സംസ്ഥാനത്ത് അനധികൃത ഫ്ലക്സ് ബോര്‍ഡുകളും കൊടിതോരണങ്ങളും വ്യാപകമായെന്ന രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. തിരുവനന്തപുരത്ത് അനധികൃത ബോര്‍ഡുകള്‍ വെച്ചതിന്‍റെ പിഴ ഈടാക്കിയോ എന്ന് ചോദിച്ച കോടതി എഫ്ഐആര്‍ ഹാജരാക്കാനും നിര്‍ദേശിച്ചു

കൊച്ചി: സംസ്ഥാനത്ത് അനധികൃത ഫ്ലക്സ് ബോര്‍ഡുകളും കൊടിതോരണങ്ങളും വ്യാപകമായെന്ന രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. എല്ലാ പാര്‍ട്ടികളും ഇത് ചെയ്യുന്നുണ്ടെന്നും എല്ലായിടത്തും പ്ലാസ്റ്റിക് ബോര്‍ഡുകളും കൊടികളും നിറഞ്ഞിരിക്കുകയാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമര്‍ശിച്ചു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്‍റെ ഭാഗമായി തിരുവനന്തപുരത്ത് വ്യാപകമായി അനധികൃത ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചതിലും കോടതി വിമര്‍ശിച്ചു. തിരുവനന്തപുരത്ത് അനധികൃത ബോര്‍ഡുകള്‍ വെച്ചതിന്‍റെ പിഴ ഈടാക്കിയോ എന്ന് ചോദിച്ച കോടതി എഫ്ഐആര്‍ ഹാജരാക്കാനും നിര്‍ദേശിച്ചു.

 കൊച്ചിയിൽ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി വന്നതിന്‍റെ ഭാഗമാി കുറെ ബോര്‍ഡുകള്‍ വെച്ചതിനെയും കോടതി വിമര്ഞശിച്ചു. അതിന്‍റെ പേരിൽ കേസെടുത്തോയെന്നും ചോദിച്ചു. കേസെടുത്തെങ്കിൽ എഫ്ഐആര്‍ ഹാജരാക്കാനും നിര്‍ദേശിച്ചു. കൊച്ചിയിൽ 248 അനധികൃത ബോര്‍ഡുകള്‍ ഇന്ന് മാത്രം കണ്ടെത്തിയെന്ന് കോര്‍പ്പറേഷൻ കോടതിയെ അരിയിച്ചു. ഇത്രയധികം ബോര്‍ഡുകള്‍ നിറച്ചിട്ട് സ്വച്ഛ് ഭാരതും നവകേരളവും പറയാൻ വരരുതെന്നും കോടതി വിമര്‍ശിച്ചു. തദ്ദേശ സെക്രട്ടറിമാര്‍ക്ക് നടപടിയെടുക്കാൻ പേടിയാണെങ്കിൽ പണി അവസാനിപ്പിച്ച് പോകണം. കൊച്ചി നഗരത്തിൽ ഇന്ന് ബോര്‍ഡ് വെച്ചത് ആരാണെന്ന് ഹൈക്കോടതി ചോദിച്ചു. ഏത് ഏജന്‍സിയാണ് ഇതിന് പിന്നിലെന്ന് ചോദിച്ച കോടതി ഏജന്‍സിയെ കരിമ്പട്ടികയിൽ ഉള്‍പ്പെടുത്താൻ നിര്‍ദേശിച്ചു.

തിരുവനന്തപുരം കോർപറേഷനിൽ ബിജെപിക്ക്‌ പിഴയിട്ട ഉദ്യോഗസ്ഥക്ക് സ്ഥലം മാറ്റം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തെ തുടർന്ന് അനുമതിയില്ലാതെ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചതിന് തിരുവനന്തപുരം കോര്‍പ്പറേഷൻ റവന്യു ഓഫീസര്‍ പിഴയിട്ടിരുന്നു. ഇതിനുപിന്നാലെ ഇവരെ സ്ഥലംമാറ്റുകയും ചെയ്തു. കോര്‍പ്പറേഷൻ റവന്യു ഓഫീസറായിരുന്ന ജി ഷൈനിയെ റവന്യു വിഭാഗത്തി നിന്ന് മാറ്റുകയായിരുന്നു. അനുമതിയില്ലാതെ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചതിന് ബിജെപിക്ക് 20 ലക്ഷം രൂപ ഇവർ പിഴയിട്ടിരുന്നു. കൂടാതെ, കോർപ്പറേഷൻ പരാതിയിൽ ബിജെപി ജില്ലാ പ്രസിഡന്‍റ് കരമന ജയനെതിരെ പൊലീസ് കേസുമെടുത്തിരുന്നു. നടപ്പാത തടസപ്പെടുത്തി ഫ്ലക്സ് ബോർഡ് വെച്ചതിനാണ് പൊലീസ് കേസെടുത്തത്. പാളയം മുതൽ പുളിമൂട് ജംങ്ഷൻ വരെ പൊതുജനങ്ങളുടെ വഴി തടസപ്പെടുത്തിയെന്ന് പൊലീസ് പറയുന്നു. കേസെടുത്തതിന്‍റെ എഫ്ഐആര്‍ അടക്കം ഹാജരാക്കാനാണ് ഇപ്പോള്‍ ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

YouTube video player