പ്രതിഷേധിച്ച് കോൺഗ്രസിൽ ഒരു വിഭാഗം കൂട്ടത്തോടെ രാജിവച്ചു. കോൺഗ്രസ് പാർട്ടിയിലെ എല്ലാ സ്ഥാനങ്ങളും രാജി വച്ചതായി വിമത നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അതേസമയം, ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫ് സ്വതന്ത്രനായി മത്സരിക്കും.
ആലപ്പുഴ: സ്ഥാനാർത്ഥി പ്രഖ്യാപനത്തെ തുടർന്ന് കുട്ടനാട്ടിലെ കോൺഗ്രസിൽ പൊട്ടിത്തെറി. സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ പ്രതിഷേധിച്ച് കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ കൂട്ടത്തോടെ രാജിവച്ചു. കോൺഗ്രസ് പാർട്ടിയിലെ എല്ലാ സ്ഥാനങ്ങളും രാജി വച്ചതായി വിമത നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അതേസമയം, ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫ് സ്വതന്ത്രനായി മത്സരിക്കും. മാധ്യമങ്ങൾക്ക് മുമ്പിൽ പൊട്ടിക്കരഞ്ഞു കൊണ്ടാണ് സജി ജോസഫ് പ്രതികരിച്ചത്.
കുട്ടനാട്ടിലെ സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ചാണ് ഡിസിസി ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് ഉൾപ്പെടെ രാജി വച്ചത്. രാജിക്കത്ത് ഡിസിസി പ്രസിഡന്റിന് കൈമാറിയതായി നേതാക്കൾ അറിയിച്ചു. പേയ്‌മെന്റ് സീറ്റുകൾ ഉണ്ടാവില്ലെന്ന് നേതൃത്വം ഉറപ്പ് തന്നിരുന്നു. കുട്ടനാട്ടുകാരനായ സ്ഥാനാർഥി ഉണ്ടാകുമെന്ന് ഉറപ്പ് നൽകിയെന്നും കുട്ടനാട്ടുകാരുടെ ആവശ്യം അവഗണിച്ചെന്നും സജി ജോസഫ് പറഞ്ഞു. കുട്ടനാടിനെ വില്പന ചരക്ക് ആക്കാൻ അനുവദിക്കില്ല. കുട്ടനാട്ടിലെ ജനങ്ങൾക്ക് വേണ്ടിയാണ് മത്സരിക്കുന്നതെന്ന് സജി ജോസഫ് പറഞ്ഞു.
കോൺഗ്രസ് സീറ്റ് ഏറ്റെടുക്കുമെന്ന് നേതാക്കൾ ഉറപ്പ് നൽകിയിരുന്നു. വേദനയോടെയാണ് തീരുമാനമെടുത്തത്. നേതാക്കളെയോ പ്രസ്ഥാനത്തെയോ കുറ്റം പറയുന്നില്ല. സ്വതന്ത്രനായി മത്സരിക്കുന്നത് വേദനയോടെയാണ്. കുട്ടനാട്ടിലെ ജനങ്ങൾ തെറ്റ് തിരുത്തും. ഞാൻ അവരുടെ സ്ഥാനാർഥിയാണ്. കോൺഗ്രസിൽ നിന്ന് രാജി വച്ചു. രണ്ടു മുന്നണികളിലും പേമെന്റ് സീറ്റ് ആണ്. രണ്ട് സാമ്പത്തിക ശക്തികൾക്കെതിരെയാണ് മത്സരിക്കുന്നത്. നാളെ പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പോയി പുഷ്പാർച്ചന നടത്തുമെന്നും തുടർന്ന് പ്രചരണത്തിലേക്ക് കടക്കുമെന്നും സജി ജോസഫ് പറഞ്ഞു.



