
തിരുവനന്തപുരം: ഷിരൂരിൽ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിൽ ആരംഭിച്ചിട്ട് ഇന്നേക്ക് പത്ത് ദിവസം. അർജുന് വേണ്ടിയുള്ള തെരച്ചിൽ ലക്ഷ്യത്തിലെത്തേണ്ടതുണ്ടെന്നും അതിനായി സമ്മർദം ചെലുത്തുന്നുണ്ടെന്നും ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ആ തരത്തിൽ തന്നെ സംസ്ഥാന സർക്കാർ ഇടപെടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. അർജുന്റെ കുടുംബത്തിന് നേരെ ഉണ്ടായ സൈബർ ആക്രമണം ഗൗരവമുള്ളതാണെന്ന് വ്യക്തമാക്കിയ മന്ത്രി മനുഷ്യപ്പറ്റ് ഇല്ലാത്ത ഇത്തരം നടപടിക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പറഞ്ഞു. ഇത്തരം ആളുകളെ നിയമത്തിനു മുന്നിൽ കൊണ്ടു വരും. ഇങ്ങനെയും മനുഷ്യന്മാരുണ്ടല്ലോ എന്നാണ് ചിന്തിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.