
അരൂർ, ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമാണ്. തീരദേശ കേരളത്തിലെ ഏറ്റവും ശക്തമായ മത്സരം നടക്കുന്ന സീറ്റുകളിൽ ഒന്നാണ് ഇപ്പോൾ ഇത്. രാഷ്ട്രീയമായി അതീവ ജാഗ്രത പുലർത്തുന്നവരാണ് ഇവിടുത്തെ വോട്ടർമാർ. അടിസ്ഥാന സൗകര്യങ്ങൾക്കും ക്ഷേമപദ്ധതികളുടെ വിതരണത്തിനുമാണ് ഇവർ മുൻഗണന നൽകുന്നത്. ജനങ്ങളോടൊപ്പം നിൽക്കുന്നവരെ അവർ സ്വീകരിക്കുകയും അകലം പാലിക്കുന്നവരെ അതിവേഗം പരാജയപ്പെടുത്തുകയും ചെയ്ത ചരിത്രമാണ് മണ്ഡലത്തിനുള്ളത്. ഈഴവ സമുദായം മണ്ഡലത്തിലെ ഒരു പ്രധാന ശക്തിയാണ്. ലത്തീൻ കത്തോലിക്കർ ഉൾപ്പെടെയുള്ള ക്രൈസ്തവ വിഭാഗങ്ങൾക്ക് തീരദേശ മേഖലകളിൽ വലിയ സ്വാധീനമുണ്ട്. മുസ്ലിം വിഭാഗങ്ങൾ അർദ്ധനഗര വാർഡുകളിലാണ് കേന്ദ്രീകരിക്കുന്നത്.
അരൂർ, അരൂക്കുറ്റി, ചേന്നംപള്ളിപ്പുറം, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, പാണാവള്ളി, പെരുമ്പളം, തൈക്കാട്ടുശേരി, തുറവൂർ എന്നിങ്ങനെ 10 പഞ്ചായത്തുകൾ ചേർന്നതാണ് അരൂർ മണ്ഡലം. തദ്ദേശ തെരഞ്ഞെടുപ്പിൽ അരൂരും എഴുപുന്നയും മാത്രമാണ് യുഡിഎഫിന് പിടിച്ചെടുക്കാൻ കഴിഞ്ഞത്. കോടംതുരുത്ത്, കുത്തിയതോട്, തുറവൂർ, പാണാവള്ളി, തൈക്കാട്ടുശ്ശേരി, അരൂക്കുറ്റി, പെരുമ്പളം എന്നീ പഞ്ചായത്തുകൾ എൽഡിഎഫ് ഭരണ നേതൃത്വത്തിലാണ്.
അരൂർ നിയോജക മണ്ഡലത്തിൽ വൻ വികസന പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഉയരപ്പാത നിർമാണം നിയോജകമണ്ഡലത്തിലെ അരൂർ മുതൽ തുറവൂർ വരെ പുരോഗതി പ്രാപിക്കുന്നുണ്ട്. വേമ്പനാട്ട് കായലിൽ പെരുമ്പളത്തേക്ക് നീളുന്ന കേരളത്തിലെ ഏറ്റവും നീളം കൂടിയ പാലം. ഒരുകാലത്ത് ചതുപ്പുനിറഞ്ഞു കിടന്ന അരൂർ ഇപ്പോൾ ജില്ലയുടെ വ്യവസായ തലസ്ഥാനമായാണ് അറിയപ്പെടുന്നത്.
