ജന.സെക്രട്ടറിയാണ്, പരസ്യവിമർശനം വേണ്ട; കാനത്തിനെതിരെ സിപിഐയിൽ വിമർശനം, പാർട്ടി ഭരണഘടന അറിയാമെന്ന് കാനം

Published : Oct 05, 2021, 05:52 PM ISTUpdated : Oct 05, 2021, 08:22 PM IST
ജന.സെക്രട്ടറിയാണ്, പരസ്യവിമർശനം വേണ്ട; കാനത്തിനെതിരെ സിപിഐയിൽ വിമർശനം, പാർട്ടി ഭരണഘടന അറിയാമെന്ന് കാനം

Synopsis

കനയ്യ വിഷയത്തിലും ഡി രാജ കാനത്തെ തള്ളി. കനയ്യ പാർട്ടിയെ വഞ്ചിച്ചുവെന്നതിൽ ഉറച്ചുനിൽക്കുന്നു. കനയ്യയ്ക്ക് ആവശ്യമായ പരിഗണന നൽകിയിട്ടുണ്ടെന്ന് ഡി രാജ കൂട്ടിച്ചേര്‍ത്തു.

ദില്ലി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ (kanam rajendran) വിമർശിച്ച് ജനറല്‍ സെക്രട്ടറി ഡി രാജ (d raja). ജനറല്‍ സെക്രട്ടറിയെ പരസ്യമായി വിമർശിക്കുന്നത് സ്വീകാര്യമല്ല. ആഭ്യന്തര ജനാധിപത്യമുണ്ടെങ്കിലും അച്ചടക്കം പാലിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ടെന്നും രാജ ദില്ലിയില്‍ പറഞ്ഞു. എന്നാല്‍ താനും പാര്‍ട്ടി ഭരണഘടന വായിക്കാറുണ്ടെന്നായിരുന്നു കാനം രാജേന്ദ്രന്‍റെ മറുപടി.

സിപിഐ സംസ്ഥാന ഘടകവും ജനറല്‍ സെക്രട്ടറിയും തമ്മില്‍ തുറന്ന പോരിലേക്കാണ് കാര്യങ്ങള്‍ കടക്കുന്നത്. ആനി രാജയുടെ ആഭ്യന്തര വകുപ്പിനെതിരായ വിമ‍ർശനത്തെയും ജനറല്‍ സെക്രട്ടറിയുടെ പിന്തുണയേയും നേരത്തെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വിമർശിച്ചിരുന്നു. സംസ്ഥാന ഘടകത്തോട് ആലോചിക്കാതെ ദേശീയ നേതാക്കള്‍ സംസ്ഥാന വിഷയത്തില്‍ അഭിപ്രായം പറയുന്നത് അംഗീകരിക്കാനാകില്ലെന്നെയായിരുന്നു സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാട്. സംസ്ഥാന സമിതി യോഗം ചേർന്നപ്പോഴും ആനി രാജക്കും പിന്തുണച്ച ജനറല്‍ സെക്രട്ടറിക്കുമെതിരെ വിമർശനം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ദേശീയ കൗണ്‍സിലിന് ശേഷം ചേർന്ന വാര്‍ത്ത സമ്മേളനത്തില്‍ കാനത്തെ പരസ്യമായി തള്ളി ഡി രാജ രംഗത്തെത്തിയത്.

ആനി രാജയുടെ പരാമർശങ്ങള്‍ക്കുള്ള പിന്തുണ വാര്‍ത്തസമ്മേളനത്തില്‍ ഡി രാജ ആവർത്തിച്ചു. ജനറല്‍ സെക്രട്ടറിയെ പരസ്യമായി വിമർശിക്കുന്നത് സ്വീകാര്യമല്ലെന്ന് ഡി രാജ പറഞ്ഞു. പാർട്ടിയിൽ ആഭ്യന്തര ജനാധിപത്യമുണ്ട്. സ്ത്രീ സുരക്ഷയടക്കം പൊതുവിഷയങ്ങളിൽ അഭിപ്രായം പറയാൻ ദേശീയ നേതാക്കൾക്ക് സ്വാതന്ത്ര്യമുണ്ട്. എന്നാൽ പാർട്ടി അച്ചടക്കം പാലിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്ന് ഡി രാജ വിമര്‍ശിച്ചു. കേരള ഘടകം എതിർപ്പ് അറിയിച്ചിട്ടില്ല. മാധ്യമവാർത്തകൾ മാത്രമേ ഉള്ളൂവെന്ന് ഡി രാജ പറഞ്ഞു. കനയ്യ കുമാര്‍ പാർട്ടി വിട്ട സാഹചര്യം പരിശോധിക്കണമെന്ന സംസ്ഥാന ഘടകത്തിന്‍റെ അഭിപ്രായത്തെയും ‍ഡി രാജ തള്ളി. കനയ്യയുടേത് വഞ്ചനായാണെന്നത് തന്നെയാണ് പാര്‍ട്ടി നിലപാടെന്ന് രാജ വ്യക്തമാക്കി. കനയ്യയ്ക്ക് ആവശ്യമായ പരിഗണന നൽകിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കനയ്യ കുമാറിൻ്റെ കാര്യത്തിൽ വസ്തുത മനസ്സിലാക്കണമായിരുന്നുവെന്നും കാനത്തിൻ്റെ പരാമർശം ഒഴിവാക്കണമായിരുന്നുവെന്ന് ബിനോയ് വിശ്വവും പ്രതികരിച്ചു. ദേശീയ കൗൺസിൽ വിഷയം ചർച്ച ചെയ്തില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ജി രാജയുടെ വിമർശനത്തെ തള്ളിയ കാനം താനും പാര്‍ട്ടി ഭരണഘടന വായിക്കാറുണ്ടെന്ന് തിരിച്ചടിച്ചു. അച്ചടക്കം പാലിക്കാറുണ്ടെന്നും ഡി രാജക്ക് കാനം മറുപടി നല്‍കി. അതേസമയം, വിജയവാഡയിലെ പാര്‍ട്ടി കോണ്‍ഗ്രസ്  അടുത്ത വര്‍ഷം ഒക്ടോബർ 14 മുതല്‍ 18 വരെ നടത്താന്‍ ദേശീയ കൗണ്‍സില്‍ തീരുമാനിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ലഭിച്ച ഒറ്റവോട്ടിൽ അവകാശവാദം; പാർട്ടി സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തതിന് പുറത്താക്കിയെന്ന് സിപിഎം ബ്രാഞ്ചംഗം
മദ്യപിച്ച് വാഹനമോടിച്ച് അപകടം; പൊലീസുകാരനും സിനിമാതാരവുമായ ശിവദാസിനെതിരെ കേസെടുത്ത് പൊലീസ്