
ദില്ലി: കേരള പൊലീസിനെതിരെ ആനി രാജ ഉയര്‍ത്തിയ വിമര്‍ശനത്തെ ന്യായീകരിച്ച് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. യുപിയിലായാലും കേരളത്തിലായാലും പൊലീസിന്‍റെ വീഴ്ചകൾ വിമര്‍ശിക്കപ്പെടുമെന്ന് ഡി രാജ പറഞ്ഞു. ഇതിലൂടെ കാനത്തന്‍റെ നിലപാടല്ല പാര്‍ടി നേതൃത്വത്തിന് എന്നുകൂടിയാണ് ഡി രാജ വ്യക്തമാക്കുന്നത്.
സംസ്ഥാന പൊലീസിൽ ആര്‍എസ്എസ് ഗ്രൂപ്പെന്ന ആനി രാജയുടെ പരസ്യവിമര്‍ശനം സിപിഐ സംസ്ഥാന ഘടകത്തെ തന്നെ പ്രതിരോധത്തിലാക്കിയിരുന്നു. സ്ത്രീപീഡന കേസുകളിലെ പൊലീസിന്‍റെ അന്വേഷണ വീഴ്ചക്കെതിരെ തുടരുന്ന ആരോപണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം.
ആനി രാജ പറഞ്ഞതിനോട് യോജിക്കുന്നില്ല എന്നായിരുന്നു സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ നിലപാട്. ഇതിലൂടെ പാര്‍ടി നിലപാടല്ല ആനിരാജയുടേതെന്ന സന്ദേശം നൽകാനായിരുന്നു കാനത്തിന്‍റെ ശ്രമം. അത് തള്ളുകയാണ് ആനിരാജയെ ന്യായീകരിച്ച് ഡി രാജ.
ആനിരാജയുടെ വിമര്‍ശനത്തിൽ സിപിഐയിൽ രണ്ടഭിപ്രായം ശക്തമാവുകയാണ്. പാര്‍ടി ദേശീയ നേതൃത്വത്തിലെ വലിയൊരു വിഭാഗത്തിനൊപ്പം സംസ്ഥാന ഘടകത്തിലെ ചില നേതാക്കളും ആനിരാജ പറഞ്ഞതിൽ തെറ്റില്ല എന്ന അഭിപ്രായക്കാരാണ്. സിപിഎമ്മിനോട് അതിവിധേയത്വം വേണ്ട എന്ന നിലപാട് സിപിഐയിൽ മെല്ല ശക്തമാകുന്നു എന്നതിന്‍റെ സൂചന കൂടിയാണ് ഇപ്പോഴത്തെ ഈ വിവാദം.
കേരള പൊലീസിനെതിരെ ഗുരുതര ആരോപണവുമായാണ് നേരത്തേ സിപിഐ നേതാവ് ആനി രാജ രംഗത്തെത്തിയത്. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട സർക്കാർ നയത്തിനെതിരെ ബോധപൂർവ്വമായ ഇടപെടൽ പൊലീസ് സേനയിൽ നിന്ന് ഉണ്ടാകുന്നുവെന്ന് ആനി രാജ പറഞ്ഞു. പൊലീസുകാരുടെ അനാസ്ഥ കൊണ്ട് പല മരണം സംഭവിക്കുന്നു. ദേശീയ തലത്തിൽ പോലും നാണക്കേട്. ഇതിനായി ആർ എസ് എസ് ഗ്യാങ് പൊലീസിൽ പ്രവർത്തിക്കുന്നതായി സംശയിക്കുന്നു. മുഖ്യമന്ത്രി ഈ വിഷയത്തെ ഗൗരവകരമായി എടുക്കണമെന്നും ആനി രാജ ആവശ്യപ്പെട്ടു.
ആറ്റിങ്ങലിലെ സംഭവത്തിൽ പൊലീസുകാരിക്കെതിരെ ദളിത് പീഡനത്തിന് കേസ് എടുക്കണം. എല്ലാവരും കണ്ട കാര്യത്തിൽ എന്ത് അന്വേഷണമാണ് പൊലീസ് മേധാവി നടത്തുന്നത്? സ്ത്രീകൾക്കായി പ്രത്യേക വകുപ്പു സ്വതന്ത്ര്യ മന്ത്രിയും വേണം. ഇതിനായി മുഖ്യമന്ത്രിക്കും എൽ ഡി എഫ് കൺവീനർക്കും കത്ത് നൽകും. പൊലീസുകാർക്ക് നിയമത്തെ കുറിച്ച് പരിശീലനം നൽകണമെന്നും ആനി രാജ കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam