
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ റിമാന്‍ഡിലായിരുന്ന രാഹുല്‍ ഈശ്വറിന് ജാമ്യം ലഭിച്ചു. 16 ദിവസത്തിന് ശേഷമാണ് രാഹുല്‍ ഈശ്വറിന് ജാമ്യം ലഭിക്കുന്നത്. പലതും പറയാനുണ്ടെന്നും എന്നാല്‍ ഈ സാഹചര്യത്തില്‍ പലതും പറയാൻ പറ്റില്ലെന്നും ജയിലില്‍ നിന്ന് ഇറങ്ങിയ രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു. ഒരിക്കലും കള്ളത്തെ കള്ളം കൊണ്ട് ജയിക്കാൻ കഴിയില്ലെന്നും കള്ളത്തെ സത്യം കൊണ്ടേ ജയിക്കാൻ സാധിക്കൂ. കേസിനെ കുറിച്ച് സംസാരിക്കാൻ സാധിക്കാത്ത സാഹചര്യമാണ് നിലവില്‍, എന്നാല്‍ ഒരുകാര്യം പറയാം തന്നെ നോട്ടീസ് നല്‍കാതെയാണ് അറസ്റ്റ് ചെയ്തത്. എന്നാല്‍ പ്രോസിക്യൂഷൻ ഉൾപ്പെടെ കോടതിയില്‍ പറഞ്ഞത് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നാണ്. പൊലീസ് റിപ്പോർട്ട് കിട്ടിയില്ലെന്ന് പ്രൊസിക്യൂഷൻ കോടതിയില്‍ കള്ളം പറഞ്ഞു. ജാമ്യം നിഷേധിക്കാനാണ് പ്രോസിക്യൂഷൻ കള്ളം പറഞ്ഞത്. തെരഞ്ഞെടുപ്പ് കഴിയുംവരെ തന്നെ അകത്തിടാൻ നോക്കി. താൻ പുറത്തുനിന്നാൽ സർക്കാരിനെതിരെ സംസാരിച്ചേനെ. തനിക്ക് എതിരെ വന്നത് വ്യാജ പരാതിയാണ്. പൊലീസിനെതിരെ ആയിരുന്നില്ല നിരാഹാരം. മെൻസ് കമ്മീഷന് വേണ്ടിയാണ് നിരാഹാരം കിടന്നത്. കൂടുതൽ കാര്യങ്ങൾ പറയാൻ ഉണ്ടായിരുന്നു. പറയരുതെന്ന് നിർദേശം ലഭിച്ചത് കൊണ്ട് പറയുന്നില്ല എന്നും രാഹുല്‍ പറഞ്ഞു.
കൂടാതെ, ആർക്കും ആരെക്കുറിച്ചും കള്ളം പറയാൻ കഴിയും. അതിജീവിതയുടെ ഐഡന്‍റിറ്റി പുറത്ത് വിട്ടിട്ടില്ല. പച്ചക്കള്ളമാണ് തനിക്ക് എതിരെ പറഞ്ഞത്. ആ കള്ളം എന്താണെന്ന് പറയാൻ സാധിക്കില്ല. പറഞ്ഞാൽ തന്നെ വീണ്ടും അറസ്റ്റ് ചെയ്യും. ഉമ്മൻചാണ്ടിക്കും നിവിൻ പോളിക്കും നീതി കിട്ടാത്ത ഈ നാട്ടിൽ നമ്മുടെ കുട്ടികൾക്ക് നീതി കിട്ടുമോ? ചോദ്യം ചെയ്ത് ജയിലിൽ പോയതിൽ അഭിമാനം എന്നും രാഹുല്‍ ഈശ്വർ മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഇനി പെടാൻ പാടില്ല എന്ന് കോടതി ആവർത്തിച്ചു പറഞ്ഞതിന് ശേഷമാണ് ജാമ്യം നല്‍കിയത്. സമാനമായ കുറ്റകൃത്യങ്ങൾ പ്രതി മുൻപും ചെയ്തിട്ടുണ്ടെന്ന് പ്രസിക്യൂഷൻ കോടതിയില്‍ ചൂണ്ടിക്കാട്ടി. രണ്ട് തവണ കസ്റ്റഡിയില്‍ വിട്ടെന്നും മുൻ കേസുകളില്‍ കോടതിയലക്ഷ്യം ഉണ്ടായിട്ടുണ്ടെങ്കില്‍ അത് അതതു കോടതികളില്‍ അറിയിക്കണം എന്നും കോടതി വ്യക്തമാക്കി. തുടര്‍ന്ന് രാഹുല്‍ ഈശ്വറിന് ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.
വൈകിട്ട് 5.30 ഓടെ ജില്ലാ ജിയിൽ നിന്ന് പുറത്തിറങ്ങിയ രാഹുലിന് ജിയലിന് പുറത്ത് സഹപ്രവർത്തകർ സ്വീകരണമൊരുക്കി. അറസ്റ്റിന് പിന്നാലെ തനിക്ക് നേരെയുണ്ടായത് നീതി നിഷേധമാണെന്ന് ചൂണ്ടികാട്ടി രാഹുൽ നേരത്തെ ജയിലിൽ നിരാഹാരം ആരംഭിച്ചിരുന്നു. എന്നാൽ ജാമ്യ ഹർജി തള്ളിയതോടെ മൂന്നാം ദിവസം ജയിൽ ഉദ്യോഗസ്ഥരോട് ഭക്ഷണം ആവശ്യപ്പെടുകയായിരുന്നു. രാഹുൽ അടക്കം ആറ് പേർക്കെതിരെയാണ് തിരുവനന്തപുരം സൈബർ പൊലീസ് കേസ് എടുത്തത്. പത്തനംതിട്ടയിലെ മഹളി കോൺഗ്രസ് നേതാവ് രഞ്ജിത പുളിക്കനാണ് ഒന്നാം പ്രതി. ഇന്ന് ജാമ്യ ഹർജി കോടതി പരിഗണിച്ചപ്പോൾ പൊലീസ് വീണ്ടും കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും 16 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞ പ്രതിയെ വീണ്ടും എന്തിനാണ ്കസ്റ്റഡിയിൽ ആവശ്യപ്പെടുന്നതെന്ന് കോടതി ചോദിച്ചു. എന്നാൽ പ്രതി ഇത്തരം കുറ്റകൃത്യം ആവർത്തിക്കുന്ന ആളാണെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചെങ്കിലും അതിന്‍റെ വിശദാംശങ്ങൾ ഹാജരാക്കാൻ പൊലീസിന് കഴിഞ്ഞില്ല. അറിഞ്ഞുകൊണ്ട് ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും തെറ്റ് ആവർത്തിക്കില്ലെന്നും രാഹുലിന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കേസിലെ മറ്റൊരു പ്രതി സന്ദീപ് വാര്യരുടെ മുൻകൂർ ജാമ്യ ഹർജിയിൽ നാളെ കോടതി വാദം കേൾക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam