
കൊച്ചി: എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ട് തുടരുന്നതിനിടെ ആലുവ എടത്തലയിൽ അതിശക്തമായ കാറ്റ്. ഇന്ന് രാവിലെ എട്ട് മണിക്കായിരുന്നു ചെറിയ ചുഴലിക്കാറ്റ് അടിച്ചത്. ശക്തമായ കാറ്റിൽപ്പെട്ട് റോഡിൽ പാർക്ക് ചെയ്തിരുന്ന ഏതാനും വാഹനങ്ങൾ കാറ്റിൽ തലകീഴായി മറിഞ്ഞു. നിരവധി മരങ്ങളും പോസ്റ്റുകളും ഒടിഞ്ഞുവീണു. കേബിൾ കണക്ഷനുകളും വൈദ്യുതി ബന്ധവും പലയിടങ്ങളിലും തടസ്സപ്പെട്ടു.
കഴിഞ്ഞ ദിവസം വൈകുന്നേരം അങ്കമാലി മങ്കാട്ടുകരയിലും ശക്തമായ കാറ്റ് വീശിയിരുന്നു. മരം കടപുഴകി വീണ് ഇവിടെ നിരവധി വീടുകൾ ഭാഗികമായി തകർന്നു. കാറ്റിൽ വ്യാപക കൃഷി നാശവും സംഭവിച്ചിട്ടുണ്ട്. വാഴയും ജാതിയുമടക്കം മുറിഞ്ഞുവീണു. കുട്ടമ്പുഴ പഞ്ചായത്തിലെ മണികണ്ഠൻ ചാൽ ചപ്പാത്തിൽ വെള്ളം കയറിയതിനെ തുടന്ന് നാല് ആദിവാസിവീടുകളിൽ വെള്ളം കയറി. ഇവരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. എറണാകുളം ജില്ലയുടെ മിക്കഭാഗങ്ങളിലും നിലവിൽ മഴ ലഭിക്കുന്നുണ്ട്. മലയോര മേഖലയിൽ രാത്രി സമയങ്ങളിൽ വാഹന ഗതാഗതം ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു.
അതേസമയം, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറിൽ ന്യൂനമർദ്ദം കൂടുതൽ ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥാ നീരിഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്. മഴ കനക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കൂടുതൽ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ആറ് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്.
Also Read: മഴ കനക്കുന്നു; ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട്, കേരള തീരത്ത് ശക്തമായ തിരമാലയ്ക്ക് സാധ്യത
മൂന്ന് ദിവസമായി കനത്ത മഴ തുടരുന്ന കണ്ണൂരിൽ, മലയോര മേഖലകളിൽ രാത്രി ഏഴുമണി മുതൽ രാവിലെ ഏഴുവരെ ഗതാഗതം നിരോധിച്ചു. ഇരിട്ടി പുഴയിൽ ജലനിരപ്പ് ഉയരുന്നതിനാൽ പുഴയോരത്ത് താമസിക്കുന്നവരോട് ബന്ധുവീടുകളിലേക്ക് മാറി താമസിക്കാൻ ആവശ്യപ്പെട്ടു. ഉരുൾപ്പൊട്ടൽ , മണ്ണിടിച്ചിൽ സാധ്യതയുള്ള ജില്ലകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു തുടങ്ങി. പാലക്കാട് രാത്രി ഇടവിട്ട് ശക്തമായ മഴ കിട്ടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam