
ദില്ലി: ദേവികുളം തെരഞ്ഞെടുപ്പ് കേസിൽ എതിർ സത്യവാങ്മൂലം സമർപ്പിച്ച് യു ഡി എഫ് സ്ഥാനാർത്ഥി ഡി കുമാർ. എ രാജയ്ക്ക് സംവരണത്തിന് ആർഹതയില്ലെന്നാണ് സത്യവാങ്മൂലത്തിൽ കുമാറിന്റെ വാദം. രാജയുടെ പൂർവീകർ 1950 ന് ശേഷമാണ് കേരളത്തിലേക്ക് എത്തിയത്. 1976 വരെ രാജയുടെ മാതാപിതാക്കൾക്ക് കേരളത്തിൽ സ്വന്തമായി സ്ഥലമോ മേൽവിലാസമോ ഇല്ലാതെയിരുന്നുവെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. ഈ സാഹചര്യത്തിൽ കേരളത്തിലെ സംവരണത്തിൻ്റെ അനൂകൂല്യം ലഭിക്കില്ലെന്നാണ് കുമാറിന്റെ വാദം.
രാജയും മാതാപിതാക്കളും ക്രിസ്ത്യൻ മത വിശ്വാസം സ്വീകരിച്ചവരാണ്. ക്രിസ്ത്യൻ മതവിശ്വാസി എന്ന നിലയിൽ തന്നെയാണ് ജീവിച്ചത്. രാജയുടെ വിവാഹം നടന്നത് ക്രിസ്തുമത ആചാരപ്രകാരമാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. മൂന്നോളം ഇവാഞ്ചലിക്കൽ ചർച്ച് പാസ്റ്റർമാർ ചേർന്നാണ് വിവാഹം ആശീർവദിച്ചത്. വിവാഹ ചിത്രങ്ങൾ, പാസ്റ്റർമാരുടെ മൊഴി, ഫോട്ടോഗ്രാഫറുടെ മൊഴി ഇതിന് തെളിവുണ്ടെന്നും ഡി കുമാർ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇതും സത്യവാങ്മൂലത്തിനൊപ്പം സമർപ്പിച്ചിട്ടുണ്ട്.
രാജയ്ക്ക് കോടതിയിൽ സമർപ്പിച്ചിരിക്കുന്ന ജാതി സർട്ടിഫിക്കറ്റ് അല്ലാതെ പട്ടികജാതിക്കാരൻ ആണെന്ന് കാണിക്കുന്ന മറ്റ് യാതൊരു രേഖകളും ഹാജരാക്കുവാൻ സാധിച്ചിട്ടില്ലെന്നും കുമാർ സത്യവാങ്മൂലത്തിൽ പറയുന്നു. ജാതി സർട്ടിഫിക്കറ്റിനായി രേഖകളിൽ മാറ്റം വരുത്തിയെന്നും സത്യവാങ്മൂലത്തിൽ ആരോപിക്കുന്നുണ്ട്. ഡി കുമാറിനായി അഭിഭാഷകൻ ആൾജോ ജോസഫാണ് സത്യവാങ്മൂലം സമർപ്പിച്ചത്. അതേസമയം ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരായ എ രാജയുടെ അപ്പീലിൽ സുപ്രീം കോടതി ഇന്ന് പരിഗണിക്കും.
ജസ്റ്റിസ് അനിരുദ്ധ ബോസ് അധ്യക്ഷനായ ബെഞ്ചാകും ഹർജി പരിഗണിക്കുക. കഴിഞ്ഞ തവണ കേസ് പരിഗണിച്ച കോടതി ഹൈക്കോടതി വിധി സ്‌റ്റേ ചെയ്തിരുന്നു. ഉപാധികളോടെയാണ് സ്റ്റേ നൽകിയത്. ഹൈക്കോടതി വിധി ഔദ്യോഗിക രേഖകൾ പരിശോധിക്കാതെയാണെന്നാണ് അപ്പീലിൽ പറയുന്നത് തൻ്റെ പൂർവികർ 1950 മുൻപ് കേരളത്തിലേക്ക് കുടിയേറിയവരാണെന്നും വിവാഹം നടന്നത് ഹിന്ദു ആചാരപ്രകാരമാണെന്നും ഹൈക്കോടതി വിധി റദ്ദാക്കണമെന്നുമാണ് രാജ അപ്പീലിൽ ആവശ്യപ്പെടുന്നത് .
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം