്തിൻ്റേയും കാലമാണ്. ശബരിമല വിഷയത്തിൽ വിശ്വാസികൾക്കൊപ്പമെന്ന നിലപാടാണ് യുഡിഎഫ് സ്വീകരിച്ചത്. അതിൽ ഇപ്പോഴും മാറ്റമില്ല. യുഡിഎഫ് സ‍ർക്കാർ അധികാരത്തിൽ എത്തിയാലും ശബരിമല വിഷയത്തിൽ ഭക്ത‍ർക്കൊപ്പം ആചാര അനുഷ്ഠാനങ്ങൾ സംരക്ഷിക്കണമെന്ന നിലപാടെടുക്കും. 

പി.കെ.കുഞ്ഞാലിക്കുട്ടി -

അടുത്ത 5 വർഷം കേരളം വാഴുക ഐക്യമുന്നണിയാവും. പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ എൽഡിഎഫ് ജയം ചക്ക വീണപ്പോൾ മുയൽ ചത്തത് പോലെയാണ്.  എപ്പോഴും അങ്ങനെയാവില്ല. മുസ്ലീം ലീഗിനേയും കോൺഗ്രസിനേയും തെറ്റിപ്പിക്കാനാണ് സിപിഎം ഇപ്പോൾ ശ്രമിക്കുന്നത്. ഈ ഏഷണിപ്പണി നി‍ർത്തിക്കൂടെ...? ബിജെപി പറയുന്ന അതേ വർത്തമാനമാണ് സിപിഎമ്മും പറയുന്നത്. ചവറ്റു കൊട്ടയിലിറെഞ്ഞി കേസിൻ്റെ അന്വേഷണമാണ് സിബിഐയെ ഏൽപിച്ചിരിക്കുന്നത്. 

മുല്ലപ്പള്ളി രാമചന്ദ്രൻ

വിഷം ചീറ്റുന്ന വർഗീയതയാണ് സിപിഎം ഉയർത്തുന്നത്. ന്യൂനപക്ഷങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ഭൂരിപക്ഷ വർഗീയതയെ പ്രീണിപ്പിക്കുന്ന തരത്തിലാണ് അവരുടെ നീക്കങ്ങൾ. 

എം.എം.ഹസ്സൻ
വർഗസമരത്തിന് പകരം വർഗീയ പ്രീണനമാണ് സിപിഎം നടത്തുന്നത്. വിജയരാഘവൻ ഇടതു മുന്നണിയുടെ കൺവീനറാണോ ഹിന്ദു മുന്നണിയുടെ കൺവീനറാണോ എന്ന് പറയണം.

അതേസമയം സീറ്റ് വിഭജനത്തിൽ തർക്കമില്ലെങ്കിലും തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ നയിക്കുന്ന ഉമ്മൻചാണ്ടി എവിടെ മത്സരിക്കും എന്ന കാര്യത്തിൽ വിവാദങ്ങളും ചർച്ചകളും ഇന്നും തുട‍ർന്നു. മുൻമുഖ്യമന്ത്രിയായ ഉമ്മൻചാണ്ടി നേമത്ത് മത്സരിക്കുമെന്ന തരത്തിൽ ചർച്ചകൾക്ക് ചൂടേറ്റിയ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്ന് ഈ നിലപാടിൽ നിന്നും മലക്കം മറ‍ിഞ്ഞിരുന്നു. പുതുപ്പള്ളിക്ക് പുറത്തേക്ക് ഉമ്മൻചാണ്ടി മത്സരിക്കാൻ പോകുമെന്നത് അടിസ്ഥാനരഹിതമായ വാ‍ർത്തയാണെന്നും ഇതു ചർച്ച ചെയ്യേണ്ട ആവശ്യം പോലുമില്ലെന്നാണ് ഇന്ന് മുല്ലപ്പള്ളി പറഞ്ഞത്. 
 

click me!