സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ തന്റെ എഐ ഡാൻസ് വീഡിയോ വ്യക്തിപരമായി സന്തോഷം നൽകിയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. എന്നാൽ എഐ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങളെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു
തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ തന്റെ എ ഐ ഡാൻസ് വീഡിയോ വ്യക്തിപരമായി വലിയ സന്തോഷമുണ്ടാക്കിയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. അഞ്ച് വയസ്സുള്ള ഒരു കുട്ടി നേരിട്ടെത്തി ഡാൻസ് ഗംഭീരമായിരുന്നു എന്ന് തന്നോട് പറഞ്ഞതായും അദ്ദേഹം ലോ കോളേജിലെ പരിപാടിയിൽ പറഞ്ഞു. എന്നാൽ എ ഐ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട് ചില നിയമപ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വിവാദ വീഡിയോ മെറ്റ നീക്കം ചെയ്തതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. എ ഐ വീഡിയോയിൽ മോഹൻലാലിനേക്കാളും വിജയിയേക്കാളും മികച്ച രീതിയിലാണ് താൻ നൃത്തം ചെയ്യുന്നതെന്ന് കഴിഞ്ഞ ദിവസം സതീശൻ അഭിപ്രായപ്പെട്ടിരുന്നു.
പവർക്കട്ടിന് വിമർശനം
സംസ്ഥാനത്തെ പവർക്കട്ടുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്കിടെയാണ് കെ എസ് ഇ ബി ജീവനക്കാർക്കൊപ്പം മുഖ്യമന്ത്രി നൃത്തം ചെയ്യുന്ന രീതിയിലുള്ള എ ഐ വീഡിയോ പുറത്തുവന്നത്. വീഡിയോ ഇന്ത്യയിൽ കാണാൻ കഴിയാത്ത വിധത്തിൽ മെറ്റാ നീക്കം ചെയ്തിരുന്നു. നിലവിലുള്ള ഐ ടി നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. എന്നാൽ വിനോദം മാത്രം ലക്ഷ്യമിട്ട് നിർമ്മിച്ച വീഡിയോ പോസിറ്റീവായാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്നും, ഇന്ത്യയിൽ വീണ്ടും ലഭ്യമാക്കാൻ അപ്പീൽ നൽകിയിട്ടുണ്ടെന്നും വീഡിയോ തയ്യാറാക്കിയ അഭിജിത്ത് പ്രതികരിച്ചു. എ ഐ വീഡിയോ എന്ന മുന്നറിയിപ്പോടെയാണ് ഇത് പ്രചരിച്ചിരുന്നതെങ്കിലും ഐ ടി നിയമങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്ലാറ്റ്‌ഫോമുകൾ നിയന്ത്രണം ഏർപ്പെടുത്തിയത്. നിലവിൽ വിദേശത്തുള്ളവർക്ക് ഈ വീഡിയോ കാണാൻ സാധിക്കും.