ഇടതുപക്ഷത്തെയാണ് മണ്ഡലം ഏറ്റവും കൂടുതൽ തവണ പിന്തുണച്ചത്. സിപിഎം സ്ഥാനാർഥിയായി 1965 മുതൽ 91 വരെ അരൂരിൽ മത്സരിച്ച ഗൗരിയമ്മക്ക്, 1977ൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സഖ്യത്തോടൊപ്പം മത്സരിച്ച സിപിഐ നേതാവ് പിഎസ് ശ്രീനിവാസനിൽനിന്ന് മാത്രമേ പരാജയം നേരിടേണ്ടി വന്നിട്ടുള്ളൂ. 1996ൽ ജെഎസ്എസ് രൂപവത്കരിച്ച് യുഡിഎഫിന്റെ ഭാഗമായി മത്സര രംഗത്തെത്തിയ ഗൗരിയമ്മ 2001ലും അരൂരിന്റെ എംഎൽഎയായി തുടർന്നു. 2006ലാണ് മണ്ഡലത്തിൽ ഗൗരിയമ്മയുടെ കുത്തക പൊളിക്കുന്നത്. 4,753 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സിപിഎം നേതാവ് എഎം ആരിഫ്, ഗൗരിയമ്മയെ പരാജയപ്പെടുത്തിയത്. 2016ൽ ആരിഫിനെതിരെ മുൻ ഡിസിസി പ്രസിഡന്റ് സിആർ ജയപ്രകാശിനെയാണ് യുഡിഎഫ് കളത്തിലിറക്കിയത്.
ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള എംപിയായി സിറ്റിംഗ് എംഎൽഎ എഎം ആരിഫ് തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന്, 2019-ൽ അരൂർ നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടന്നു. 2019ലെ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് മണ്ഡലം പിടിച്ചു. ലോക്സഭയിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ പരാജയം നേരിട്ടെങ്കിലും ഷാനിമോൾ ഉസ്മാനു മുൻതൂക്കം ലഭിച്ച നിയമസഭ മണ്ഡലമാണ് അരൂർ. സിപിഎമ്മിൻ്റെ മനു സിപുളിക്കലിനെ 2,079 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി ഷാനിമോൾ ഉസ്മാൻ നിയമസഭയിൽ എത്തി. എന്നാൽ 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ദലീമയിലൂടെ എൽഡിഎഫ് മണ്ഡലം തിരിച്ചുപിടിച്ചു.
എൽഡിഎഫിനുവേണ്ടി സിറ്റിംഗ് എംഎൽഎ ദലീമയും യുഡിഎഫിനുവേണ്ടി ഷാനിമോൾ ഉസ്മാനും തന്നെയാണ് ഇപ്രാവശ്യവും മത്സരത്തിനിറങ്ങുന്നത്. അഡ്വ. പിഎസ് ജ്യോതിസ് ആണ് ബിഡിജെഎസ് സ്ഥാനാർഥി. അരൂർ നിയോജക മണ്ഡലത്തിൽ വികസന പ്രവർത്തനങ്ങൾ നടക്കുന്നതെങ്കിലും നിലവിലുള്ള എംഎൽഎയുടെ നേട്ടമാണെന്ന് വിലയിരുത്താൻ എൽഡിഎഫിനും കഴിയില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് പ്രചരണത്തിനിറങ്ങുന്നത്. കോടികളുടെ നിർമാണ അവശിഷ്ടങ്ങൾ എൽഡിഎഫിന് നാണക്കേടായി അരൂർ മണ്ഡലത്തിൽ പലയിടങ്ങളിലായി അവശേഷിക്കുന്നുണ്ടെന്നും യുഡിഎഫ് ആരോപിക്കുന്നുണ്ട്. അഞ്ചു വർഷത്തിനിടെ കൃഷിവികസനത്തിന് ചെറുവിരൽ അനക്കാൻ പോലും എംഎൽഎയ്ക്ക് കഴിഞ്ഞില്ല. 51 കോടി ചെലവിൽ തുറവൂരിൽ ആശുപത്രിയുടെ കെട്ടിടം ഉയരുമ്പോഴും എല്ലാ സൗകര്യങ്ങളും ആശുപത്രിയിൽ സഫലമാകുന്നതിന് എത്രനാൾ കാത്തിരിക്കേണ്ടിവരും എന്ന ചോദ്യം അവശേഷിക്കുകയാണെന്നും കോൺഗ്രസ് ഉന്നയിക്കുന്നുണ്ട്. മണ്ഡലത്തിലും കേരളത്തിലും ഇടതുപക്ഷം കൊണ്ടുവന്ന വികസനങ്ങൾ ചൂണ്ടിക്കാട്ടിയാമണ് മണ്ഡലത്തിൽ ഇടതുപക്ഷം വോട്ട് ചോദിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam