
തിരുവനന്തപുരം: ദളിത് ചിന്തകന്‍ കെ കെ കൊച്ചിന്‍റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അനുശോചനം രേഖപ്പെടുത്തി. ദളിത് - കീഴാള ജീവിതങ്ങളെ അടയാളപ്പെടുത്താനും അവരുടെ അവകാശങ്ങൾ നേടാനും ജീവിതാന്ത്യം വരെ പോരാടിയ വിപ്ലവകാരിയായിരുന്നു കെ കെ കൊച്ച് എന്ന് അദ്ദേഹം പറഞ്ഞു.
'ചിന്തകൻ, എഴുത്തുകാരൻ, സാമൂഹിക പ്രവർത്തകൻ അങ്ങനെ പല മേഖലകളിൽ കെ കെ കൊച്ചിനെ അടയാളപ്പെടുത്താം. ഒരു ജനവിഭാഗത്തിന്‍റെ അവകാശ സംരക്ഷണത്തിന് വേണ്ടി പോരാടിയ മനുഷ്യൻ എന്ന നിലയിൽ കെ കെ കൊച്ചിന്‍റെ സേവനങ്ങളെ അങ്ങേയറ്റം വില മതിക്കുന്നു. ദളിതൻ എന്ന കൊച്ചിന്‍റെ ആത്മകഥ നമ്മൾ ഒരു പഠന വിഷയം ആക്കേണ്ടതാണ്. എനിക്ക് വളരെ അടുത്ത വ്യക്തി ബന്ധം ഉണ്ടായിരുന്ന ആളാണ് കെ കെ കൊച്ച്. എന്‍റെ നിലപാടുകളേയും രാഷ്ട്രീയത്തേയും സ്വാധീനിച്ചവരിൽ ഒരാൾ. സഹോദര തുല്യനായ ഒരാളുടെ വേർപാടുപോലെ കെ കെ കൊച്ചിന്‍റെ വിയോഗം എന്നെ ഉലയ്ക്കുന്നു. സഹപ്രവർത്തകരുടേയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നു' എന്ന് വി ഡി സതീശന്‍ പറഞ്ഞു.
കേരളീയ പൊതുസമൂഹത്തില്‍ ദലിത്, കീഴാള വിഭാഗങ്ങളുടെ ഉന്നമനത്തിനും ബൗദ്ധിക ശാക്തീകരണത്തിനുമായി ജീവിതം ഉഴിഞ്ഞുവെച്ച് പോരാടിയ ചിന്തകനും എഴുത്തുകാരനും സാമൂഹ്യപ്രവര്‍ത്തകനുമായിരുന്നു കെ കെ കൊച്ച് (76). കേരളത്തിലെ ദലിത് പോരാട്ടങ്ങള്‍ക്ക് രാഷ്ട്രീയമായ ഉള്‍ക്കാഴ്ച നല്‍കുകയും തെരുവിലും ആള്‍ക്കൂട്ടങ്ങളിലും ബൗദ്ധിക-സൈദ്ധാന്തിക-സാംസ്‌കാരിക മേഖലകളിലും സോഷ്യല്‍ മീഡിയയിലുമടക്കം പലതരം സമരമുഖങ്ങള്‍ തുറക്കുകയും നിരന്തര ഇടപെടലുകള്‍ നടത്തുകയും ചെയ്ത കെ കെ കൊച്ച് ഏറെ നാളായി കാന്‍സര്‍ രോഗത്തെതുടര്‍ന്ന് ചികില്‍സയിലായിരുന്നു. പാലിയേറ്റീവ് ചികിത്സക്കിടയിലാണ് വിടപറഞ്ഞത്.
നാളെ 11 മണി മുതൽ കടുത്തുരുത്തി കമ്മ്യൂണിറ്റി ഹാളിൽ പൊതുദർശനത്തിന് വെക്കും. ഉച്ചക്ക് 2 മണിക്ക് കടുത്തുരുത്തിയിലെ വീട്ടിൽ സംസ്‍കാരം നടക്കും.
Read More:ദലിത് ചിന്തകനും എഴുത്തുകാരനുമായ കെ.കെ കൊച്ച് അന്തരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം