ബേപ്പൂരിൽ നിന്ന് പോയി കടലിൽ കാണാതായ ബോട്ട് മംഗളുരു തീരത്ത് സുരക്ഷിതം, ആശ്വാസം

By Web TeamFirst Published May 16, 2021, 5:20 PM IST
Highlights

നിയുക്ത ബേപ്പൂർ എംഎൽഎ പി എ മുഹമ്മദ് റിയാസാണ് ന്യൂ മംഗളുരു തീരത്ത് കര പറ്റാനാകാതെ 'അജ്മീർ ഷാ' എന്ന ബോട്ട് നങ്കൂരമിട്ടിരിക്കുകയാണെന്ന് അറിയിച്ചത്. മൊബൈൽ സിഗ്നൽ നഷ്ടമായതിനെത്തുടർന്നാണ് ബോട്ടുമായുള്ള ആശയവിനിമയം നഷ്ടമായതെന്നാണ് സൂചന.

കോഴിക്കോട്: ബേപ്പൂരിൽ നിന്ന് മീൻപിടിക്കാൻ പോയി കനത്ത കടൽക്ഷോഭത്തിൽ കാണാതായ 'അജ്മീർ ഷാ' എന്ന ബോട്ട് മംഗളുരു തീരത്തിനടുത്ത് കണ്ടെത്തിയതായി നിയുക്ത ബേപ്പൂർ എംഎൽഎ പി എ മുഹമ്മദ് റിയാസ്.  ന്യൂ മംഗളുരു തീരത്ത് കര പറ്റാനാകാതെ 'അജ്മീർ ഷാ' എന്ന ബോട്ട് നങ്കൂരമിട്ടിരിക്കുകയാണെന്ന് റിയാസ് അറിയിക്കുന്നു. ബോട്ടിലുള്ള എല്ലാവരും സുരക്ഷിതരാണെന്നും, കാലാവസ്ഥ അനുകൂലമായാൽ കരപറ്റുമെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി. മൊബൈൽ സിഗ്നൽ നഷ്ടമായതിനെത്തുടർന്നാണ് ബോട്ടുമായുള്ള ആശയവിനിമയം നഷ്ടമായതെന്നാണ് സൂചന. 

മുഹമ്മദ് റിയാസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: 

ശുഭവാർത്ത തന്നെയാണ് 
അങ്ങ് വടക്കുനിന്നും വരുന്നത്.
ബേപ്പൂരിൽ നിന്നും മീൻ പിടിത്തത്തിന് പോയി കാണാതായ "അജ്മീർ ഷാ " എന്ന ബോട്ട്  കണ്ടെത്തിയതായാണ് വിവരം.
ന്യൂ മംഗളൂരുവിന് സമീപം കരപറ്റാനാകാതെ നങ്കൂരമിട്ടിരിക്കയാണ്. 
എല്ലാവരും സുരക്ഷിതരും.
കാലാവസ്ഥ അനുകൂലമായാൽ കരപറ്റും എന്നാണ് അല്പസമയംമുൻപ് 
സംസ്ഥാന തീരദേശ പോലീസ് മേധാവി ഐ ജി ശ്രീ പി വിജയൻ വിളിച്ചറിയിച്ചത്.
മിലാദ് - 03 എന്ന രണ്ടാമത് ബോട്ടും കാലാവസ്ഥ അനുകൂലമായാൽ വൈകാതെ കരയിലെത്തുമെന്നും അദ്ദേഹം അറിയിച്ചു.
ഏറെ ആശ്വാസം പകരുന്നതാണീ വാർത്ത .
ഈ വിഷയത്തിന് ബന്ധപ്പെട്ടപ്പോൾ ശരവേഗത്തിൽ ഇടപെട്ട,നമ്മുടെ സംസ്ഥാന ദുരന്തനിവാരണ വിഭാഗം മേധാവി ശേഖർ കുര്യാക്കോസ്, തീരദേശ പോലീസ് മേധാവി  ഐ ജി ശ്രീ പി വിജയൻ , കോസ്റ്റ്ഗാർഡ് ഐജി  ശ്രീ ജെന തുടങ്ങിയ എല്ലാവരോടും നന്ദി അറിയിക്കുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!