
തിരുവല്ല: മഴക്കെടുതി ദുരിതാശ്വാസ ക്യാമ്പിലുള്ള സ്ത്രീകള്‍ക്കായി അടിവസ്ത്രം വേണമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട പൊതുപ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല നഗരസഭാ വനിതാ കൗണ്‍സിലറുടെ പരാതിയിലാണ് അറസ്റ്റ്. ക്യാമ്പിലെ സ്ത്രീകളെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ പൊതുപ്രവര്‍ത്തകനും ദലിത് ആക്ടിവിസ്റ്റുമായ രഘു ഇരവിപേരൂരിനെയാണ് തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ പ്രളയകാലത്ത് ദുരിതാശ്വാസ പ്രവര്‍ത്തന സമയത്ത് പരിചയമുള്ള കൗണ്‍സിലറാണ് പരാതി നല്‍കിയതെന്ന് രഘു ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. ക്യാമ്പിലേക്ക് ഭാര്യയും താനുമായി പോയിരുന്നു. ക്യാമ്പിലുള്ള സ്ത്രീകള്‍ക്ക് അടിവസ്ത്രങ്ങള്‍ വേണമെന്ന് ഭാര്യയുടെ സുഹൃത്താണ് പറഞ്ഞത്. ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു തന്‍റെ പോസ്റ്റെന്നും രഘു വ്യക്തമാക്കി. എന്നാല്‍ രഘുവിന്‍റെ പോസ്റ്റ് ക്യാമ്പിലുള്ള സ്ത്രീകളുടെ അന്തസ്സിന് കോട്ടം തട്ടുന്നതാണെന്നാണ് പരാതിയിലെ ആരോപണം. ഇന്നലെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്ത ഇയാളെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന് പിന്നില്‍ ദുരുദ്ദേശപരമായ ഒന്നുമുണ്ടായിരുന്നില്ലെന്നും പോസ്റ്റില്‍ സ്ത്രീകളുടെ അന്തസ്സിനെ അപമാനിക്കാന്‍ എന്താണ് ചെയ്തതെന്ന് അറിയില്ലെന്നും രഘു വ്യക്തമാക്കി. കേസിന്‍റെ പിന്നാലെ തല്‍ക്കാലം പോകാനില്ലെന്നും തന്‍റെ സേവനം ആവശ്യമുള്ള നിരവധിപ്പേരുണ്ട്, അവര്‍ക്ക് ആവുന്ന സഹായമെത്തിച്ച ശേഷം കേസിന്‍റെ തുടര്‍നടപടികള്‍ നോക്കുമെന്നും രഘു പറഞ്ഞു.
ഇത്തരമൊരു ആരോപണം ഉന്നയിക്കാന്‍ വനിതാ കൗണ്‍സിലറെ പ്രേരിപ്പിച്ചത് എന്താണ് എന്ന് അറിയില്ല. അവര്‍ ഏത് പാര്‍ട്ടിയാണെന്ന് പോലും തനിക്ക് അറിയില്ലെന്നും രഘു കൂട്ടിച്ചേര്‍ത്തു. റൈറ്റ്സ് എന്ന സംഘടനയുടെ ഭാഗമായി തിരുവല്ല കേന്ദ്രീകരിച്ച് ദലിത് ആദിവാസി മേഖലകളിലെ പ്രവര്‍ത്തനങ്ങളില്‍ വളരെ സജീവമായ രഘു ഇരവിപേരൂരിനെതിരെയുള്ള പരാതിക്ക് പിന്നില്‍ ഗൂഡനീക്കമുണ്ടെന്നാണ് സാമൂഹ്യപ്രവര്‍ത്തകര്‍ പറയുന്നത്. അതേസമയം സ്ത്രീകളെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയിലാണ് രഘുവിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam