
തൃശൂർ: മുഖ്യമന്ത്രി വി ഡി സതീശനും കെ എസ് ഇ ബി ജീവനക്കാരും ചേർന്ന് നൃത്തം ചെയ്യുന്ന വൈറലായ വിവാദ എ ഐ വീഡിയോ മെറ്റ നീക്കം ചെയ്തതിന് പിന്നിൽ മുഖ്യമന്ത്രിയുടെ സൈബർ വിംഗ് ആയിരിക്കാമെന്ന് 'എ ഐ കവല' ഉടമ അഭിജിത് കെ എസ്. മാസ് പെറ്റീഷൻ ലഭിച്ചതിനാലാണ് വീഡിയോ നീക്കിയതെന്നാണ് മെറ്റയിൽ നിന്ന് ലഭിച്ച മറുപടിയെന്നും, മുഖ്യമന്ത്രി വീഡിയോ കണ്ട് ആസ്വദിക്കുന്നതിന് മുൻപ് തന്നെ സൈബർ വിംഗ് പരാതി നൽകിയിട്ടുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ വീഡിയോ ഇതിനോടകം കോടിക്കണക്കിന് ആളുകൾ കണ്ടുകഴിഞ്ഞതിനാൽ വിഷയത്തിൽ തുടർ പരാതിക്ക് ഉദ്ദേശിക്കുന്നില്ലെന്നും അഭിജിത് വ്യക്തമാക്കി. Reach you.in എന്ന ഡിജിറ്റൽ മാർക്കറ്റിംഗ് സ്ഥാപനമാണ് വീഡിയോ തയ്യാറാക്കിയകെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം എ ഐ ഡാൻസ് വീഡിയോ വ്യക്തിപരമായി വലിയ സന്തോഷമുണ്ടാക്കിയെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. അഞ്ച് വയസ്സുള്ള ഒരു കുട്ടി നേരിട്ടെത്തി ഡാൻസ് ഗംഭീരമായിരുന്നു എന്ന് തന്നോട് പറഞ്ഞതായും അദ്ദേഹം ലോ കോളേജിലെ പരിപാടിയിൽ പറഞ്ഞു. എന്നാൽ എ ഐ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട് ചില നിയമപ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വിവാദ വീഡിയോ മെറ്റ നീക്കം ചെയ്തതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. എ ഐ വീഡിയോയിൽ മോഹൻലാലിനേക്കാളും വിജയിയേക്കാളും മികച്ച രീതിയിലാണ് താൻ നൃത്തം ചെയ്യുന്നതെന്ന് കഴിഞ്ഞ ദിവസം സതീശൻ അഭിപ്രായപ്പെട്ടിരുന്നു.
സംസ്ഥാനത്തെ പവർക്കട്ടുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്കിടെയാണ് കെ എസ് ഇ ബി ജീവനക്കാർക്കൊപ്പം മുഖ്യമന്ത്രി നൃത്തം ചെയ്യുന്ന രീതിയിലുള്ള എ ഐ വീഡിയോ പുറത്തുവന്നത്. വീഡിയോ ഇന്ത്യയിൽ കാണാൻ കഴിയാത്ത വിധത്തിൽ മെറ്റാ നീക്കം ചെയ്തിരുന്നു. നിലവിലുള്ള ഐ ടി നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. എന്നാൽ വിനോദം മാത്രം ലക്ഷ്യമിട്ട് നിർമ്മിച്ച വീഡിയോ പോസിറ്റീവായാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്നും, ഇന്ത്യയിൽ വീണ്ടും ലഭ്യമാക്കാൻ അപ്പീൽ നൽകിയിട്ടുണ്ടെന്നും വീഡിയോ തയ്യാറാക്കിയ അഭിജിത്ത് പ്രതികരിച്ചു. എ ഐ വീഡിയോ എന്ന മുന്നറിയിപ്പോടെയാണ് ഇത് പ്രചരിച്ചിരുന്നതെങ്കിലും ഐ ടി നിയമങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്ലാറ്റ്‌ഫോമുകൾ നിയന്ത്രണം ഏർപ്പെടുത്തിയത്. നിലവിൽ വിദേശത്തുള്ളവർക്ക് ഈ വീഡിയോ കാണാൻ സാധിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam